ജങ്ക് ഫുഡ് ദിനം (Junk Food Day)

ജങ്ക് ഫുഡ് ദിനം

ഇന്ന് ജൂലൈ 21 ജങ്ക് ഫുഡ് ദിനം. ജങ്ക് എന്ന ഇംഗ്ളീഷ് വാക്കിൻ്റെ അർഥം തന്നെ ഉപയോഗ ശൂന്യമായത് എന്നോ ചപ്പു ചവറുകൾ എന്നൊക്കെയാണ്. അതിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ ജങ്ക് ഫുഡിൻ്റെ ഗുണ നിലവാരം. പൊതുവേ,ജങ്ക് ഫുഡ് ശരീരത്തിനുപദ്രവം ചെയ്യുന്ന അളവിൽ പഞ്ചസാരയും ഉപ്പും ട്രാൻസ് ഫാറ്റും ഒക്കെ അടങ്ങിയവയാണ്. ഇത് ഇടയ്ക്കിടെ കഴിക്കുന്നതിലൂടെ അതൊരു ശീലമാകാനും മറ്റു ലഹരികൾ പോലെ ആസക്തി ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതാണെന്നു ചില പഠനങ്ങൾ പറയുന്നു. എന്തായാലും ഇത് കാരണം പൊണ്ണത്തടി, വിഷാദരോഗം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ് 2 ഡയബെറ്റിസ്, കാൻസർ, അകാല മരണം എന്നിവ സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്നു തന്നെ ഇവ തകരാറിലാക്കുന്നു. വളരെ പെട്ടെന്നുതന്നെ രക്തത്തിലെ ഷുഗർ ലവൽ കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടുന്നു. അതു വിശപ്പുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു കൂടുതൽ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അതുപോലെ ആസ്തമ ഉള്ളവർ ജങ്ക് ഫുഡ് കഴിക്കുന്നത് ദോഷകരമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ജങ്ക് ഫുഡ് തീർത്തും ഉപേക്ഷിക്കണമോ? പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. കാരണം, ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ജങ്ക് ഫുഡ് കഴിക്കുന്നവർക്ക് പൊണ്ണത്തടി വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് ജങ്ക് ഫുഡ് തീർത്തും ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, എല്ലാ പോഷകങ്ങളും അടങ്ങിയ, അമിതമായ കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത ഭഷണം ശീലമാക്കുക. അതോടൊപ്പം ചിട്ടയായ വ്യായാമവും ഉറപ്പുവരുത്തുക. മദ്യം പുകവലി പോലുള്ള ലഹരികൾ പരിപൂർണമായി ഉപേക്ഷിക്കുക. ഇങ്ങനെയൊരു ജീവിതശൈലി രൂപപ്പെടുത്തി നിങ്ങളുടെ ജീവിതത്തിൻ്റെ അവിഭാജ്യഘടകമായി മാറിയെന്നുറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് വളരെ വളരെ അപൂർവമായി ഒരു കൊതിയ്ക്ക് അല്പം ജങ്ക് ഫുഡ് കഴിക്കാം.