Highlights (Page 139)

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകൾക്കും പി.പി.ഇ. കിറ്റ്, എൻ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. ആർടിപിസിആർ 300 രൂപ, ആന്റിജൻ 100 രൂപ, എക്സ്പെർട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആർടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ചാർജുകളും ഉൾപ്പെടെയുള്ള നിരക്കാണിത്.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എൽ. സൈസിന് 154 രൂപയും ഡബിൾ എക്സ്.എൽ. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എൽ., ഡബിൾ എക്സ്.എൽ. സൈസിന് ഉയർന്ന തുക 175 രൂപയാണ്. എൻ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയർന്ന തുക 15 രൂപയുമാണ്. അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ആർടിപിസിആർ 500 രൂപ, ആന്റിജൻ 300 രൂപ, എക്സ്പെർട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആർടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

ന്യൂഡൽഹി: ഇന്ത്യൻ സൈനിക വിഭാഗത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ചിനാർ കോർപ്‌സിന്റെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയിൽ അധികമായെങ്കിലും ഇതിന് വ്യക്തമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്‌സ്. ഇന്ത്യൻ സൈന്യത്തെയും കശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിക്കുന്ന തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് ചിനാർ കോർപ്‌സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുടങ്ങിയത്. ഈ അക്കൗണ്ടുകളിലൂടെ ചിനാർ കോർപ്‌സ് ജനങ്ങളെ ശരിയായ വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്.

ഫേസ്ബുക്ക് പോളിസികൾക്കെതിരായുള്ള പോസ്റ്റുകൾ വരുമ്പോഴോ അതല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമാണ് സാധാരണയായി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കുന്നത്. എന്നാൽ ചിനാർ കോർപ്‌സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ഒരാഴ്ചയായിട്ടും വ്യക്തമായ മറുപടി നൽകാൻ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും കമ്പനിയായ മെറ്റാ തയ്യാറായിട്ടില്ല.

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അതേസമയം, ജില്ലാടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരും. സ്‌കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഫെബ്രുവരി 28 മുതല്‍ രാവിലെ തൊട്ട് വൈകുന്നേരം വരെയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി.

ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായേക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും. പോസ്റ്റ് കൊവിഡ് രജിസ്ട്രി ആരംഭിക്കുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

ആശുപത്രികളില്‍ കൊവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയത്തിന് എത്താത്തത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വീണ്ടും നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 13 ലോകനേതാക്കളുടെ പട്ടികയില്‍ 72 ശതമാനം പിന്തുണ നേടിയാണ് മോദി വീണ്ടും ഒന്നാമനായത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്തള്ളിയാണ് പ്രധാനമന്ത്രിയുടെ ഈ നേട്ടം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 41% എട്ടാം സ്ഥാനത്തും, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ഒമ്പതാം റാങ്കിലുമാണ്.

മെക്‌സിക്കോ പ്രസിഡന്റ് ഒബ്രഡോര്‍ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42% എന്നിങ്ങനെയാണ് മറ്റ് നേതാക്കളുടെ റേറ്റിംഗ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നീ നാല് ലോക നേതാക്കള്‍ക്ക് 41 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ട്.

നടൻ മമ്മൂട്ടിയെ സന്ദർശിച്ച് തമിഴ് താരം മാധവൻ. ദുബായിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ദുബായ് എക്സ്പോ 2020 ൽ പങ്കെടുക്കാൻ വേണ്ടിയാണ് മമ്മൂട്ടി ദുബായിയിലെത്തിയത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മമ്മൂട്ടിക്കും മാധവനും പുറമെ പ്രജേഷ് സെന്നും നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭത്തിലെ സഹ സംവിധായകനാണ് പ്രജേഷ് സെൻ. ‘റോക്കട്രി ദ നമ്പി ഇഫക്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം.

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നിൽ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ പകൽ സമയം 15 മുതൽ 20 ഡോക്ടർമാരേയും രാത്രികാലങ്ങളിൽ നാലു ഡോക്ടർമാരേയും നിയമിച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികൾ കൂടുകയാണെങ്കിൽ അതനുസരിച്ച് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഗൃഹ പരിചരണത്തിൽ ഇരിക്കുമ്പോൾ അപായ സൂചനകൾ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആപത്താണ്. ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, സംസാരിക്കാൻ പ്രയാസം, കാലിൽ നീര്, അബോധാവസ്ഥ, ഓർമ്മ ക്കുറവ്, അമിത ക്ഷീണം, ഉണർന്നെഴുന്നേൽക്കാൻ പ്രയാസം തുടങ്ങിയവയാണ് അപായ സൂചനകൾ. പലർക്കും അപായ സൂചനകളെ പറ്റി സംശയമുണ്ടാകാം. അന്നേരം രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ രോഗിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് മറ്റൊരാൾക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാവുന്നതാണ്. ഇതുവരെ മൂന്നര ലക്ഷത്തോളം പേർക്കാണ് ഇ സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഒരുദിവസം ശരാശരി 1000മുതൽ 1500 പേർക്കാണ് സേവനം നൽകിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ജനറൽ ഒപിയിൽ ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. 6 മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാൻ ഇ സഞ്ജീവനിയിൽ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
1 ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
2 തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
3 വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.
4 ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിവരങ്ങൾ വിശദമായി പഠിക്കാൻ വേണ്ടി സർക്കാർ നിയമക്കമ്മിഷനെ ചുമതലപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ ഉചിതമായ ശുപാർശ നൽകാൻ കേന്ദ്രം 21-ാം നിയമക്കമ്മിഷന് നിർദേശം നല്കിയിരുന്നു. എന്നാൽ 21-ാം കമ്മിഷന്റെ കാലാവധി 2018 ആഗസ്ത് 31ന് അവസാനിച്ചു. അതിനാൽ 22-ാം ലോ കമ്മിഷനാകും വിഷയം പഠിക്കുകയെന്നാണ് കിരൺ റിജിജു വ്യക്തമാക്കിയത്. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്നും പാർലമെന്റ് അംഗങ്ങളിൽ നിന്നും കേന്ദ്രത്തിന് നിർദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും വിവിധ സമുദായങ്ങളെ നിയന്ത്രിക്കുന്ന വ്യക്തി നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമായതിനാലുമാണ് വിഷയം ലോ കമ്മിഷന് കൈമാറിയതെന്ന് അദ്ദേഹം വിശദമാക്കി.

ഭരണഘടനയുടെ 44-ാം അനുച്ഛേദം പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യമായി 21-ാം ലോ കമ്മിഷനെ സമീപിച്ചത് 2016 ജൂൺ മാസത്തിലാണ്.

2021 ലെ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. പുതുവർഷത്തിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14 നാണ് ഒടിയിൽ റിലീസ് ചെയ്തത്. ഹിന്ദി പതിപ്പ് ഒടിടിയിൽ എത്തിയിട്ടും ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച നേട്ടമാണ് കൊയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഹിന്ദി പതിപ്പിൻറെ ഒടിടി റിലീസിനു ശേഷം മൂന്നാഴ്ച്ചകളാണ് ഇപ്പോൾ പിന്നിട്ടിട്ടുള്ളത്. 17.66 കോടി രൂപയാണ് ഒടിടി റിലീസിനു ശേഷം ഫെബ്രുവരി 3 വരെയുള്ള 21 ദിവസങ്ങളിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എന്നല്ല, ഒരു ഒറിജിനൽ ഹിന്ദി ചിത്രത്തിനു പോലും പ്രതീക്ഷിക്കാനാവാത്ത നേട്ടമാണ് പുഷ്പ നേടിയിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒടിടി റിലീസിനു ശേഷമുള്ള ആദ്യ വാരം 7.08 കോടിയും രണ്ടാംവാരം 6.17 കോടിയും മൂന്നാംവാരം 4.41 കോടിയും ചിത്രം സ്വന്തമാക്കി. 100.85 കോടി രൂപ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്നും നേടിയെന്നും റിപ്പോർട്ടുകളുണ്ട്.

സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പർ സ്റ്റാർ ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ജഗപതി ബാബു, പ്രകാശ് രാജ്, ധനൻജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണില കിഷോർ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജ്ജുൻ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും മുട്ടംസെട്ടിയുടെ ബാനറിൽ വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.

കോഴിക്കോട്: തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇനി രണ്ടു മണിക്കൂർ സമയം ലാഭിച്ച് യാത്ര ചെയ്യാം. ഇതിനായി ബൈപാസുകളിലൂടെ മാത്രം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്ന കെഎസ്ആർടിസി ബൈപാസ് റൈഡറുകൾ സജ്ജമാക്കുകയാണ് കെഎസ്ആർടിസി. ഓരോ മണിക്കൂർ ഇടവിട്ട് കോട്ടയം, എറണാകുളം റൂട്ടിൽ ഈ ബസുകൾ സർവ്വീസ് നടത്തും. 48 സർവീസുകളാണ് ഇതിനായി ഒരുക്കുന്നത്. ഈ മാസാവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രധാന റോഡുകളിലൂടെ ബസുകൾ നിശ്ചിത സമയത്ത് ഓടിയെത്തുന്നതിന് പ്രധാന തടസ്സം ഗതാഗതക്കുരുക്കാണ്. തിരക്കൊഴിഞ്ഞ ബൈപാസുകളിലൂടെ യാത്രചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. റൈഡർ സർവ്വീസിനായി സൂപ്പർഫാസ്റ്റ്, സൂപ്പർ ഡീലക്‌സ് ബസുകളാകും തെരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടി പുതിയ കോടതി ജങ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ ആരംഭിക്കുന്നത്.

കെഎസ്ആർടിസിയുടെ പഴയ ബസുകളാണ് ഫീഡർ സ്റ്റേഷനുകളായി മാറ്റുക. പ്രധാന നഗരങ്ങളിൽ നിന്നും കെഎസ്ആർടിസി സ്റ്റേഷനുകളിൽ നിന്നും ഇവിടേക്ക് ഫീഡർ സർവീസുകളും ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഫീഡർ സർവീസിൽ യാത്ര സൗജന്യമായി ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ബൈപാസ് റൈഡർ ബുക്ക് ചെയ്യുന്ന മലയോര ജില്ലകളിലുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ബൈപാസ് റൈഡർ ബുക്ക് ചെയ്യുന്നതിന് അനുസൃതമായ സമയങ്ങളിൽ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കുള്ള ടിക്കറ്റ് ഒരുമിച്ചെടുക്കുകയും ചെയ്യാം. യാത്രാ ചെലവ് കുറയുമെന്നതാണ് സർവ്വീസിന്റെ മറ്റൊരു പ്രധാന ആകർഷകണം.

ഹൈദരാബാദ്: സാമൂഹിക പരിഷ്‌കർത്താവും പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തസന്യാസിയുമായ ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമാനുജാചാര്യരുടെ പ്രതിമ അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണെന്ന് പ്രധാവമന്ത്രി പറഞ്ഞു. അദ്ദേഹം ഉദ്ഘോഷിച്ചത് എന്താണോ അത് ലോകത്തെ നയിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിലാണ് ശ്രീ രാമാനുജാചാരിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 216 അടിയാണ് പ്രതിമയുടെ ഉയരം. പഞ്ചലോഹം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ പ്രതിമ ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണ്. ‘ഭദ്ര വേദി’ എന്ന് പേരിലുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 54 അടി ഉയരമാണ് ഈ കെട്ടിടത്തിനുള്ളിലുള്ളത്. ഡിജിറ്റൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ശ്രീരാമാനുജാചാര്യരുടെ കൃതികളും തത്ത്വചിന്തകളും വിവരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയും ഒരു തിയേറ്ററും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

അതേസമയം ബസന്ത് പഞ്ചമി ദിനത്തിലാണ് രാമാനുജാചാര്യരുടെ പ്രതിമ സമർപ്പിച്ചതെന്ന് പ്രധാനമന്ത്രി വിശദമാക്കി. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ഈ പ്രതിമ. രാമാനുജാചാര്യർ വർഷങ്ങളോളം യാത്ര ചെയ്തും പഠിച്ചും നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 ലാണ് പ്രതിമയ്ക്ക് തറക്കല്ലിട്ടത്. 1,000 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചത് ആഗോളതലത്തിൽ ഭക്തരിൽ നിന്നും ലഭിച്ച സംഭാവനകളിൽ നിന്നാണ്.