മുംബൈ: കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയൽ ആശുപത്രി. രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാർമസികളിൽ ഈ മരുന്ന് ഉടൻ ലഭിക്കും. ‘പ്രീവാൾ’ എന്നാണ് മരുന്നിന് പേരിട്ടിരിക്കുന്നത്.
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന, രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിത്. ടാറ്റ മെമ്മോറിയൽ സെന്റർ അറിയിച്ചു. പൊടിരൂപത്തിലുള്ളതാണ് മരുന്ന്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായ, കൃത്യമായ ഡോസ് നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. സാധാരണമായി കാണുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഇതുപയോഗിക്കുക.
മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലും നവി മുംബൈയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസറും സംയുക്തമായി ബെംഗളൂരുവിലെ ഐ.ഡി.ആർ.എസ്. ലാബുമായി ചേർന്നാണ് വികസിപ്പിച്ചത്.

