Health (Page 36)

മഞ്ഞുകാലത്ത് ഓറഞ്ച് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങൾ നൽകും. വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള ഓറഞ്ച് പതിവായി കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കും.

ദഹനം മെച്ചപ്പെടുത്താൻ ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കും. ഓറഞ്ചിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ നിർജനീകരണം തടയാനും ഇത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനം ചെയ്യും. ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഫൈബറും പൊട്ടാസ്യവും ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിനും ഇത് വളരെ ഉത്തമമാണ്.

അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഓറഞ്ച് സഹായിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈറ്റോകെമിക്കൽസ്, വിറ്റാമിൻ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മുംബൈ: കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയൽ ആശുപത്രി. രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാർമസികളിൽ ഈ മരുന്ന് ഉടൻ ലഭിക്കും. ‘പ്രീവാൾ’ എന്നാണ് മരുന്നിന് പേരിട്ടിരിക്കുന്നത്.

കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിത്. ടാറ്റ മെമ്മോറിയൽ സെന്റർ അറിയിച്ചു. പൊടിരൂപത്തിലുള്ളതാണ് മരുന്ന്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായ, കൃത്യമായ ഡോസ് നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. സാധാരണമായി കാണുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഇതുപയോഗിക്കുക.

മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലും നവി മുംബൈയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസറും സംയുക്തമായി ബെംഗളൂരുവിലെ ഐ.ഡി.ആർ.എസ്. ലാബുമായി ചേർന്നാണ് വികസിപ്പിച്ചത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫാള്‍സ് സീലിംഗിന്റെ ഒരു ഭാഗം ഇളകി വീണ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. താത്ക്കാലിക സീലിംഗ് 2019-20 കാലഘട്ടത്തില്‍ ഹൗസിംഗ് ബോര്‍ഡാണ് ഉണ്ടാക്കിയത്. പുതിയ കെട്ടിടം ഇതിനോട് ചേര്‍ന്ന ഒപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക് പൊളിച്ച് മാറ്റി നിര്‍മ്മിക്കുകയാണ്. കെട്ടിടം പൊളിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള ലേല നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണത്തിന് വേണ്ടിയുള്ള കരാറും ഒപ്പിട്ടു.

തിരുവനന്തപുരം: 2024ൽ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാർട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളിൽ കൂടി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക വ്യാപിപ്പിക്കും. കാർസ്‌നെറ്റ് എഎംആർ ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷം കൂടുതൽ ആശുപത്രികളിൽ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരം 10 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളെയാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.

ആരോഗ്യ വകുപ്പ് ഈ വർഷം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസുമായി ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എഎംആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് എഎംആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവർത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുക, ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയർത്തുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ ആൻസി സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ നന്ദകുമാർ, പാലക്കാട് ഡിഎംഒ ഡോ വിദ്യ, ജില്ലാ എഎംആർ ഓഫീസർ ഡോ ഭാഗ്യനാഥ്, ഡോ ശിവപ്രസാദ് എന്നിവരാണ് എഎംആർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് സാധാരണയാണ്. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ അടുക്കളയിൽ തന്നെ ചില പൊടിക്കൈകളുണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാം.

ചുണ്ടിൽ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാൻ സഹായിക്കും. ഇത് ചുണ്ടു പൊട്ടുന്നത് തടയും. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാൻ നല്ലതാണ്.

തേൻ. ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ്. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാൻ തേൻ സഹായിക്കും. ഇതിനായി തേൻ നേരിട്ട് ചുണ്ടിൽ തേച്ച് മസാജ് ചെയ്യാം. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നതും വരൾച്ച അകറ്റും.

പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം ഇത് കഴുകി കളയണം. ഇതും ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ ഗുണം ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ ജറിയാട്രിക്‌സ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നത്. ഭാവിയിൽ എം.ഡി. ജറിയാട്രിക്‌സ് കോഴ്‌സ് ആരംഭിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ ആശുപത്രികളിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് രോഗികളെ മെഡിസിൻ വിഭാഗമാണ് ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്‌സ് ചികിത്സ ലഭ്യമാകുന്നത്. നിലവിൽ തീവ്രപരിചരണം സാധ്യമായ രണ്ട് വാർഡുകൾ, ഒപി വിഭാഗം, ഫിസിയോതെറാപ്പി, ക്ലാസ് റൂം എന്നിവയുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നാണ് ജറിയാട്രിക്‌സ് വിഭാഗത്തിന് അന്തിമ രൂപം നൽകിയത്. ജറിയാട്രിക്‌സ് വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ വയോജന ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്.

ആസ്ത്മ രോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്. ആസ്ത്മ രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. വാൾനട്ട്സ്

    ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് വാൾനട്ട്സ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും വാൾനട്ട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ രോഗത്തിന്റെ പ്രശ്നങ്ങൾ ലഘൂകരിക്കും. അതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
  2. മഞ്ഞൾ

    മഞ്ഞളിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും ഉള്ള കഴിവ് മഞ്ഞളിനുണ്ട്. ആസ്ത്മ പ്രശ്നങ്ങൾക്കും മഞ്ഞൾ പ്രതിവിധിയാണ്.
  3. ഇഞ്ചി

    ആസ്ത്മ പ്രശ്നം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് ഇഞ്ചി. മധുരമില്ലാത്ത ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് ആസ്ത്മ രോഗികൾക്ക് വളരെ നല്ലതാണ്.
  4. വെളുത്തുള്ളി

    ആസ്ത്മ സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കാൻ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലുള്ള ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.
  5. ഇലക്കറികൾ

    ആസ്ത്മാരോഗികൾ പതിവായി ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇലക്കറികളിലെ ആന്റിഓക്സിഡന്റ്, വൈറ്റമിനുകൾ എന്നിവയാണ് ഈ പ്രശ്നങ്ങൾ കുറയ്ക്കുന്നത്.
  6. ഗ്രീൻ ടീ

    ഗ്രീൻ ടീയ്ക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആസ്ത്മാ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഗ്രീൻ ടീയ്ക്ക് കഴിവുണ്ട്.
  7. പ്രോ ബയോട്ടിക്സ്

    പ്രോ ബയോട്ടിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. പ്രോ ബയോട്ടിക് ഗുണങ്ങൾ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണമാണ് യോഗർട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്‌സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക്ക് ആരംഭിച്ചതും എസ്.എ.ടി.യിലാണ്. ഭാവിയിൽ മെഡിക്കൽ ജനറ്റിക്‌സ് വിഭാഗത്തിൽ ഡി.എം. കോഴ്‌സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയിൽ നിരവധി വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കൽ ജനറ്റിക്‌സ്. ജനിതക രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കൽ ജനറ്റിക്‌സിന് പ്രധാന പങ്കുണ്ട്. ഗർഭാവസ്ഥയിൽ തന്നെ ജനിതക രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയിൽ നിലവിൽ ജനറ്റിക്‌സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നത്. ഇതിലൂടെ അപൂർവ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്‌സ് ഒപിയും വെള്ളിയാഴ്ച അപൂർവ രോഗങ്ങളുടെ സ്‌പെഷ്യൽ ഒപിയും പ്രവർത്തിക്കുന്നു. ബാക്കി ദിവസങ്ങളിൽ തുടർ ചികിത്സയാണ് ലഭ്യമാക്കുന്നത്.

ജനറ്റിക്‌സ് വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളിലുമുള്ള അപൂർവ ജനിതക രോഗങ്ങൾക്കും മികച്ച രീതിയിൽ ചികിത്സയും സേവനവും നൽകാനാകും. നിലവിൽ സിഡിസിയിലെ ജനറ്റിക്‌സ് ലാബിലാണ് ജനിതക പരിശോധനകൾ നടത്തുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനറ്റിക്‌സ് ലാബ് സജ്ജമാക്കി വരികയാണ്. ഇതോടെ കൂടുതൽ പരിശോധനകൾ വേഗത്തിൽ നടത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കും.

അപൂർവ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. സെന്റർ ഓഫ് എക്‌സലൻസ് പദ്ധതിയിലേക്കായി 190 അപേക്ഷകളാണ് ലഭിച്ചത്. അതിൽ സ്‌ക്രീൻ ചെയ്ത് എസ്.എം.എ. ബാധിച്ച 56 കുട്ടികൾക്ക് മരുന്ന് നൽകിയിട്ടുണ്ട്. അപൂർവ ജനിതക രോഗം ബാധിച്ച 7 കുട്ടികൾക്ക് വിലകൂടിയ മരുന്നുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബാർലി വെള്ളം. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. കൊളസ്ട്രോളിന്റെ നല്ല അളവ് നിലനിർത്താനും ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ദഹനം നടക്കാനും ഇത് ഉത്തമമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബാർലി വെള്ളം സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബാർലി വെള്ളം പ്രയോജനപ്രദമാണ്. ബാർലി വെള്ളം കുടിക്കുന്നതിലൂടെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയും. മലബന്ധം ദഹനസംബന്ധമായ മറ്റു പ്രശ്നങ്ങൾ എന്നിവ തടയാനും ബാർലി വെള്ളം ഗുണം ചെയ്യും.

രോഗപ്രതിരോധശേഷി ഉയർത്താനും ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാർലി വെള്ളത്തിലെ ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ബാർലി വെള്ളം കുടിക്കുന്നതിലൂടെ വിശപ്പ് അകലുകയും ചെയ്യും.

വളരെയേറെ ആരോഗ്യഗുണമുള്ള ഒരു ഫലവർഗ്ഗമാണ് മാതളം. പതിവായി മാതളം കഴിച്ചാൽ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കും.

മാതളത്തിലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ബിപി നിയന്ത്രിക്കാനും ഇത് വളരെ ഫലപ്രദമാണ്. മാതളം സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയും. ധമനികളിൽ കൊഴുപ്പടിഞ്ഞ ബ്ലോക്ക് സൃഷ്ടിക്കുകയും അതുവഴി ഹൃദയം അപകടത്തിൽ ആകുകയും ചെയ്യുന്ന സാഹചര്യം പ്രതിരോധിക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്.

ക്യാൻസർ രോഗത്തെ ചെറുക്കാൻ മാതളം സഹായിക്കും എന്നാണ് പല ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും മാതളം സഹായിക്കും. ദഹനം പ്രശ്‌നങ്ങൾ പരിഹരിക്കാനും മാതളനാരങ്ങയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും മാതളത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തി രക്തചംക്രമണം മികച്ചതാക്കാനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിനും ചർമ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്.