Health (Page 217)

ന്യൂഡല്‍ഹി: കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കോവിഡ് വാക്‌സിന്‍ ഒരുതുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ചതിനാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന് ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്കിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി. കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍് പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. കേരളത്തിന് 73,38,806 ഡോസ് കോവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചതെന്നും ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കോവിഡ് വാക്‌സിന് ഇതിനകം നല്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്‌ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ളൂ ടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിർദ്ദേശം നല്‍കി.ആശുപത്രികളില്‍ പോകാതെ തന്നെ ഈ ആപ്പ് മുഖേന വിദഗ്‌ധരായ ഡോക്‌ടർമാരുടെ സേവനം ലഭിക്കും.

കോവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം. ആപ്പിലെ ഡോക്‌ടർമാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുത്ത് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്‌ടർ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിൽസക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്‌താൽ ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് കാണിച്ച് ചികിൽസ തേടാം.ലോക്ക്ഡൗൺ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിൽസ തേടാനുള്ള ഈ സംവിധാനം ഏവരും പരമാവധി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇടുക്കി: കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ ധ്യാനകേന്ദ്രത്തില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതന്മാര്‍ക്ക് കോവിഡ്. രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സി എസ് ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.പുരോഹിതരില്‍ പലരും കാരക്കോണത്തെ സി എസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. എന്നാല്‍, ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. ധ്യാനം ചേരാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സി എസ് ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.എന്നാല്‍, കഴിഞ്ഞ മാസം നടന്ന ധ്യാനമായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡി എം ഒ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കോവിഡ് പരിശോധനാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കൊവിഡ് രോഗികളും, അന്തര്‍സംസ്ഥാന യാത്രക്കാരും വീണ്ടും പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കാരണം രാജ്യത്ത് 2500ലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത സമ്മര്‍ദ്ദത്തിലായതിനാലാണ് ഇത്തരമൊരു തീരുമാനം. ആഭ്യന്തര- അന്തര്‍ സംസ്ഥാന യാത്രകള്‍ ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. മാത്രമല്ല, ആന്റിജന്‍ പരിശോധനയിലൂടെയോ മറ്റോ കൊവിഡ് പോസിറ്റീവായ ഒരാളുടെ സ്രവം ആര്‍ടിപിസിആറിലൂടെ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ല. വൈറസ് വ്യാപനം കുറയ്ക്കാനായി രോഗലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ഒരാഴ്ചയിലേറെയായി ഇന്ത്യയില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ശ്രീശാന്തിന്റെ വാക്കുകള്‍

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിനു മുന്‍പ്, ചുറ്റുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക.
ആദ്യം അവരെ കരുത്തരാക്കുക. കാരണം, നിങ്ങള്‍ക്ക് മാത്രമേ അവരിലേക്കെത്തിച്ചേരാനാകൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ ശ്രീശാന്ത് കുറിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 11 പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായി വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

pinarayi

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനം ഗ്രാമീണമേഖലയിലാണ് ഏറ്റവും കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും , രോഗികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും സ്വകാര്യ ചാനലുകള്‍ വഴിയും സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാല നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വീട്ടില്‍ നിന്നും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാവു. വീടുകളില്‍ ഏറ്റവുമധികം രോഗസാദ്ധ്യതയുളള വാതിലിന്റെ പിടി, സ്വിച്ചുകള്‍ എന്നിവ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. പുറത്തിറങ്ങുന്നവര്‍ വീട്ടിലെ വയോജവങ്ങളും കുട്ടികളുമായി ഇടപെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും പുറത്തുപോയി മടങ്ങിവന്നാലുടന്‍ വസ്ത്രങ്ങള്‍ മാറുകയും കൈകാലുകളും മുഖവും കഴുകണമെന്നും കഴിയുമെങ്കില്‍ കുളിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.സാമൂഹിക അകലവും ഇരട്ടമാസ്‌ക് ധരിക്കലും പാലിക്കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 73 ലക്ഷത്തിലധികം വാക്‌സിനാണ്. സൂക്ഷ്മതയോടെ ഒരു തുളളി കൂടി പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ അധിക ഡോസ് കൂടി നല്‍കാനായി. ഇപ്പോള്‍ മൂന്ന് ലക്ഷത്തിലധികം വാക്‌സിന്‍ കൈവശമുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് വീടുകളില്‍ സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. വീടുകളില്‍ പേടിച്ച് വാതിലും ജനലും അടച്ചിടരുത്. വീടുകളില്‍ നല്ല വായുസഞ്ചാരം ഉണ്ടാകണം. വാക്‌സിന്‍ ദൗര്‍ലഭ്യം നികത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് ഒഴിച്ചുവയ്ക്കണം. ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും.

കൊച്ചി: കോവിഡ് പരിശോധനയുടെ പേരില്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയോ ശാരീരിക ഉപദ്രവം ഉണ്ടാകാനോ പാടില്ലെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി ആകാം. എന്നാല്‍ അപമര്യാദയായി പെരുമാറരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു.ഞായറാഴ്ച വരെയുളള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ന്യൂഡല്‍ഹി : അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്ന് ഫൈസര്‍. എന്നാല്‍, ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമാണിതെന്നും ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബുര്‍ല പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് രാവിലെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

covid

ന്യൂഡൽഹി∙ കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നാണ് ബ്രസീലിയൻ വകഭേദത്തിനെതിരെ കോവാക്സീന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ വൈറസിനെ ഇല്ലാതാക്കാൻ വാക്സീന് സാധിക്കുന്നുണ്ടെന്ന് പഠനത്തിൽനിന്നും വ്യക്തമായി.

ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്.യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്ട്ര വൈറസിനുമെതിരെ പൊരുതാൻ കോവാക്സീനു സാധിക്കുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ​ഇന്ത്യയിൽ ബ്രസീലിയൻ വകഭേദം കുറവാണ്. മഹാരാഷ്ട്രയിൽ 70% ഇരട്ട വ്യതിയാനം വന്ന വൈറസുകളാണ്. യുകെ വകഭേദമാണ് പഞ്ചാബിൽ കൂടുതൽ. ഇരട്ട വ്യതിയാനം വന്ന വൈറസും യുകെ വകഭേദവുമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൂടുതലായും കണ്ടെത്തിയത്.