മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ. രാത്രി എട്ട് മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരുക. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കു. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. കൂട്ടംകൂടാന്‍ പാടില്ല. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ – കോമേഴ്‌സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതങ്ങള്‍ നിര്‍ത്തിവയ്ക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.അതേസമയം, മഹാരാഷ്ട്രയില്‍ ഇന്നലെ 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും സംസ്ഥാനം നേരിടുന്നുണ്ട്.