രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മേയ് അവസാനം വരെ തുടരുമെന്ന് വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ

ന്യൂഡൽഹി; രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മേയ് അവസാനം വരെ തുടരാമെന്നും പുതിയ പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ഉയരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ. രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്. പക്ഷേ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വാക്സീൻ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക അദ്ദേഹം നിരസിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും.

ഭാരത് ബയോടെക്കിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും. രേഖകൾ പരിശോധിച്ചാൽ രണ്ട് കമ്പനികളും ഇതുവരെ ഏകദേശം 310-320 ദശലക്ഷം ഡോസ് വാക്സീൻ ഉൽപാദിപ്പിച്ചു. അതിൽ 120 ദശലക്ഷം ഡോസുകൾ ഇന്ത്യയിൽ ഉപയോഗിച്ചു. ഏകദേശം 65 ദശലക്ഷം ഡോസുകൾ കയറ്റുമതി ചെയ്തു.

രാജ്യത്ത് 100 ദശലക്ഷം ഡോസുകൾ ഉണ്ട്. അതിനാൽ വാക്സീന് ഒരു കുറവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ 2021 അവസാനത്തോടെ കോവിഡ് അവസാനിക്കുമെന്നും ഏഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും 2022 വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.സജീവമായ കേസുകളിലെ വർധനവ് പ്രതിദിനം 7% വരും. അത് വളരെ ഉയർന്ന വർധനവാണ്. ഈ നിരക്ക് തുടരുകയാണെങ്കിൽ, പ്രതിദിനം ഏകദേശം 3 ലക്ഷം കേസുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.