തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പല ദിവസങ്ങളിലും കോവിഡ് രോഗികളുടെ അരലക്ഷത്തിന് മുകളിലാണ്. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ആണ് കൂടുതൽ പേരിലേക്കും വ്യാപിക്കുന്നത്. ഒമിക്രോണിന് രോഗവ്യാപന തോത് വളരെ കൂടുതലാണ്. എന്നാൽ രോഗതീവ്രതയുടെ കാര്യത്തിൽ ഒമിക്രോൺ ഡെൽറ്റയുടേത് പോലെ അപകടകാരിയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒമിക്രോൺ ബാധയുണ്ടായാൽ മിക്കവരിലും ചില ലക്ഷണങ്ങളിലൂടെ ഇതിനെ മനസിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് എങ്ങനെയെല്ലാമെന്ന് നോക്കാം. ‘പനി, ചുമ, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പൊതുവിൽ കൊവിഡ് ലക്ഷണങ്ങളായി വരാറ്. എന്നാൽ ഒമിക്രോണിൽ തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, തളർച്ച, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും പ്രകടമാകുകയെന്ന് യുകെയിലെ ‘സൂ സിംപ്ടംസ് സ്റ്റഡി ആപ്പ്’ മേധാവി പ്രൊഫസർ ടിം സ്പെക്ടർ അറിയിച്ചു.
ഛർദ്ദി, വിശപ്പില്ലായ്മ, വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾ, കാര്യമായ മുടി കൊഴിച്ചിൽ, കൈവിരലുകളിലോ കാൽവിരലുകളിലോ അസാധാരണമായ പാടുകളോ കുരുവോ വരുന്നത് ഇവയെല്ലാം ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

