ഇടുക്കി: കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ ധ്യാനകേന്ദ്രത്തില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതന്മാര്‍ക്ക് കോവിഡ്. രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സി എസ് ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.പുരോഹിതരില്‍ പലരും കാരക്കോണത്തെ സി എസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. എന്നാല്‍, ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. ധ്യാനം ചേരാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സി എസ് ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.എന്നാല്‍, കഴിഞ്ഞ മാസം നടന്ന ധ്യാനമായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡി എം ഒ വ്യക്തമാക്കി.
2021-05-05