പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകും; രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെയാണ് പ്രധാനമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. വാർത്താ ഏജൻസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

ചോദ്യങ്ങളിൽ വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളിൽ താൻ തന്നെ സംസാരിച്ചിട്ടുണ്ട്. പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചർച്ചയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ ആരേയും അക്രമിക്കുന്നില്ല. ചർച്ചകളും സംവാദങ്ങളും നടത്തുന്നതിലാണ് തങ്ങൾ വിശ്വസിക്കുന്നത്. ചില സമയത്ത് വാദപ്രതിവാദങ്ങളാകും. പാർലമെന്റിൽ ചില തടസ്സപ്പെടുത്തലുകൾ ഉണ്ടായേക്കും. ഈ വിഷയങ്ങളിലൊന്നും തനിക്ക് അസ്വസ്ഥയുണ്ടാകാൻ ഒരു കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാൻ വസ്തുതകൾ നൽകുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിൽ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചിട്ടുണ്ട്. സഭയിൽ ഇരിക്കാൻ തയ്യാറാകാത്ത, കേൾക്കാൻ തയ്യാറാകാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ മറുപടി പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞി. എന്നാൽ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങൾ സഭയിലെ തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.