ഐസ്ക്രീം ദിനം (Ice Cream Day)

ഐസ്ക്രീം ദിനം

ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഐസ്ക്രീം ദിനമായി ആചരിക്കുന്നു.ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. കുൾഫി എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്.

പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്-ക്രീം എന്ന ഐസാക്കിയ ക്രീം. ഇതിലെ പ്രധാന ചേരുവകൾ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്. പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്. ചില ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്.

പേർഷ്യൻ സാമ്രാജ്യകാലത്ത് പാത്രത്തിലെടുത്ത മഞ്ഞിനു മുകളിൽ പഴച്ചാറുകൾ ഒഴിച്ചു കഴിച്ചിരുന്നു, പ്രത്യേകിച്ചും ചൂടുകാലത്ത്. അതിനുവേണ്ട മഞ്ഞ് ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയോ മഞ്ഞുമലകളിൽ നിന്ന് കൊണ്ടുവരികയോ ചെയ്തിരുന്നു. ക്രിസ്തുവിന് 400 വർഷം മുമ്പു രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് തണുപ്പിച്ച് വിളമ്പിയിരുന്നു.

അറബികളായിരിക്കണം പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കിയത്. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് വഴിതുറന്നതും അവരായിരുന്നു. പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ്, ദമാസ്കസ്ം കെയ്‌റോ തുടങ്ങിയ അറേബ്യൻ പട്ടണങ്ങളിൽ ഐസ്‌ക്രീം പ്രചരിച്ചിരുന്നു.ഐസ്‌ക്രീമിന്റെ ആദ്യപാചകവിധി 18-ആം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് പ്രസിദ്ധീകരിച്ചത്. 1718ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച Mrs. Mary Eales’s Receipt ലാണ് അതുള്ളത്. ഐസ്‌ക്രീംകോൺ കണ്ടുപിടിച്ചതിന് ഒരുപാട് അവകാശികളുണ്ട്.

ആധുനിക ഫ്രീസറുകളുടെ കണ്ടുപിടിത്തത്തിനു മുൻപ്, ഐസ്‌ക്രീം ഒരു ആർഭാടമായിരുന്നു. അത് ഉണ്ടാക്കുന്നത് അദ്ധ്വാനമേറിയ പണിയായിരുന്നു. തണുപ്പുകാലത്ത് തടാകങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും വെട്ടിയെടുത്ത ഐസ് ഭൂമിക്കടിയിൽ തുരങ്കങ്ങളിലോ മരപ്പെട്ടികളിലോ ഇഷ്ടികകൊണ്ടുണ്ടാക്കിയ ഐസ് ഹൌസുകളിലൊ വയ്ക്കോലിൽ പൊതിഞ്ഞാണ് ചൂടുകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൻ എന്നിവരും ഐസ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്രെ. ഉപ്പും ഐസും ചേർത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തിനുള്ളിൽ വയ്ക്കുന്ന പാത്രത്തിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിനെ പോട്ട്-ഫ്രീസർ രീതി എന്നാണ് പറഞ്ഞുവന്നിരുന്നത്. ഐസിൽ ഉപ്പു ചേർത്താൽ ഐസിന്റെ ഫ്രീസിങ്ങ് പോയന്റ് താഴുകയും ചെയ്യുമ്പോൾ ഐസ്‌ക്രീം എളുപ്പത്തിൽ ഉണ്ടാക്കാം. ബാൾട്ടിമോറിലെ ജേക്കബ് ഫസൽ വൻ‌തോതിൽ ഐസ്‌ക്രീം ഉണ്ടാക്കിതുടങ്ങിയ ആദ്യവ്യക്തി.

ലോകത്തു വച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ. വാനിലയാണ് ഐസ്‌ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി. ഐസ്‌ക്രീമുകൾ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഞായറാഴ്ചകളിലാണ്.