Health (Page 37)

ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇലക്കറികൾ. നിരവധി ആരോഗ്യഗുണങ്ങളുള്ള ഇലക്കറികളിൽ ഒന്നാണ് ചീര. അയൺ ധാരാളം അടങ്ങിയിട്ടുള്ള ചീര കഴിക്കുന്നത് വിളർച്ച തടയും.

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചീര സഹായിക്കും. ചീരയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.

വിറ്റാമിൻ കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഘടകങ്ങളും ചീരയിലുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കും. ഉദാഹരണം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു ഭക്ഷണമാണ് ചീര. വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളമായുണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും.

നമ്മളിൽ പലരും പീനട്ട് ബട്ടർ കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന കാര്യം പലർക്കും അറിയില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളിലൊന്നാണ് പീനട്ട് ബട്ടർ. പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത പീനട്ട് ബട്ടർ കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്.

പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയണും എല്ലുകൾക്ക് ബലമേകുന്നു. തലച്ചോറിലെ ഞരമ്പുകളെ ആരോഗ്യമുള്ളതാക്കി മറവി രോഗം ഇല്ലാതാക്കാൻ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന നിയാസിൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പീനട്ട് ബട്ടർ കഴിക്കുന്നത് സഹായിക്കും.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് തുടങ്ങിയ പോഷക ഘടകങ്ങൾ പീനട്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

അതേസമയം, പീനട്ട് ബട്ടർ വാങ്ങിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആഡഡ് ഷുഗർ, ഉപ്പ്, അൺഹെൽത്തിയായ ഫാറ്റ് എന്നിവ അടങ്ങിയ പീനട്ട് ബട്ടർ വാങ്ങിക്കാതിരിക്കുക. കഴിയുന്നതും അധികം കലർപ്പില്ലാത്തത് ഏത് ബ്രാൻഡാണോ അത് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. മിതമായ അളവിൽ പതിവായി കഴിക്കുന്നതാണ് നല്ലത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കൽ കെയർ. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ക്രിട്ടിക്കൽ കെയർ വിഭാഗം ചെയ്യുന്നത്. ഭാവിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും വീണാ ജോർജ് പറഞ്ഞു.

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങൾ, ക്യാൻസർ, ട്രോമകെയർ, ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ തുടങ്ങിയ തീവ്രപരിചരണത്തിനായി ഐസിയുവിൽ എത്തുന്ന പലതരം രോഗികൾക്ക് അത്യാധുനിക തീവ്രപരിചരണം ലഭ്യമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് കഴിയുന്നു. അഡ്വാൻസ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, ജീവൻ നിലനിർത്താനായി അത്യാധുനിക വെന്റിലേറ്റർ മാനേജ്‌മെന്റ്, ഹൃദയമിടിപ്പ് നിലനിർത്തൽ, രക്തസമ്മർദ നിയന്ത്രണം, അവയവ സംരക്ഷണം, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ, അണുബാധയ്ക്കുള്ള ചികിത്സ എന്നിവയും ക്രിട്ടിക്കൽ കെയറിൽപ്പെടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ഗുരുതര രോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവർ, പല അവയവങ്ങൾക്ക് (മൾട്ടി ഓർഗൻ) ഗുരുതര പ്രശ്‌നമുള്ളവർ, എ.ആർ.ഡി.എസ്., രക്താതിമർദം, വിഷാംശം ഉള്ളിൽ ചെല്ലുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച ക്രിട്ടിക്കൽ കെയർ ടീമിന് കഴിയുന്നു. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ചേർന്ന ടീമാണ് രോഗിയെ പരിചരിക്കുന്നത്. ക്രിട്ടിക്കൽ കെയർ വിഭാഗം ആരംഭിക്കുന്നത് ഡോക്ടർമാരുടെ പരിശീലനത്തിനും ഏറെ സഹായിക്കുന്നുവെന്നും വീണാ ജോർജ് വിശദമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കൽ കെയർ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാൻസ്ഡ് വെന്റിലേറ്റർ മാനേജ്‌മെന്റ്, ക്രിട്ടിക്കൽ കെയർ രംഗം എന്നിവയിൽ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിയമിക്കുന്നത്. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ പരിഹരിക്കുന്ന എക്‌മോ മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് റാസ്ബറി. ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണിത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും വയറിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ റാസ്ബറി സഹായിക്കും. വിറ്റാമിൻ സി ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും റാസ്ബറിയിൽ ഉണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും റാസ്ബറി കഴിക്കുന്നത് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് സഹായിക്കും. കലോറി കുറവായതിനാൽ റാസ്ബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

ഇതിന് പുറമേ ചർമ്മത്തിലെ ചുളിവുകൾ തടയാനും കോളാജിൻ ഉൽപാദനം വർദ്ധിപ്പിക്കാനും റാസ്ബറി പ്രയോജനപ്രദമാണ്.

നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞൾ. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ എന്തും അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണത്തെക്കാൾ ദോഷം ചെയ്യും. അതിനാൽ മഞ്ഞളും അധികമായി കഴിക്കരുത്. മഞ്ഞൾ കഴിക്കുന്നതിനും ഒരു അളവുണ്ട്. പ്രതിദിനം 500-2000 മില്ലിഗ്രാം മഞ്ഞളാണ് കഴിക്കേണ്ടത്. അമിതമായി മഞ്ഞൾ കഴിച്ചാൽ വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അസിഡിറ്റി പ്രശ്‌നമുള്ളവർ മഞ്ഞൾ അമിതമായി കഴിക്കുന്നത് വയറിലെ അസ്വസ്ഥതകൾ വർധിപ്പിക്കും. അമിതമായി മഞ്ഞൾ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. അതിനാൽ രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ദിവസേനയുള്ള ഭക്ഷണത്തിൽ മിതമായ അളവിൽ മാത്രം മഞ്ഞൾ ഉൾപ്പെടുത്തണം.

മഞ്ഞൾ അമിതമായി കഴിക്കുന്നത് ചിലരിൽ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാൽ മിതമായ അളവിൽ മാത്രം ഇവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്‌ലക്‌സ്, വയറിളക്കം, മലബന്ധം എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകൾക്ക് കാരണമാകും.

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. ഇതുസംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് കെഎസ്ഇബി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക.

ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.

പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്.

വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.

വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.

ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെ.

പ്രായം കൂടിയാലും ചർമ്മം ചെറുപ്പമായി ആഗ്രഹിക്കാൻ ഇരിക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ ചർമ്മം ചെറുപ്പമായിരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബീറ്റ്റൂട്ട് ബദാം ജ്യൂസ്

വിറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് ബദാം ജ്യൂസ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.

തണ്ണിമത്തൻ ജ്യൂസ്

ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും വെള്ളവും അടങ്ങിയ ജ്യൂസ് ആണ് തണ്ണിമത്തൻ ജ്യൂസ്. അതിനാൽ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചർമകാന്തി വർദ്ധിപ്പിക്കാനും തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ക്യാരറ്റ് ജ്യൂസ്

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ മറ്റൊരു ജ്യൂസ് ആണ് ക്യാരറ്റ് ജ്യൂസ്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്.

പപ്പായ ജ്യൂസ്

ചർമ്മത്തിലെ ചുളിവുകളും പാടുകളും ഒക്കെ മാറ്റാൻ പപ്പായ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആരോഗ്യപരമായും നിരവധി ഗുണങ്ങൾ ഇതിലുണ്ട്.

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചർമകാന്തി വർദ്ധിപ്പിക്കും.

മാതളം ജ്യൂസ്

മാതള ജ്യൂസിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്.

തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ ​ ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോ​ഗികൾ. 266 പുതിയ കൊവിഡ് കേസുകൾ കൂടി 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് കൊവിഡ് മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. സംസ്ഥാനത്തെ ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.

423 കേസുകളാണ് ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിലാണ്. കൊവിഡ് രോ​ഗികൾ കർണാടകത്തിലും ഉയരുകയാണ്. 70 പുതിയ കേസുകളാണ് ഇന്നലെ കർണാടകത്തിൽ സ്ഥിരീകരിച്ചത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഇതോടെ 3420 ആയി. അതേസമയം വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തൽകാലം ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു.

covid

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 265 പേർക്ക്. ഒരാൾക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 2606 ആക്ടീവ് കേസുകളാണ് നിലവിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വിശദദമാക്കി.

അതേസമയം, രാജ്യത്താകെ 328 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. രാജ്യത്ത് ജെഎഎൻ വൺ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കൂടുതൽ പരിശോധന നടത്തണമെന്നാണ് ഉന്നതതല യോഗത്തിൽ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചത്.

മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി.

നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷൻ(എഫ്.ഡി.സി.) എന്നു വിളിക്കുന്ന സംയുക്തങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നാണ് നിർദേശം. കുട്ടികൾക്കിടയിൽ അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ ഉപയോഗിക്കുന്നതിന്മേൽ സെൻട്രൽ ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷൻ ആശങ്ക രേഖപ്പെടുത്തി. നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ അവ ഉപയോഗിക്കരുതെന്നും ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജലദോഷത്തിനുള്ള സിറപ്പുകളിലും ഗുളികകളിലും ഉപയോഗിക്കുന്ന ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷനുകൾ ക്ലോർഫെനിരാമൈൻ(chlorpheniramine), മാലിയേറ്റ്(maleate), ഫിനൈലിഫ്രിൻ(phenylephrine) എന്നിവയാണ്. ഇവയ്ക്ക് നാലുവയസ്സിനു കീഴെയുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അംഗീകാരമില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.