ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല; വിമർശനവുമായി സിപിഐ എക്സിക്യുട്ടീവ് യോഗം

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന വിമർശനവുമായി സിപിഐ എക്സിക്യുട്ടീവ് യോഗം. ലോകായുക്ത ഓർഡിനൻസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെ എക്സിക്യുട്ടീവ് പിന്തുണച്ചു. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നും എക്സിക്യുട്ടീവിൽ ആവശ്യമുയർന്നിരുന്നു.

ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള പാർട്ടിയുടെ നിലപാട് കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ലെന്നും രാഷ്ട്രീയ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമഭേദഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ഇടപെടുന്നതിൽ പാർട്ടി മന്ത്രിമാർക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോൾ അത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടവരും എന്ന വിമർശനം ശക്തമാണ്. അതിനാൽ നിയമ ഭേദഗതി പിൻവലിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, സർക്കാരിന് അപ്പീൽ പോകാമെന്ന ഭാഗമാണ് ഓർഡിനൻസിൽ ഭേദഗതിയായി ഉൾപ്പെടുത്തേണ്ടതെന്നും എക്‌സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.