മലയാളി പാതിവഴിയില്‍; കേരള-ബംഗളൂരു ദേശീയ പാത 948ല്‍ രാത്രിയാത്രക്ക് വിലക്ക്‌

ബംഗളൂരു: കോയമ്പത്തൂര്‍-ബംഗളൂരു ദേശീയപാത 948ല്‍ വ്യാഴാഴ്ച മുതല്‍ രാത്രിയാത്ര നിരോധനം. സ്വകാര്യ വാഹനങ്ങളില്‍ ബംഗളൂരു യാത്രയ്ക്കായി മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ദേശീയപാതയാണിത്. സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളിലൂടെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണു നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മലയാളിക്ക് ബംഗളൂരുവിലേക്കുള്ള ഒരു വാതില്‍കൂടി അടയുകയാണ്.

ചരക്കു വാഹനങ്ങള്‍ക്കു രാത്രി മുഴുവനും ചെറുവാഹനങ്ങള്‍ക്കു രാത്രി 9 മുതല്‍ രാവിലെ 6 വരെയുമാണ് നിരോധനം. ഇതു സംബന്ധിച്ച് ഈറോഡ് കലക്ടറുടെ 2019ലെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ബസുകള്‍ കോയമ്പത്തൂര്‍- സേലം- കൃഷ്ണഗിരി വഴിയാണ് നിലവില്‍ കടന്നു പോകുന്നത്. കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഈവഴി ചുറ്റിവളഞ്ഞു പോകേണ്ടി വരും. നിലവില്‍ ബന്ദിപ്പൂര്‍ വഴിയുള്ള കോഴിക്കോട്‌മൈസുരൂ ദേശീയപാത, ഊട്ടി-മേട്ടുപ്പാളയം-ഗൂഡല്ലൂര്‍, മൈസൂരു -മാനന്തവാടി റോഡുകളിലും രാത്രിയാത്ര വിലക്കുണ്ട്.