Health (Page 35)

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് പോകുന്നത്. ഇതിനായി ശൈലി 2 ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ശൈലി 2 പദ്ധതിയ്ക്ക് അന്തിമ രൂപം നൽകി. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേൾവി പരിമിതി, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നഗര പ്രദേശങ്ങളിലെ സ്‌ക്രീനിംഗ് ഊർജിതമാക്കും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.

ഇതുവരെ ആകെ 1,53,25,530 പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ 18.14 ശതമാനം (27,80,639) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശാവർക്കർമാർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയവരിൽ രോഗസാധ്യത കൂടുതലുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌ക്രീനിംഗിലൂടെ രക്താതിമർദം സംശയിച്ച 20,51,305 പേരിൽ നടത്തിയ പരിശോധനയിൽ 6,26,530 (31 ശതമാനം) പേർക്ക് പുതുതായി രക്താതിമർദവും സ്‌ക്രീനിംഗിലൂടെ പ്രമേഹം സംശയിച്ച 20,45,507 പേരിൽ നടത്തിയ പരിശോധനയിൽ 55,102 (2.7 ശതമാനം) പേർക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. നിലവിൽ രക്താതിമർദവും പ്രമേഹവുമുള്ളവർക്ക് പുറമേയുള്ള കണക്കാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നിൽ ഒരാൾക്ക് രക്താതിമർദം ഉണ്ടെന്നാണ് ഒന്നാംഘട്ട സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർദ്രം മിഷൻ എക്‌സി. കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിൽ പ്രവർത്തനമാരംഭിക്കുന്നു. ആർസിസിയിൽ പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആന്റ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും.

റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നതിലൂടെ കാൻസർ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർ.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സർജറി സംവിധാനവും (60 കോടി), ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ തുകയനുവദിച്ചത്. എം.സി.സി.യിലും റോബോട്ടിക് സർജറി ഉടൻ പ്രവർത്തന സജ്ജമാകുന്നതാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക തരം മിനിമൽ ആക്സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.

ശസ്ത്രക്രിയാ വേളയിൽ തന്നെ കാൻസർ ബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആർ.സി.സിയിൽ സജ്ജമാക്കിയിട്ടുണ്ട്. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെൽഫയർ &സർവീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കൽ ലാബിലെ പരിശോധനകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ലോകത്ത് പല ഭാഗങ്ങളിലും ഇപ്പോൾ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ജെഎൻ 1 എന്ന വൈറസ് വകഭേദമാണ് നിലവിൽ ഏറ്റവുമധികം കോവിഡ് കേസുകളുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കോവിഡ് 19നെ ഇപ്പോഴും പേടിക്കേണ്ടതുണ്ട് അത് ഇനിയും ഭീഷണിയായി നിലനിൽക്കുകയാണ് എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം വ്യക്തമാക്കിയിരിക്കുന്നത്. ജെഎൻ 1 തന്നെയാണ് കോവിഡ് കേസുകളുയർത്തുന്നത്. മുമ്പത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങൾ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്. ഓരോ രാജ്യത്തും അതത് സർക്കാരുകൾ ജാഗ്രതയോടെ തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ വ്യക്തിക്കും ഈ ജാഗ്രത ആവശ്യമാണ്. പരിശോധന, വാക്‌സിനേഷൻ എന്നിവയെല്ലാം ഉറപ്പാക്കണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാസങ്ങളിൽ പലയിടത്തും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തോത് നാൽപത് ശതമാനത്തിലധികം ഉയർന്നിരിക്കുന്നു. ഐസിയു ആവശ്യങ്ങൾ 60 ശതമാനത്തിലധികം ഉയർന്ന സാഹചര്യം വരെ കണ്ടു. ഒരു മാസത്തിൽ പതിനായിരം പേരാണ് രോഗം മൂലം മരിക്കുന്നത് എങ്കിൽ അതെല്ലാം തന്നെ നമുക്ക് തടയാൻ കഴിയുമായിരുന്ന മരണങ്ങളായാണ് കണക്കാക്കേണ്ടത്. അങ്ങനെയെങ്കിൽ ഈ മരണങ്ങൾ നമുക്ക് അംഗീകരിക്കാൻ സാധിക്കുമോയെന്നും ഇല്ലായെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സർക്കാർ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വർധിപ്പിച്ചതിനാൽ 10 സർക്കാർ ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കും. കൂടുതൽ ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു.കൾ, എൻ.ബി.എസ്.യു.കൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

മുസ്‌കാൻ സർട്ടിഫിക്കേഷന് പുറമേ എറണാകുളം തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 89.3 ശതമാനം സ്‌കോർ നേടി എൻ.ക്യു.എ.എസ്. പുന:അംഗീകാരവും വയനാട് മാനന്തവാടി ജില്ലാ ആശുപത്രി 92 ശതമാനം സ്‌കോറും നേടി ലക്ഷ്യ പുന:അംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 74 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാല് ഘട്ടങ്ങളായി കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും എന്‍.എ.ബി.എച്ച്.

നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 2023 ഏപ്രിലില്‍ ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും, എന്‍.എ.ബി.എച്ച്.ലേക്ക് 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്താദ്യമായി തയ്യാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

ഡോക്ടർമാരോട് ക്യാപിറ്റൽ ലെറ്റേഴ്സിൽ പ്രിസ്ക്രിപ്ഷൻ എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി. ഡോക്ടർമാരുടെ ഭാഷ പലപ്പോഴും മനസ്സിലാകാതെ വരുന്ന സാഹചര്യങ്ങൾ നാം നേരിടാറുണ്ട്. ഇപ്പോഴിതാ അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, മെഡിക്കോ-ലീഗൽ രേഖകൾ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റൽ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കോടതിയിൽ രസാനന്ദ ഭോയ് എന്നയാളുടെ ഹർജി പരിഗണയ്ക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഇയാൾ സമർപ്പിച്ച പോസ്റ്മാര്ട്ടും റിപ്പോർട്ട് കോടതിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു, സമാനമായി 2020-ലും ഒറീസ ഹൈക്കോടതി ഉത്തരവ് പുറപ്പെടിവിപ്പിച്ചിരിന്നു. മരുന്നുകുറിപ്പടി യാതൊരുതരത്തിലുള്ള അനിശ്ചിതത്വത്തിനും ഇടവരുത്തരുതെന്നായിരുന്നു അന്നത്തെ ഉത്തരവ്.

തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്.

ആയുഷ് രംഗത്ത് കേരളം നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് നടത്തിയത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. ആയുഷ് മേഖലയിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ആയുഷ് സേവനങ്ങൾക്കായുള്ള ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് ഈ രംഗത്തെ സ്വീകാര്യതയും മുൻഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ കേരളം മികവ് പുലർത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാമ്പിൽ ഏകദേശം 600 പേർവരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്.

ആയുഷ് മെഡിക്കൽ സേവനങ്ങളോടുള്ള ജനങ്ങളുടെ പൊതു മുൻഗണനയിലും കേരളം ഒന്നാമതാണ്. സംസ്ഥാനത്ത് ആയുഷ് മേഖലയിൽ കൈവരിച്ച സുപ്രധാന പുരോഗതിയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ മുഴുവൻ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കിയതിനെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വർധിപ്പിച്ചിട്ടുണ്ട്. ആയുഷ് വെൽനെസ് സെന്ററുകളിലെ ശുചിത്വമുള്ള ശുചിമുറികളും മികച്ച നിലവാരം പുലർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: എല്ലാത്തരം വാത രോഗങ്ങൾക്കും സമഗ്ര ചികിത്സയുമായി സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാതരോഗ സംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങൾക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയിൽ ഡി എം റ്യുമറ്റോളജി കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓരോ അസി. പ്രൊഫസർമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി വിഭാഗം യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യ ശരീരത്തിലെ ഹൃദയം, രക്തക്കുഴൽ, സന്ധികൾ, പേശികൾ, അസ്ഥികൾ, ലിഗമെന്റുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഒരു മെഡിക്കൽ ശാസ്ത്ര ശാഖയാണ് റ്യുമറ്റോളജി. ആമവാതം, സന്ധിവാതം, ല്യൂപസ്, രക്തവാതം, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങൾ എന്നിയാണ് അവയിൽ പ്രധാനം. ഈ രോഗങ്ങൾ കാരണം പലപ്പോഴും വേദന, നീർവീക്കം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ കാണപ്പെടാറുണ്ട്. വാത രോഗങ്ങൾ പലപ്പോഴും ദീർഘകാല രോഗങ്ങളാണെങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനും ഭേദമാക്കാനും കഴിയും. ഇവയ്ക്ക് ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെങ്കിൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

നിലവിൽ മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. പുതുതായി ഈ വിഭാഗം ആരംഭിക്കുന്നതോടെ റ്യുമറ്റോളജി സ്പെഷ്യലിസ്റ്റിന്റെ സേവനവും കൂടുതൽ സംവിധാനങ്ങളും ലഭ്യമാകും. കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങി വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്ന വാതരോഗങ്ങൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് സമഗ്രമായ ചികിത്സ ഉറപ്പ് വരുത്താനും സാധിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മന്ത്രി വീണാ ജോർജ് മുൻകൈയ്യെടുത്ത് മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ. ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങൾ, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിൻ, സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന മെഡിക്കൽ കോളേജുകളിൽ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയർ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ട്രോമ കെയർ സംവിധാനത്തിന്റെ മാതൃകയിലാണ് ഇവിടേയും നടപ്പാക്കി വരുന്നത്. ഒരു രോഗി എത്തുമ്പോൾ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ട്രയേജ് ചെയ്ത് റെഡ്, ഗ്രീൻ, യെല്ലോ സോണുകൾ തുടങ്ങി വിവിധ മേഖലയിലേക്ക് തിരിച്ചു വിട്ട് ചികിത്സ ഉറപ്പാക്കുന്നു. ഓപ്പറേഷൻ തീയറ്ററുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്‌കാനിംഗ് തുടങ്ങി തീവ്രപരിചരണത്തിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എമർജൻസി മെഡിസിൻ ആരംഭിക്കുന്നതോടെ ഭാവിയിൽ ഡിഎം കോഴ്‌സ് ആരംഭിക്കാനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഒന്ന് വീതവും അസി പ്രൊഫസർമാരുടെ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. തല മുതൽ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. മാത്രമല്ല 90 ശതമാനം ചികിത്സകൾക്കും രോഗിയെ പൂർണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഈ ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ മെഡിക്കൽ കോളേജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മിക്കവാറും എല്ലാ അവയവ സംവിധാനങ്ങളെയും വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റർവെൻഷണൽ റേഡിയോളജി. റേഡിയോ ഡയഗ്നോസിസ് വിഭാഗം രോഗനിർണയത്തിനുള്ള പരിശോധനയ്ക്കാണെങ്കിൽ ഇന്റർവെൻഷണൽ റേഡിയോളജിയിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ശസ്ത്രക്രിയയ്ക്ക് നല്ലൊരു ബദൽ കൂടിയാണ് ഈ ചികിത്സാ രീതി. വലിയ മുറിവുകളുണ്ടാക്കാതെ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ എക്‌സ്‌റേ കിരണങ്ങൾ കടത്തിവിട്ട് രക്ത ഒഴുക്കിന്റെ തടസം കണ്ടെത്താനും ചികിത്സിക്കാനുമാകും. ഇത് വേഗം ഭേദമാകാനും ആശുപത്രി വാസം കുറയ്ക്കാനും സഹായിക്കുമെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.

നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സ ലഭ്യമാക്കി വരുന്നു. ഇതിന്റെ ചികിത്സയ്ക്കാവശ്യമായ ഡി.എസ്.എ. മെഷീൻ ഈ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡി.എസ്.എ. മെഷീൻ ഉടൻ പ്രവർത്തനസജ്ജമാകുന്നതാണ്. ഈ മെഷീനിലൂടെ ആൻജിയോഗ്രാം നടത്തി രക്തത്തിലെ ബ്ലോക്ക് കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. ഇതുകൂടാതെ ക്രമാതീതമായി രക്തയോട്ടമുള്ള തലച്ചോറിലെ മുഴകളും ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ട്യൂമറുകളും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന എംബൊളൈസേഷനിലൂടെ ശസ്ത്രക്രിയാ സമയത്തുള്ള അമിത രക്തസ്രാവം ഒഴിവാക്കാനും അതിനാൽ തന്നെ നൽകേണ്ടി വരുന്ന രക്തത്തിന്റെ അളവ് കുറയ്ക്കാനും സാധിക്കും. വൈകല്യങ്ങളോ മരണമോ തന്നെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കരൾ, പിത്തനാളം, രക്തക്കുഴലുകൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കായി കീമോ തെറാപ്പി ഉൾപ്പെടെ ചെയ്യാൻ ഇതിലൂടെ സാധിക്കും. അപകടങ്ങളാലുള്ള രക്തസ്രാവം, മലത്തിലെ രക്തം എന്നിവയ്ക്കുള്ള എംബോളൈസേഷൻ പ്രൊസീജിയറുകളും നടത്താനാകും. ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള ഫിസ്റ്റുലയിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴും ഈ ചികിത്സയിലൂടെ തടസം നീക്കാൻ സാധിക്കുന്നു. കരൾ, വൃക്ക തുടങ്ങിയ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ചികിത്സിക്കാൻ സാധിക്കുന്നു. സ്വതന്ത്രമായ ഡിപ്പാർട്ട്‌മെന്റ് ആകുന്നതോടെ രോഗികളെ നേരിട്ട് പ്രവേശിപ്പിക്കാനും ചികിത്സ ഏകോപിപ്പിക്കാനും സാധിക്കുന്നു. ഇതുകൂടാതെ ന്യൂറോളജി വിഭാഗത്തിന് കീഴിൽ രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.