Feature (Page 8)

ലോക പ്രകൃതി സംരക്ഷണ ദിനം

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം.അനുദിനം ശുഷ്കമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ വന സമ്പത്തിനെ കുറിച്ച്‌ ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുവാനും ഉള്ള ഒരു സുദിനം. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുളള സുന്ദരഭൂമി. സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെന്ന അത്ഭുത ഗ്രഹം. ജീവന്റെ അറിയപ്പെടുന്ന ഏക ഗോളം. മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ അവന്റെ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല. നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാമറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. പൂര്‍വികര്‍ നമുക്ക് നല്‍കിയ മനോഹരമായ ഈ ലോകം അതുപോലെ ഭാവി തലമുറക്ക് കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ് എന്നോര്‍ക്കുക.

പ്രകൃതി സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പച്ചപ്പുകള്‍ സംരക്ഷിക്കുക, ജലാശയങ്ങള്‍ ശുചിയായി സൂക്ഷിക്കുക, കീടനാശിനികള്‍ ഉപേക്ഷിക്കുക, ജൈവവളം ഉപയോഗിക്കുക, അന്തരീക്ഷ മലിനീകരണം തടയുക, മഴവെള്ളം സംഭരിക്കുക, പച്ചക്കറി കൃഷിയും പൂന്തോട്ടവും നിര്‍ബന്ധമാക്കുക, പ്രകൃതിയെ സംരക്ഷിക്കാനായി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുക. ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍ക്കാനാവില്ല. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, നദീജല സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്ന് പറയുന്നു.

ഓർമ്മയായിട്ട് ഇന്ന് 5 വർഷം.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം’ (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതിക
വിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി
വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു. 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്.

അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു. 2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം* ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി – രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റേത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം. “സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ് ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്. രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. ‘ആകാശങ്ങളിൽ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു.

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകളിലെവിടെയും പരാമർശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നിൽ, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും. 2002-ൽ രാഷ്ട്രപതിഭവനിൽ കെ.ആർ.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചർച്ച കേന്ദ്രത്തിൽ എ.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ആരംഭിച്ചിരുന്നു. കോൺഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്‌സാണ്ടറെ നിർദ്ദേശിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാൻ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുൾ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവൺമെന്റിൽ റെയിൽവേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരിൽക്കണ്ട് രാജഗോപാൽ നിർദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരൻ, ‘കലാം അയ്യർ’ എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാൽ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലർ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താൻ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചതെന്നും രാജഗോപാൽ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിർദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ്‌ കോൺഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിന്റെ പേർ വീണ്ടും സജീവമായി ഉയർന്നു വന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് ചില രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി. മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. 2012 ഡോക്ടർ ഓഫ് ലോ സൈമൺ ഫ്രേസർ സർവ്വകലാശാല 2011 ഐ.ഇ.ഇ.ഇ ഓണററി അംഗത്വം ഐ.ഇ.ഇ.ഇ 2010 ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ് വാട്ടർലൂ സർവ്വകലാശാല 2009 ഹൂവർ പുരസ്കാരം എ.സ്.എം.ഇ ഫൗണ്ടേഷൻ, അമേരിക്ക 2009 ഇന്റർനാഷണൽ വോൺ കാർമാൻ വിംഗ്സ് അവാർഡ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമേരിക്ക 2008 ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ് (ഓണററി) നന്യാംഗ് ടെക്നോളജിക്കൽ സർവ്വകലാശാല, സിങ്കപ്പൂർ 2007 കിങ് ചാൾസ് II മെഡൽ റോയൽ സൊസൈറ്റി, യുണൈറ്റഡ് കിങ്ഡം 2007 ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് വോൾവർഹാംപ്ടൺ സർവ്വകലാശാല, യുണൈറ്റഡ് കിങ്ഡം 2000 രാമാനുജൻ പുരസ്കാരം ആൽവാഴ്സ് ഗവേഷണ കേന്ദ്രം, ചെന്നൈ 1998 വീർ സവർക്കർ പുരസ്കാരം ഭാരത സർക്കാർ 1997 ഇന്ദിരാഗാന്ധി അവാർഡ് ഫോർ നാഷണൽ ഇന്റഗ്രേഷൻ ഭാരത സർക്കാർ 1997 ഭാരത രത്നം ഭാരത സർക്കാർ 1990 പത്മവിഭൂഷൺ ഭാരത സർക്കാർ 1981 പദ്മഭൂഷൺ ഭാരത സർക്കാർ

2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. ഗൂഗിൾ അനുശോചനം കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ ഗൂഗിൾ അനുശോചനം നൽകിയത്.

കലാം സ്‌മാരകം അബ്‌ദുൽ കലാമിനെ കബറടക്കം നടത്തിയ തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, പാമ്പൻപാലം കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം ഡെൽഹിയിൽ താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ഒറീസാ തീരത്തിന് ചേർന്നുള്ള ഭദ്രക് ജില്ലയിലെ ചെറു ദ്വീപാണ് വീലർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന അബ്ദുൽ കലാം ദ്വീപ്. ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപാണിത്. രാജ്യത്തിന്റെ പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ എല്ലാം ഇവിടെയാണ് പരീക്ഷിച്ചിട്ടുള്ളത്. എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാറാണ് 2015-ൽ പേര് മാറ്റിയത്.

കാർഗിൽ ദിനം

കാര്‍ഗില്‍ വിജയത്തിന് ഇന്ന് 21 വയസ്. 1999 ജൂലൈ 26 നാണ്, പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യന്‍ സൈന്യം കശ്മീരിലെ കാര്‍ഗില്‍ തിരികെ പിടിച്ചെടുത്തത്.

ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ ശരിക്കും തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍. വര്‍ഷത്തില്‍ ഒമ്പത് മാസവും ഐസ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. 1999 മേയിലാണ്, ഇവിടേക്ക് മാസങ്ങൾക്കുമുൻപു തുടങ്ങിയ പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവരാണ് വിവരം സേനയെ അറിയിച്ചത്. അപ്പോഴേക്കും പാക്ക് സൈന്യം അതിര്‍ത്തിക്കിപ്പുറത്തു ശക്തമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന അതിശക്തമായ ഏറ്റുമുട്ടൽ 72 ദിവസം നീണ്ടു. ഒടുവിൽ പരാജയം സമ്മതിച്ചു പാക്കിസ്ഥാന് പിൻമാറേണ്ടി വന്നു. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. മലയാളികളടക്കം 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു. അതേസമയം 453 സൈനികരെ നഷ്ടപ്പെട്ടെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു

1999 മേയ് 3 ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആടു മേയ്ക്കാനിറങ്ങിയവര്‍ ഇന്ത്യന്‍ പ്രദേശത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശവാസികളായതിനാല്‍ സ്ഥലത്തിന്റെ മുക്കും മൂലയും പരിചയമുള്ളവരായിരുന്നു ആട്ടിടയന്‍മാര്‍. മുന്‍പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലാത്തതിനാല്‍ അവര്‍ തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ശ്രീനഗറില്‍നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. ശൈത്യകാലത്ത് മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം. കാലാവസ്ഥ മോശമായതിനാലും തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റം കുറവായതിനാലും ആട്ടിടയന്‍മാര്‍ ചൂണ്ടികാണിച്ച മേഖലകളില്‍ കാര്യമായ പട്രോളിങ് ഇല്ലായിരുന്നു. മേയ് രണ്ടാംവാരം ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്ഥലത്തേക്ക് പോയി. അവര്‍ മടങ്ങിവന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ മേഖലയിലേക്ക് കടന്നുകയറിയതായി സൈന്യത്തിന് മനസിലായി. അവരെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സൈന്യം. എന്നാല്‍ തൊട്ടുപിന്നാലെ കാര്‍ഗിലില്‍ വിവിധ ഭാഗങ്ങളില്‍ ശത്രുസൈനികരുടെ സാന്നിധ്യമുണ്ടെന്ന സ്ഥിരീകരണം ലഭിച്ചു. നൂറു കണക്കിന് പാക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിവരം. ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ സൈന്യം വലിയ സൈനിക നടപടിക്ക് തുടക്കമിട്ടു – ഓപ്പറേഷന്‍ വിജയ്. രണ്ടു ലക്ഷത്തോളം സൈനികരാണ് യുദ്ധത്തിന്റെ ഭാഗമായത്. 30,000 പേര്‍ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തു. അർധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും യുദ്ധത്തില്‍ പങ്കാളികളായി. ഇന്ത്യ പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍. തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വര്‍ധിപ്പിച്ചു.

ഉയരത്തിന്റെ മുൻതൂക്കമുള്ള മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെതിരെ താഴ്വാരത്ത് നിന്ന് യുദ്ധം ചെയ്യേണ്ട സ്ഥിതിവിശേഷം. രണ്ട് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധം അതിന്റെ സജീവതലത്തിലായി. ദുര്‍ഘടമായ ഭൂപ്രകൃതിയാണ് കാര്‍ഗിലിലേത്. കുന്നുകള്‍ നിറഞ്ഞ പ്രദേശം. ഗതാഗത സൗകര്യങ്ങള്‍ കുറവ്. ലേയില്‍നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതപോലും രണ്ടുവരി. ഈ റോഡ് കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും താവളമുറപ്പിച്ച് വെടിവയ്പ്പ് ആരംഭിച്ചതോടെ സൈനിക നീക്കം തടസപ്പെട്ടു. ഉയരങ്ങളിലുള്ള പാക് സൈന്യത്തിനായിരുന്നു അപ്രമാദിത്യം. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളുമായി സര്‍വ സജ്ജരായിരുന്നു പാക് സേന. യുദ്ധം ജയിക്കാന്‍ ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. അതിന് പാക് നിയന്ത്രണത്തിലുള്ള പോസ്റ്റുകള്‍ മോചിപ്പിക്കണം. ഒട്ടുംവൈകാതെ തന്നെ ഇന്ത്യൻ സൈന്യം നടപടികള്‍ ആരംഭിച്ചു.

1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം. ടൈഗര്‍ ഹില്‍ പിടിക്കാതെ യുദ്ധം ജയിക്കാനാകില്ലെന്ന് സൈനിക നേതൃത്വത്തിന് അറിയാമായിരുന്നു.
ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. പോരാട്ടത്തില്‍ പത്തു ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സൈനികരുടെ സന്ദേശമെത്തി – ടൈഗര്‍ ഹില്‍ പിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചപ്പോള്‍ താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷവെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടര്‍ന്നു. യുദ്ധത്തില്‍ അഞ്ഞൂറിൽ താഴെ സൈനികരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.

പോരാളികളായി മലയാളി സൈനികർ‍, നാലുപേര്‍ക്ക് വീരചക്രം നിരവധി മലയാളി സൈനികരാണ് യുദ്ധത്തില്‍ വീരചരമമടഞ്ഞത്. പതിനെട്ടാം ഗ്രനേഡിയേഴ്സിലെ ലഫ്റ്റനന്റ് കേണല്‍ ആര്‍. വിശ്വനാഥന്‍(മരണാനന്തരം), 158 മീഡിയം പീരങ്കി റെജിമെന്റിലെ ക്യാപ്റ്റന്‍ ആര്‍.ജെറി പ്രേംരാജ് (മരണാനന്തരം), നാലാം ഫീല്‍ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള (മരണാനന്തരം), പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്റ്റന്‍ എം.വി. സൂരജ് എന്നിവര്‍ക്കാണ് വീരചക്രം ലഭിച്ചത്. ക്യാപ്റ്റന്‍ പി.വി.വിക്രമിനും (മരണാനന്തരം) ക്യാപ്റ്റന്‍ സാജു ചെറിയാനും ധീരതയ്ക്കുള്ള സേനാമെഡല്‍ ലഭിച്ചു. ഇതിനു പുറമേ വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍ക്ക് വായുസേനാ മെഡല്‍ ലഭിച്ചു. കശ്മീരിലെ വായുസേനാ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ എയര്‍ വൈസ് മാര്‍ഷല്‍ നാരായണ മേനോന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഉത്തമ യുദ്ധ സേവാ മെഡലും ഗ്രൂപ്പ് ക്യാപ്റ്റന്‍ മാത്യൂസും കുഞ്ഞിക്കൊമ്പില്‍ ജോസഫും ഉള്‍പ്പെടെ എട്ടുപേര്‍ക്കു യുദ്ധസേവാ മെഡലും ലഭിച്ചു.

പ്രേത ഗ്രാമം

ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗർവാൾ പ്രദേശത്തുള്ള 300 വർഷം പഴക്കമുള്ള സൗറിനെയാണ് പ്രേതഗ്രാമമായി പ്രഖ്യാപിച്ചത്, 12 കുടുംബങ്ങൾ മാത്രമായിരുന്നു അവിടെ അവശേഷിച്ചത്.

അമിതമായ കുടിയേറ്റത്തിന്റെ ഫലമായുണ്ടായ തൊഴിൽ അഭാവവും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളെ ഗ്രാമങ്ങളിൽ നിവാസികളില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടു. മാത്രമല്ല ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ആള്‍ക്കാര്‍ പാലായനം ചെയ്ത് മറ്റ് സ്ഥലങ്ങളിലെത്തിച്ചേർന്നു.

ഉത്തരാഖണ്ഡിലെ 16,793 ഗ്രാമങ്ങളിൽ 1,053 ഗ്രാമങ്ങളിൽ പ്രേത ഗ്രാമങ്ങളുടെ ടാഗ് പതിച്ചിട്ടുണ്ട്. പഴയതും തകർന്നതുമായ വീടുകൾ ഉപേക്ഷിച്ചതിന്റെ സങ്കടകരമായ അവസ്ഥയിലായിരുന്നു ഗ്രാമത്തിന്റെ ഭൂരിഭാഗവും.എന്നാല്‍ വൈസ് വാള്‍ പ്രോജക്ട് എന്ന പേരില്‍ ഒരു പദ്ധതി വന്നതോടെ സൗര്‍ ഗ്രാമത്തില്‍ വന്ന മാറ്റങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും.

2017 സെപ്റ്റംബറിലാണ് വൈസ് വാള്‍ പദ്ധതി ആരംഭിച്ചത്. കലയുള്ള ഒരു ഗ്രാമം സൃഷ്ടിക്കുകയും അത് സജീവമാക്കികൊണ്ട് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പിന്നിലെ ആശയം. ഫൈന്‍ ആര്‍ട്ട് നഗരത്തെ ഉള്‍ക്കൊള്ളുകയും യാത്രക്കാരെ കൂടുതല്‍ കാലം അവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വൈസ് വാള്‍ പ്രോജക്ട് ടീം വീടുകള്‍ നിറങ്ങളാല്‍ അലങ്കരിച്ചു. കലയിലൂടെ ഗ്രാമീണ ജനതയുടെ സംസ്‌കാരം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വൈസ് വാള്‍ പ്രോജക്റ്റ് വിജയകരമായി മുന്നോട്ട് പോയി.ഗ്രാമവാസികളുടെ ജീവിത പാഠങ്ങള്‍, അനുഭവങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഗ്രാമവാസികളുടെ ചുമരുകളില്‍ പെയിന്റിംഗുകളുടെ രൂപത്തില്‍ രേഖപ്പെടുത്തുന്നു. വൈസ് വാള്‍ പദ്ധതി ഗ്രാമത്തിന് മഹത്വം കൈവരിക്കുകയും ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വളരെയധികം സ്വാധീനം ചെലുത്തി.പരമ്പരാഗത നൃത്തരൂപങ്ങള്‍, സംഗീതം, മതം, സൗറിന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവ ഇവിടെ കാണാം. ഇവിടത്തെ ചുവര്‍ച്ചിത്രങ്ങളെല്ലാം കൈകൊണ്ട് വരച്ചതാണ്.

ടെക്കീല ദിനം

ഇന്ന് ജൂലൈ 24 ദേശീയ ടെക്കീല ദിനം. പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ ‍അഗേവ് ചെടിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് ടെക്വില. ഈ പ്രദേശത്തെ സവിശേഷമായ അഗ്നിപർവ്വതാവശിഷ്ടങ്ങളുള്ള മണ്ണ് ടെക്വില നിർമ്മിക്കുന്ന നീല അഗേവ് ചെടിയുടെ വളർച്ചക്ക് വളരെ അനുയോജ്യമാണത്രേ. ഓരോ വർഷവും ഏകദേശം 300 ദശലക്ഷം മരങ്ങളിൽ നിന്ന് ടെക്വില നിർമ്മാണത്തിനായി വിളവെടുക്കുന്നുണ്ട്. 38–40% വരെയാണ് ടെക്വിലയിലെ ആൽക്കഹോളിന്റെ അളവ്.

പതിനാറാം നൂറ്റാണ്ടിലാണ് ടെക്വില നിർമ്മാണം മെക്സിക്കോയിൽ തുടങ്ങിയത്. മെക്സിക്കോയിലെ പാരമ്പര്യ വർഗ്ഗമായ ആസ്ടെക് വർഗ്ഗക്കാരാണ് ആദ്യമായി അഗേവ് ചെടിയിൽ‍ നിന്ന് മദ്യമുണ്ടാക്കാൻ തുടങ്ങിയത്. പക്ഷേ അത് വളരെ പരിമിതമായ നിലയിലായിരുന്നു. 1600-ലാണ് അഗേവ് ചെടിയിൽ നിന്ന് മദ്യമുണ്ടാക്കുന്ന ഒരു ഫാക്റ്ററി ജലിസ്കോയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇപ്പോൾ ലോകമെമ്പാടും ജനപ്രിയമായിരിക്കുന്ന ടെക്വില ആദ്യമായി വൻ‌തോതിൽ നിർമ്മാണമാരംഭിച്ചത് 1800-കളിൽ മെക്സിക്കോയിലെ ഗ്വാഡലാജറയിലാണ്. ടെക്വില ഗ്രാമത്തിലെ മുനിസിപ്പൽ അദ്ധ്യക്ഷനായിരുന്ന ഡോൺ സിനോബിയോ സോസ എന്ന വ്യക്തിയാണ് സോസ ടെക്വില എന്ന നാമത്തിൽ യു.എസിലേക്ക് ടെക്വില കയറ്റുമതി തുടങ്ങിയത്. ‘
ജൂലൈ 2006-ൽ ജലിസ്കോയിലെ ടെക്വില ലേ .925. എന്ന ഒരു കമ്പനി ഒരു ലിറ്റർ ടെക്വില 225,000 ഡോളറിന് വിറ്റ് ഗിന്നസ് പുസ്തകത്തിൽ‍ സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യബോട്ടിലിന്റെ വിൽപനയായിരുന്നു അത്. ഇതിന്റെ ബോട്ടിലിൽ രണ്ട് കിലോഗ്രാം സ്വർണവും പ്ലാറ്റിനവും അടങ്ങിയിരുന്നു. 2008-ൽ ടെക്വിലയിൽ നിന്ന് വജ്രം നിർമ്മിക്കാമെന്ന് ചില മെക്സിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ടെക്വിലയെ 800 ഡിഗ്രീക്കു മേൽ ചൂടാക്കി ബാഷ്പീകരിച്ചാണ് ഇത് സാധിച്ചത്. എണ്ണമറ്റ വാണിജ്യ-വ്യവസായ സാധ്യതകൾ ഈ കണ്ടുപിടിത്തത്തിലുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പാരമ്പര്യ അറിവുകൾ വെച്ചാണ് അഗേവ് ചെടിയുടെ കൃഷി നടക്കുന്നത്. ആധുനിക കൃഷി സങ്കേതങ്ങൾ ഇവയെ ഏറെയൊന്നും മാറ്റിയിട്ടില്ല. അഗേവ് ചെടിയുടെ വിളവെടുപ്പു സമയം ഈ കൃഷിയിൽ പരിചയസമ്പന്നരായ ആളുകളാണ് തീരുമാനിക്കുന്നത്. അഗേവ് ചെടിയുടെ ഫലത്തിൽ പഞ്ചസാരയുടെ അളവ് നന്നേ കുറവാവുന്ന ഇളം പ്രായത്തിലും നന്നേ കൂടുതലാവുന്ന മൂപ്പെത്തിയ പ്രായത്തിലുമല്ലാതെ ‘കോവ’ എന്ന കത്തി കൊണ്ട് ഇത് മുറിച്ചെടുക്കുന്നു. പിന്നീട് ഇതിന്റെ നീരെടുത്ത് വീപ്പകളിൽ സൂക്ഷിച്ച് ‘ഫെർമന്റേഷൻ ‘ നടത്തുകയാണ് ചെയ്യുന്നത്. ‘ഫെർമന്റേഷൻ ‘ നടത്തിയ ദ്രാവകത്തെ പിന്നീട് വാറ്റിയെടുത്ത് ഓർഡിനാരിയോ എന്ന വെളുത്ത ദ്രാവകമാക്കി മാറ്റുന്നു. ഈ ദ്രാവകത്തെ വീണ്ടും വാറ്റിയാണ് വെള്ള/ സിൽവർ ടെക്വിലയാക്കി മാറ്റുന്നത്. ചില കമ്പനികൾ ഇതിന്റെ ഒന്നു കൂടി വാറ്റിയെടുക്കാറുണ്ട്. എന്നിട്ട് നേർപ്പിച്ച് ബോട്ടിലിലാക്കുകയോ ‘പഴകൽ പ്രക്രിയ’ക്കായി വീപ്പകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നു.
ടെക്വില കഴിക്കുന്ന രീതി സവിശേഷമാണ്. വളരെ ചെറിയ, വിസ്താരം കുറഞ്ഞ ഗ്ലാസുകളാണ് ടെക്വില കഴിക്കാനുപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ ഒരു കഷ്ണവും അല്പം ഉപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. കൈയിലെ ചൂണ്ടുവിരലിൽ ഉപ്പ് പറ്റിച്ചെടുത്ത് ഗ്ലാസിലെ ടെക്വില കഴിച്ച ശേഷം ചെറുനാരങ്ങ കഷ്ണവും ചൂണ്ടുവിരലിലെ ഉപ്പും നുണയുന്നു. ടെക്വിലയുടെ “പൊളളൽ” ശമിപ്പിക്കാൻ ഉപ്പിനു കഴിയുമെന്ന് കരുതുന്നു. മാർഗരിത്ത രണ്ട് ഔൺസ് ടെക്വില, മധുരനാരങ്ങ ജ്യൂസ്, പകുതി കഷ്ണം ചെരുനാരങ്ങ നീര്, ഉപ്പ് എന്നിവയിൽ ഐസ് ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. ശേഷം മാർഗരിത്ത ഗ്ലാസ്സിലൊഴിച്ച് ചെറുനാരങ്ങ അരിഞ്ഞെടുത്തത് വെച്ച് അലങ്കരിക്കുന്നു. ടർബോ ടെക്വില, വോഡ്‌ക, ഏതെങ്കിലും ഒരു പഴച്ചാർ എന്നിവയെടുത്ത് കോക്‌ടെയിൽ മിക്സറിൽ പൊടിച്ച ഐസും ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. പിന്നീട് നീളമുള്ള ഗ്ലാസ്സിലൊഴിച്ച് ഉപയോഗിക്കുന്നു. ജിറാഫ് ടെക്വില, മുന്തിരി ജ്യൂസ്, രണ്ട് ഐസ് കഷ്ണങ്ങൾ എന്നിവയാണ് ചേരുവകൾ ‍‌.ഗ്ലാസിൽ ടെക്വില പകർന്ന് ഐസ് കഷ്ണങ്ങളിട്ട ശേഷം പതുക്കെ ഇളക്കുന്നു. നന്നായി അലിഞ്ഞതിനു

ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിനം

1927-ലെ ഈ ദിനത്തിലാണ് പിന്നീട് ഓൾ ഇന്ത്യാ റേഡിയോയ്ക്ക് കാരണമായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡ് (ഐ.ബി.സി.) എന്ന സ്ഥാപനത്തിന്റെ ആദ്യ റേഡിയോ സ്റ്റേഷൻ ബോംബെയിൽ ആരംഭിച്ചത് പ്രക്ഷേപണ ചരിത്രത്തിലെ നാഴികക്കല്ലായി.ഇന്ത്യൻ വാർത്താവിനിമയ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനമാണ് ജൂലായ്‌ 23. 1927 ഓഗസ്റ്റ് 26 ന് കൽക്കട്ടയിലും പ്രക്ഷേപണത്തിന് കമ്പനി തുടക്കമിട്ടു. എന്നാൽ 1923-ൽ തന്നെ ഒരു സ്വകാര്യ സംരംഭമെന്ന നിലയിൽ ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിൽ മൂന്ന് റേഡിയോ ക്ലബ്ബുകൾ ആരംഭിച്ചിരുന്നു. ചെറുചർച്ചകൾ, സംഗീതം എന്നിവയുൾപ്പെട്ട പരിപാടികൾ മൂന്നുമണിക്കൂറോളം പ്രക്ഷേപണം ചെയ്യപ്പെട്ടു. എന്നാൽ 1927-ൽ സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്റ്റേഷനുകൾ പൂട്ടി. അങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലയിൽ ആരംഭിച്ച ഐ.ബി.സി.യാണ് പ്രക്ഷേപണത്തെ തടസ്സമില്ലാതെ മുന്നോട്ട് നയിച്ചത്. 1930-ൽ പ്രവർത്തനം നഷ്ടത്തിലായതോടെ പൂർണ്ണമായും ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലായി റേഡിയോ പ്രക്ഷേപണം. തൊഴിൽ, വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു പിന്നീട് റേഡിയോ പ്രക്ഷേപണം. 1932-ൽ ബി.ബി.സി.യുടെ പ്രക്ഷേപണവും ഇന്ത്യയിലാരംഭിച്ചു. മാത്രവുമല്ല ഇന്ത്യൻ താരിഫ് ആക്ട് (വയർലെസ്സ്) നിയമവും ആവിഷ്‌കരിച്ചു. ഇതിനോടൊപ്പം ഓർമ്മിക്കേണ്ടതാണ്
1935 ഫെബ്രുവരി മൂന്നിന് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭാഗമായി നൈസാം ആരംഭിച്ച ഡെക്കാൻ റേഡിയോ. ഇന്ത്യൻ വയർലെസ്സ് പ്രക്ഷേപണം താരിഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ റേഡിയോ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമെന്നായി. ലൈസൻസ് ഇല്ലാതെ റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായത് ഒരു പക്ഷേ റേഡിയോയ്ക്ക് പ്രാധാന്യം ലഭിക്കാൻ ഇടയാക്കിയിരിക്കാം. മാത്രമല്ല സർക്കാരിന് വരുമാനം നേടാനുള്ള ഒരു മാർഗമായും മാറി. 1935 മാർച്ചിൽ തൊഴിൽ വകുപ്പിന്റെ കീഴിൽ ബ്രോഡ്കാസ്റ്റിങ് കൺട്രോളർ എന്ന തസ്തിക നിലവിൽ വന്നു. ബ്രിട്ടനിൽ ജനിച്ച ബി.ബി.സി.യിലെ ഉദ്യോഗസ്ഥനായ ലിയോണൽ ഫീൽഡൺ ആദ്യ ബ്രോഡ്കാസ്റ്റിങ് കൺട്രോളറായി ചുമതലയേറ്റു. അതിനോടൊപ്പം ഡൽഹി സ്റ്റേഷനും ആരംഭിച്ചു. 1936 ജൂൺ 8-ന് സ്ഥാപനത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ചു. 1937-ന് പ്രക്ഷേപണത്തിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് എന്ന വകുപ്പ് രൂപം കൊണ്ടു. 1938-ൽ രബീന്ദ്രനാഥ ടാഗോർ കൽക്കട്ടയിലാരംഭിച്ച പുതിയ ഷോർട്ട്‌വേവ് റേഡിയോ സ്റ്റേഷനോടനുബന്ധിച്ച് ആകാശവാണി എന്ന പേരിലൊരു കവിത രചിച്ചു. 1957-ൽ ഓൾ ഇന്ത്യാ റേഡിയോയ്ക്ക് ആകാശവാണി എന്ന പ്രക്ഷേപണനാമം ലഭിച്ചു.

1939-ൽ പ്രൊഫ. എ.എസ്. ബൊഖാരി ഓൾ ഇന്ത്യാ റേഡിയോയുടെ തലവനായി. ആദ്യ ഡയറക്ടർ ജനറലായി നിയമിതനായ ബൊഖാരിയുടെ കാലത്താണ് ലഖ്‌നൗ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും പുതിയ സ്റ്റേഷനുകളാരംഭിച്ചത്. 1940-ൽ മലയാളമുൾപ്പെടെ നിരവധി ഭാഷയിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യാനാരംഭിച്ചു.
1957-ൽ വിവിധ് ഭാരതിയുടെ തുടക്കം പ്രക്ഷേപണത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1959-ൽ ചെഗ്വേരയുമായി കെ.പി.ഭാനുമതി നടത്തിയ ഇന്റർവ്യൂ റേഡിയോയുടെ പ്രാധാന്യവും അംഗീകാരവും സൂചിപ്പിക്കുന്ന സംഭവങ്ങളിലൊന്നായി. 1990-ൽ പാർലമെന്റ് പാസ്സാക്കിയ പ്രസാർഭാരതി നിയമവും റേഡിയോയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1959-ലെ ദൂരദർശന്റെ വരവും എ.കെ.ചന്ദയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശങ്ങളും റേഡിയോയുടെ ചരിത്രത്തെ സ്വാധീനിച്ച സംഭവങ്ങളായി. 1995-ൽ എഫ്.എം. സ്റ്റേഷനുകൾ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതോടെ റേഡിയോ പ്രക്ഷേപണം പുതിയ കാലത്തേയ്ക്ക് പ്രവേശിച്ചു. ഇന്ത്യയുടെ ചരിത്രത്തേയും ജീവിതത്തേയും അടയാളപ്പെടുത്തിയ ആകാശവാണി ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ ജനിച്ച വാൾട്ടർ കൗഫ്മാന്റെ അതിമനോഹരമായ സിഗ്‌നേച്ചർ ട്യൂണിലൂടെ ഇന്നും നമ്മുടെ കേൾവിയെ ഹൃദയഹാരിയാക്കുന്നു. അങ്ങനെ ഒരു രാജ്യത്തിന്റെ ശബ്ദമായി മാറുന്നു ആകാശവാണി.

National Mango Day

ജൂലൈ 22 ദേശീയ മാമ്പഴ ദിനമാണ് . നമ്മുടെ നാടന്‍ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിര്‍ത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. പുതിയ കാലഘട്ടത്തില്‍ മാവുകളോടും മാമ്പഴങ്ങളോടും താല്‍പര്യം വർധിച്ചു വരുന്നത് ഗുണപരമായി കാണാമെങ്കിലും നാടന്‍ ഇനങ്ങളെ മറന്ന് വൈദേശിക ഇനങ്ങളിലേക്കാണ് പലരും ചേക്കേറുന്നത്. നട്ടുപിടിക്കുന്നതില്‍ കൂടുതലും ബഡ്ഡും ഗ്രാഫ്റ്റും ചെയ്ത മാവുകളും. ഇത്തരം മാവുകളില്‍ മാങ്ങയുടെ എണ്ണം കുറവായിരിക്കുമെന്നതു പോലെ മാവിന്‍റെ ആയുസ്സും കുറവായിരിക്കും. പൊതുവില്‍ മുറ്റത്തും തൊടിയിലുമുള്ള നാടന്‍ മാവുകള്‍ വെട്ടിക്കളഞ്ഞ് മറ്റിനങ്ങളുടെ ബഡ്ഡിനങ്ങളോ ഗ്രാഫ്റ്റിനങ്ങളോ വെയ്ക്കുകയാണ് പലരും ചെയ്യുന്നത്.

നല്ലൊരു നാടന്‍ മാവിന് പടര്‍ന്നു പന്തലിച്ച് നിവര്‍ന്നു നില്‍ക്കാന്‍ രണ്ടു മുതല്‍ രണ്ടര സെന്‍റ് സ്ഥലമെങ്കിലും വേണ്ടി വരും. ഒരു സാധാരണ വീട് നിർമിക്കാന്‍ തന്നെ ഇത്രയും സ്ഥലം ആവശ്യമില്ലെന്ന് കരുതുന്നവര്‍ എങ്ങിനെയാണ് മാവുകളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നതാണ് പ്രസക്തമായ ചോദ്യമാണ്. ഒരു സെന്‍റിലും ഒന്നര സെന്‍റിലും ഒതുങ്ങുന്ന അണുകുടുംബങ്ങളിലേക്ക് ബഡ്ഡായും ഗ്രാഫ്റ്റായും മാവിന്‍ തൈകള്‍ പിന്നീട് കടന്നെത്തിയതു തന്നെ വലിയ കാര്യം.

മധുരത്തിന്‍റെ കാര്യം പരിഗണിച്ചാലും പഴങ്ങളിലെ രാജാവ് തന്നെയാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ കൃഷി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. മൊത്തം മാങ്ങ ഉത്പാദനത്തിന്‍റെ 80 ശതമാനത്തിലേറെ വരുമിത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍റെയും ദേശീയ ഫലമാണ് മാങ്ങ. പാകിസ്താന്‍റെയും തനതായ മാമ്പഴ ഇനങ്ങളുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ബീഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ മാങ്ങ കൃഷിക്ക് കാര്യമായ വേരോട്ടമുണ്ടായിട്ടില്ല.

എണ്ണിയാല്‍ ഒടുങ്ങാത്ത നാടന്‍ മാവിനങ്ങളുണ്ട്. കേള്‍ക്കാത്തതും അറിയാത്തതുമായ എത്രയോ ഇനങ്ങള്‍ നാട്ടിന്‍പുറങ്ങളിലുണ്ടാവും. ഓരോ ഇനം മാവുകള്‍ക്കു തന്നെ അനവധി വകഭേദങ്ങളുമുണ്ട്. ഉദാഹരണം പറഞ്ഞാല്‍ മൂവാണ്ടന്‍ തന്നെ കറുപ്പ്, വെളുപ്പ്, ചുവപ്പ് തുടങ്ങി പല വിധമുണ്ട്. നാട്ടുമാവുകളിലെ വൈവിധ്യം പോലെ തന്നെയാണ് മാമ്പഴങ്ങളുടെ മണത്തിലും രുചിയിലുമുള്ള വ്യത്യാസം. ശാസ്ത്രീയമായി നാടന്‍ മാവിനങ്ങളെ കണ്ടെത്താനും സംരക്ഷിക്കാനും നിലവില്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല.
മഴക്കാലത്ത് കൊഴിഞ്ഞു വീഴുന്ന നാടന്‍ മാവിനങ്ങളുടെ വിത്തുകള്‍ ശേഖരിച്ചു മുളപ്പിക്കുകയോ, അതുമല്ലെങ്കില്‍ മരത്തില്‍ നിന്നും കിട്ടുന്നയുടന്‍ മാങ്ങയണ്ടി പാകി മുളപ്പിക്കാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഈ മാമ്പഴദിനത്തില്‍ ഗൃഹാതുരതയുടെ മാവിന്‍ചില്ലകളില്‍ ഒരിക്കല്‍ കൂടെ കയറി നോക്കാം. .

ജങ്ക് ഫുഡ് ദിനം

ഇന്ന് ജൂലൈ 21 ജങ്ക് ഫുഡ് ദിനം. ജങ്ക് എന്ന ഇംഗ്ളീഷ് വാക്കിൻ്റെ അർഥം തന്നെ ഉപയോഗ ശൂന്യമായത് എന്നോ ചപ്പു ചവറുകൾ എന്നൊക്കെയാണ്. അതിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ ജങ്ക് ഫുഡിൻ്റെ ഗുണ നിലവാരം. പൊതുവേ,ജങ്ക് ഫുഡ് ശരീരത്തിനുപദ്രവം ചെയ്യുന്ന അളവിൽ പഞ്ചസാരയും ഉപ്പും ട്രാൻസ് ഫാറ്റും ഒക്കെ അടങ്ങിയവയാണ്. ഇത് ഇടയ്ക്കിടെ കഴിക്കുന്നതിലൂടെ അതൊരു ശീലമാകാനും മറ്റു ലഹരികൾ പോലെ ആസക്തി ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതാണെന്നു ചില പഠനങ്ങൾ പറയുന്നു. എന്തായാലും ഇത് കാരണം പൊണ്ണത്തടി, വിഷാദരോഗം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ് 2 ഡയബെറ്റിസ്, കാൻസർ, അകാല മരണം എന്നിവ സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്നു തന്നെ ഇവ തകരാറിലാക്കുന്നു. വളരെ പെട്ടെന്നുതന്നെ രക്തത്തിലെ ഷുഗർ ലവൽ കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടുന്നു. അതു വിശപ്പുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു കൂടുതൽ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അതുപോലെ ആസ്തമ ഉള്ളവർ ജങ്ക് ഫുഡ് കഴിക്കുന്നത് ദോഷകരമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ജങ്ക് ഫുഡ് തീർത്തും ഉപേക്ഷിക്കണമോ? പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. കാരണം, ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ജങ്ക് ഫുഡ് കഴിക്കുന്നവർക്ക് പൊണ്ണത്തടി വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് ജങ്ക് ഫുഡ് തീർത്തും ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, എല്ലാ പോഷകങ്ങളും അടങ്ങിയ, അമിതമായ കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത ഭഷണം ശീലമാക്കുക. അതോടൊപ്പം ചിട്ടയായ വ്യായാമവും ഉറപ്പുവരുത്തുക. മദ്യം പുകവലി പോലുള്ള ലഹരികൾ പരിപൂർണമായി ഉപേക്ഷിക്കുക. ഇങ്ങനെയൊരു ജീവിതശൈലി രൂപപ്പെടുത്തി നിങ്ങളുടെ ജീവിതത്തിൻ്റെ അവിഭാജ്യഘടകമായി മാറിയെന്നുറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് വളരെ വളരെ അപൂർവമായി ഒരു കൊതിയ്ക്ക് അല്പം ജങ്ക് ഫുഡ് കഴിക്കാം.

ആചാരങ്ങൾ

കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ്.July 20 ഇക്കുറി കര്‍ക്കിടകവാവ് നാള്‍.ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.മണ്മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ്‌ ശ്രാദ്ധം. പൂര്‍വ്വികര്‍ക്ക് അന്തരതലമുറ നല്‍കുന്ന സമര്‍പ്പണമാണ് പിതൃദര്‍പ്പണം എന്ന് വേണമെങ്കിൽ പറയാം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

കര്‍ക്കടകമാസ ആചാരങ്ങൾ

ദേവന്മാരേക്കാൾ മുമ്പ് പ്രസാദിപ്പിക്കേണ്ടത് പിതൃക്കളെയാണെന്നാണ് ശാസ്ത്രം പറയുന്നത്. പിതൃകർമ്മം വേണ്ടവിധം ചെയ്യാത്തവർ ചെയ്യുന്ന ദേവപൂജകൾക്കൊന്നും യഥാർത്ഥ ഫലം ലഭിക്കില്ല. എല്ലാ അനുഗ്രഹങ്ങൾക്കും പിതൃപ്രീതിയുള്ളവർ മാത്രമേ അർഹരാകൂ. ആരോഗ്യം, വിദ്യ, സമ്പത്ത്, കുടുംബം ഇവയെല്ലാം പിതൃക്കളെ ആശ്രയിച്ചിരിക്കുന്നു എന്നാണു വിശ്വാസം. അറിയുന്നതും അറിയാത്തതുമായ പിതൃക്കൾക്കായി, സർവ്വ ചരാചരങ്ങൾക്കുമായാണ് സാധാരണ പിണ്ഡം വയ്ക്കുന്നത്. അതുകൊണ്ട് അച്ഛനുമമ്മയും ജീവിച്ചിരിക്കുന്നവര്‍ അവർക്കൊഴിച്ച് മറ്റു പിതൃക്കൾക്കായി കൃത്യമായി പിണ്ഡകർമ്മം ചെയ്യേണ്ടതുണ്ട്. നാം കൃത്യമായി പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മിലെ പിതൃകോശങ്ങൾ സംതൃപ്തമാകുകയും നമുക്ക് അറിവും ആരോഗ്യവും സമൃദ്ധിയും നൽകുന്ന അനുഗ്രഹങ്ങൾക്ക് നമ്മിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു എന്നാണു വിശ്വാസം. അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് കവ്യം ഉരുട്ടി പിണ്ഡം സമര്‍പ്പിക്കുന്നതാണ് പിതൃതര്‍പ്പണത്തില്‍ ചെയ്യുന്നത്. ഇതിനെ ബലി തര്‍പ്പണം എന്നും പറയുന്നു. മൂന്ന് ഇഴ ചേര്‍ത്ത് ദര്‍ഭ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയ്യിലണിഞ്ഞാണ് ബലി അര്‍പ്പിക്കുന്നത്.

ആചാരങ്ങള്‍ ഇങ്ങനെ ശ്രാദ്ധമൂട്ടുന്നതിന് തലേദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതിന് കഴിയാത്തവര്‍ ഒരു നേരം അരിഭക്ഷണവും ബാക്കി രണ്ട് നേരം ഗോതമ്പ് ആഹാരം കഴിക്കുക. രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോട് ആചാര്യന്റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്,കൈയ്യില്‍ ദര്ഭ‍കൊണ്ട് പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം.വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാ്ര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം. ശ്രാദ്ധം ചെയ്യുന്നതിന് മുമ്പ്മണ്മമറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ‘ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക” എന്ന പ്രാര്ത്ഥനനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍.ആചാര്യനില്ലാതെ ഒരിക്കലും ബലിയിടരുത്. ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കില ഒഴുകുന്ന വെള്ളത്തില്‍ സമര്‍പ്പിച്ചു വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്ക്ണം.
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങള്‍ മൂലം ശാസ്ത്രാനുസാരമുള്ള പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാൻ മിക്കവർക്കും ഇന്ന് കഴിയാറില്ല. എങ്കിലും കഴിവതും വാവ്നാളില്‍ ബലിതര്‍പ്പണം നടത്താന്‍ ശ്രമിക്കണം. ഇതിനും കഴിഞ്ഞില്ലെങ്കില്‍ മത്സ്യം, മാംസം, മദ്യം, മൈഥുനം, മുദ്ര (പാചകം ചെയ്ത ധാന്യം) ഇവ വര്‍ജിക്കുക . വിഷ്ണു ഭജനം നടത്തുക. ഒപ്പം ശുദ്ധ വസ്ത്രം ധരിക്കുകയും ശ്രാദ്ധ ദിനത്തില്‍ അര്‍ഹിക്കുന്ന ഒരു സാധുവിന് അന്നദാനം നടത്തുകയും ചെയ്യുന്നത് പുണ്യമാണ്. ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. സാധാരണയായി കാണപ്പെടുന്ന രണ്ടുതരം കാക്കകളില്‍ വലിയകാക്കയാണ് ബലികാക്ക. വീടുകളില്‍ ബലിയിടുന്നവര്‍ ചെറിയകാക്ക ബലി എടുത്താതെ നോക്കുന്നതും പതിവാണ്. മലയാളകലണ്ടര്‍ പ്രകാരം അവസാന മാസമാണ് കര്‍ക്കിടകം. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് അതീവ പ്രാധാന്യമുളള ചടങ്ങാണ് കര്‍ക്കിടകത്തിലെ കറുത്തവാവിനു ആചരിക്കുന്ന വാവുബലി. ദേവന്മാരുടെ ദിനമെന്നും ഈ ദിനത്തെ വിളിക്കപ്പെടുന്നു. തീര്‍ത്ഥക്കരകളിലും, ക്ഷേത്രങ്ങളിലും മാത്രമല്ല വീടുകളിലും ബലിചടങ്ങുകള്‍ നടത്താം. കര്‍ക്കിടക വാവുബലി
കേരളത്തില്‍ പൗര്‍ണ്ണമി വെളുത്തവാവെന്നും, അമാവാസി കറുത്തവാവെന്നും വിളിക്കപ്പെടുന്നു. ഇതിനാലാണ് കര്‍ക്കിടകത്തിലെ അമാവാസി നാളില്‍ നടക്കുന്ന ബലിചടങ്ങുകളെ കര്‍ക്കിടക വാവുബലി എന്ന് അറിയപ്പെടുന്നതും. ദക്ഷിണായകാലം ഹിന്ദുക്കളെ സംബന്ധിച്ച് പിതൃകാര്യങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ കര്‍ക്കിടകത്തിലെ കറുത്തവാവ് പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതേദിവസം ആടിഅമാവാസി എന്നാണ് അറിയപ്പെടുന്നത്.
പിതൃപുണ്യം ലഭിക്കാന്‍ ദക്ഷിണായകാലത്തെ ചടങ്ങുകള്‍ കൂടുതല്‍ അനുയോജ്യമാണ് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഏതെങ്കിലുമൊക്കെ കാരണത്താല്‍ മരിച്ച ആളുടെ ആണ്ടുബലി മുടങ്ങിയിട്ടുണ്ടെങ്കില്‍ പരിഹാരംകൂടിയാണ് കര്‍ക്കിടകബലി. ദര്‍ഭ, എളള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം,ജലം,വാഴയില എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍. ഇതുമായി ബന്ധപ്പെടുത്തി രസകരമായ ഒരു നാട്ടു വര്‍ത്തമാനം പോലുമുണ്ട്. ‘പറന്നു പോകുന്ന കാക്കയെയും ആണ്ടിലൊരിക്കല്‍ വേണം’. ഈ ഭുമിയില്‍ ഓരോജീവിക്കും പ്രാധാന്യമുണ്ടെന്നും ജീവികള്‍ക്ക് പരസ്പരം സഹായമില്ലാതെ ജീവിക്കാനാവില്ലെന്നുമുളള പ്രകൃതി പാഠമാണ് ഇതിലൂടെ പറഞ്ഞു വെക്കുന്നത്.

ഐസ്ക്രീം ദിനം

ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഐസ്ക്രീം ദിനമായി ആചരിക്കുന്നു.ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. കുൾഫി എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്.

പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്-ക്രീം എന്ന ഐസാക്കിയ ക്രീം. ഇതിലെ പ്രധാന ചേരുവകൾ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്. പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്. ചില ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്.

പേർഷ്യൻ സാമ്രാജ്യകാലത്ത് പാത്രത്തിലെടുത്ത മഞ്ഞിനു മുകളിൽ പഴച്ചാറുകൾ ഒഴിച്ചു കഴിച്ചിരുന്നു, പ്രത്യേകിച്ചും ചൂടുകാലത്ത്. അതിനുവേണ്ട മഞ്ഞ് ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയോ മഞ്ഞുമലകളിൽ നിന്ന് കൊണ്ടുവരികയോ ചെയ്തിരുന്നു. ക്രിസ്തുവിന് 400 വർഷം മുമ്പു രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് തണുപ്പിച്ച് വിളമ്പിയിരുന്നു.

അറബികളായിരിക്കണം പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കിയത്. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് വഴിതുറന്നതും അവരായിരുന്നു. പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ്, ദമാസ്കസ്ം കെയ്‌റോ തുടങ്ങിയ അറേബ്യൻ പട്ടണങ്ങളിൽ ഐസ്‌ക്രീം പ്രചരിച്ചിരുന്നു.ഐസ്‌ക്രീമിന്റെ ആദ്യപാചകവിധി 18-ആം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് പ്രസിദ്ധീകരിച്ചത്. 1718ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച Mrs. Mary Eales’s Receipt ലാണ് അതുള്ളത്. ഐസ്‌ക്രീംകോൺ കണ്ടുപിടിച്ചതിന് ഒരുപാട് അവകാശികളുണ്ട്.

ആധുനിക ഫ്രീസറുകളുടെ കണ്ടുപിടിത്തത്തിനു മുൻപ്, ഐസ്‌ക്രീം ഒരു ആർഭാടമായിരുന്നു. അത് ഉണ്ടാക്കുന്നത് അദ്ധ്വാനമേറിയ പണിയായിരുന്നു. തണുപ്പുകാലത്ത് തടാകങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും വെട്ടിയെടുത്ത ഐസ് ഭൂമിക്കടിയിൽ തുരങ്കങ്ങളിലോ മരപ്പെട്ടികളിലോ ഇഷ്ടികകൊണ്ടുണ്ടാക്കിയ ഐസ് ഹൌസുകളിലൊ വയ്ക്കോലിൽ പൊതിഞ്ഞാണ് ചൂടുകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൻ എന്നിവരും ഐസ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്രെ. ഉപ്പും ഐസും ചേർത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തിനുള്ളിൽ വയ്ക്കുന്ന പാത്രത്തിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിനെ പോട്ട്-ഫ്രീസർ രീതി എന്നാണ് പറഞ്ഞുവന്നിരുന്നത്. ഐസിൽ ഉപ്പു ചേർത്താൽ ഐസിന്റെ ഫ്രീസിങ്ങ് പോയന്റ് താഴുകയും ചെയ്യുമ്പോൾ ഐസ്‌ക്രീം എളുപ്പത്തിൽ ഉണ്ടാക്കാം. ബാൾട്ടിമോറിലെ ജേക്കബ് ഫസൽ വൻ‌തോതിൽ ഐസ്‌ക്രീം ഉണ്ടാക്കിതുടങ്ങിയ ആദ്യവ്യക്തി.

ലോകത്തു വച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ. വാനിലയാണ് ഐസ്‌ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി. ഐസ്‌ക്രീമുകൾ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഞായറാഴ്ചകളിലാണ്.