ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍ പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18,021 പേര്‍ക്ക്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 85 പേർ രോഗം മൂലം മരണമടഞ്ഞിട്ടുമുണ്ട്. ഈ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 3,474 ആണ്.ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും ആളുകളിൽ രോഗം കണ്ടെത്തുന്നത്.
സംസ്ഥാനത്തിപ്പോൾ കൊവിഡ് മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 95,980 ആണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,23,582 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 9,309 ആയി ഉയർന്നിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോയത്.
കൊവിഡ് ബാധിച്ച ചിലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ഐസൊലേഷനില്‍ പോവുകയാണെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിരീക്ഷണത്തിലിരിക്കെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും യോഗി അറിയിച്ചിട്ടുണ്ട്.