കെ-റെയിൽ ഡിപിആർ ദുർബലമല്ല; വിശദീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെ-റെയിൽ ഡിപിആർ ദുർബലമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ കൂടുതൽ വിശദീകരണം കേന്ദ്രം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ-റെയിലിന് സ്ഥലമേറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാർ അറിഞ്ഞതാണ്. പാർലമെന്റിൽ റെയിൽവെ മന്ത്രാലയം നൽകിയ മറുപടിയിൽ കാര്യമായൊന്നുമില്ലെന്നും കെ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

കേരളം നൽകിയ ഡിപിആർ അപൂർണമാമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ ബാലഗോപാലിന്റെ പ്രതികരണം.

കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കെ റെയിലിന്റെ ഡിപിആറിൽ ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഇല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഏറ്റെടുക്കേണ്ട റെയിൽവേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.