Health (Page 223)

തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. നെഗറ്റീവായ ഉടന്‍ വീട്ടിലെത്തി ക്വാറന്റൈനില്‍ തുടരുകയാണെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.കോവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നടക്കുന്ന കൊറോണ പ്രതിരോധവും വാക്സിന്‍ വിതരണവും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗവര്‍ണര്‍മാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം മുഴുവന്‍ നടന്ന പോരാട്ടത്തില്‍ ജനങ്ങള്‍ ഏറെ സഹകരിച്ചു. അവരുടെ കര്‍ത്തവ്യമായിട്ടാണ് അവര്‍ അതിനെ കണ്ടതെന്നും അതില്‍ നന്ദിയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് ബന്ധമുളള സാമൂഹ്യശൃംഖലകള്‍ വഴി പ്രതിസന്ധിഘട്ടത്തില്‍ ആശുപത്രികളിലേക്കുളള ആംബുലന്‍സുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ സംവിധാനങ്ങളും ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷനെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കണം. അതുപോലെ തന്നെ ആയുഷ് ചികിത്സകള്‍ക്കും പ്രചാരം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തൃശൂര്‍: കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറിന് വീണ്ടും കൊവിഡ്. കഴിഞ്ഞ സെപ്തംബറില്‍ ആദ്യം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

കൊവിഡ് തീവ്ര വ്യാപനത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. പൊലീസ് മേധാവികള്‍, ഡിഎംഒ, കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും.

മാസ് വാക്‌സിനേഷന്‍ നടത്താനുള്ള പദ്ധതി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും പൂര്‍ണമായി കൊവിഡ് പരിശോധന നടത്തിയിട്ടില്ല. കൂടുതല്‍ പരിശോധന നടത്തുന്നതിലും തീരുമാനമുണ്ടാകും. എല്ലാ നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്.

ഇന്ന് 8778 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്.

ന്യൂഡൽഹി; രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മേയ് അവസാനം വരെ തുടരാമെന്നും പുതിയ പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ഉയരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ. രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്. പക്ഷേ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വാക്സീൻ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക അദ്ദേഹം നിരസിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും.

ഭാരത് ബയോടെക്കിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും. രേഖകൾ പരിശോധിച്ചാൽ രണ്ട് കമ്പനികളും ഇതുവരെ ഏകദേശം 310-320 ദശലക്ഷം ഡോസ് വാക്സീൻ ഉൽപാദിപ്പിച്ചു. അതിൽ 120 ദശലക്ഷം ഡോസുകൾ ഇന്ത്യയിൽ ഉപയോഗിച്ചു. ഏകദേശം 65 ദശലക്ഷം ഡോസുകൾ കയറ്റുമതി ചെയ്തു.

രാജ്യത്ത് 100 ദശലക്ഷം ഡോസുകൾ ഉണ്ട്. അതിനാൽ വാക്സീന് ഒരു കുറവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ 2021 അവസാനത്തോടെ കോവിഡ് അവസാനിക്കുമെന്നും ഏഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും 2022 വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.സജീവമായ കേസുകളിലെ വർധനവ് പ്രതിദിനം 7% വരും. അത് വളരെ ഉയർന്ന വർധനവാണ്. ഈ നിരക്ക് തുടരുകയാണെങ്കിൽ, പ്രതിദിനം ഏകദേശം 3 ലക്ഷം കേസുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി : ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. ആളുകള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളും ധനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാല്‍പാസും ധനമന്ത്രിയും ചര്‍ച്ച ചെയ്തു.

ഇന്ത്യയുടെ കൊറോണ പോരാട്ടത്തെക്കുറിച്ചും രാജ്യത്തിന്റെ വാക്സിന്‍ ഉല്‍പ്പാദന ശേഷിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോക ബാങ്കിന്റെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്. രാജ്യവ്യാപകമായ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അത് താങ്ങാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്

മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ. രാത്രി എട്ട് മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരുക. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കു. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. കൂട്ടംകൂടാന്‍ പാടില്ല. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ – കോമേഴ്‌സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതങ്ങള്‍ നിര്‍ത്തിവയ്ക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.അതേസമയം, മഹാരാഷ്ട്രയില്‍ ഇന്നലെ 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും സംസ്ഥാനം നേരിടുന്നുണ്ട്.

ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍ പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18,021 പേര്‍ക്ക്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 85 പേർ രോഗം മൂലം മരണമടഞ്ഞിട്ടുമുണ്ട്. ഈ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 3,474 ആണ്.ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും ആളുകളിൽ രോഗം കണ്ടെത്തുന്നത്.

സംസ്ഥാനത്തിപ്പോൾ കൊവിഡ് മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 95,980 ആണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,23,582 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 9,309 ആയി ഉയർന്നിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോയത്.

കൊവിഡ് ബാധിച്ച ചിലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ഐസൊലേഷനില്‍ പോവുകയാണെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിരീക്ഷണത്തിലിരിക്കെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും യോഗി അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്നും വാക്സിന്‍ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.കേരളത്തിൽ ഒരു ശതമാനം പോലും വാക്‌സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്‌സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും ലഭ്യമാണന്നും അദ്ദേഹം പറയുന്നു. 13,10,90,370 ഡോയുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതില്‍ 11,43,69,677 ഡോസുകളാണ് ഉപയോഗിക്കപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ രണ്ടകോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലേക്കും, യൂണിയന്‍ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 1,61,736 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 879 പേര്‍ മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേര്‍ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകള്‍.

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് ചൊവ്വാഴ്ച വൈകിട്ട് പുറത്തുവിട്ട വാ‍ർത്താക്കുറിപ്പിലൂടെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഉപയോ​ഗിക്കാത്തതും പ്രശ്നമാണെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയ‍ർന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും വി.കെ.പോൾ പറഞ്ഞു. റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിൻ്റെ അടിയന്തര ഉപയോ​ഗത്തിനുള്ള നയത്തിൽ കേന്ദ്രസ‍ർക്കാ‍ർ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ.പോൾ അറിയിച്ചു.