ന്യൂഡൽഹി: ഗാൽവാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. ഏറ്റുമുട്ടലിൽ 42 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിരുന്നെന്നും ഇതിൽ 38 പേർ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട് പിന്തിരിഞ്ഞോടുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണമടയുകയായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയൻ പത്രമായ ‘ദ ക്‌ളാക്‌സന്റെ’ എഡിറ്റർ ആന്തണി ക്‌ളാൻ ഒരു ദേശീയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതിർത്തിയിൽ പ്രശ്‌നം ആരംഭിച്ചത് ചൈനയായിരുന്നു. ഇന്ത്യൻ സൈന്യം കേണൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചക്ക് വേണ്ടി വന്നതായിരുവെന്നും ക്‌ളാക്‌സന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാൽവാൻ താഴ്വരയിൽ ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് ചൈന ടെന്റുകൾ നിർമിച്ചെന്നും അത് നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള സമാധാന ചർച്ചക്ക് എത്തിയ ഇന്ത്യൻ സേനയെ കേണൽ ഴി ഫാബിയോയുടെ നേതൃത്വത്തിലുള്ള ചൈനീസ് സൈന്യം ആക്രമിക്കുകയായിരുന്നെന്നുമാണ് ക്‌ളാക്‌സൻ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചൈനീസ് അക്കൗണ്ടുകളെ ആധാരമാക്കിയാണ് ക്‌ളാക്‌സൻ ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ പിന്നീട് ഈ അക്കൗണ്ടുകൾ അപ്പാടെ ഡിലീറ്റ് ആയി പോയി. ചൈനീസ് സർക്കാരാണ് ഇതിന് പിന്നിലെന്നും ക്‌ളാൻ ആരോപിച്ചു.
ചർച്ചയ്ക്ക് വേണ്ടി എത്തിയ ഇന്ത്യൻ സേനയെ കണ്ട നിമിഷം തന്നെ ഴി ഫാബിയോ തന്റെ സൈനികർക്ക് യുദ്ധത്തിനുള്ള നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്നും ഓസ്‌ട്രേലിയൻ പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ചൈനീസ് സംഘം നദിയ്ക്ക് കുറുക്കെ പിന്തിരിഞ്ഞോടി. ഇതിനിടെയാണ് കുത്തൊഴുക്കിൽപ്പെട്ട് 38 സൈനികർ കൊല്ലപ്പെട്ടതെന്നും പത്രത്തിൽ വിശദമാക്കിയിരുന്നു.
2020 മേയ് ആദ്യമാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യവും പീപ്പിൾ ലിബറേഷൻസ് ഓഫ് ആർമിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഇരുപതോളം ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

