ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് കോടികളുടെ വായ്പാ തട്ടിപ്പ്. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്‌യാർഡ് കമ്പനിയുടെ ഡയറക്ടർമാരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരെയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.
22,842 കോടി രൂപയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് ഇവർ തട്ടിയെടുത്തത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയവരും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. 2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ് ഡയറക്ടർമാരുമായി ഒത്തു ചേർന്ന് വായ്പയായി ലഭിച്ച കോടിക്കണക്കിന് രൂപ വകമാറ്റിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2019 നവംബർ എട്ടിന് എസ്ബിഐയാണ് ആദ്യം പരാതി നൽകിയത്.
പിന്നീട് 2020 ഓഗസ്റ്റിൽ സി.ബി.ഐ കൂടുതൽ വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് എസ്ബിഐ പരാതി പുതുക്കി നൽകിയിരുന്നു. 2022 ഫെബ്രുവരി ഏഴിനാണ് സി.ബി.ഐ എബിജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2468.51 കോടിയാണ് സിബിഐ എബിജിക്ക് വായ്പയായി നൽകിയത്. ഐസിഐസിഐ ബാങ്ക് 7,089 കോടി രൂപയും ഐഡിബിഐ ബാങ്ക് 3,634 കോടിയും ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും, പഞ്ചാബ് നാഷണൽ ബാങ്ക് 1,244 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് 1228 കോടി രൂപയുമാണ് വായ്പയായി നൽകിയതെന്നാണ് കണ്ടെത്തൽ.

