ഇന്ന് കാർഗിൽ ദിനം (Kargil Day)

കാർഗിൽ ദിനം

കാര്‍ഗില്‍ വിജയത്തിന് ഇന്ന് 21 വയസ്. 1999 ജൂലൈ 26 നാണ്, പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യന്‍ സൈന്യം കശ്മീരിലെ കാര്‍ഗില്‍ തിരികെ പിടിച്ചെടുത്തത്.

ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ ശരിക്കും തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍. വര്‍ഷത്തില്‍ ഒമ്പത് മാസവും ഐസ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. 1999 മേയിലാണ്, ഇവിടേക്ക് മാസങ്ങൾക്കുമുൻപു തുടങ്ങിയ പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവരാണ് വിവരം സേനയെ അറിയിച്ചത്. അപ്പോഴേക്കും പാക്ക് സൈന്യം അതിര്‍ത്തിക്കിപ്പുറത്തു ശക്തമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന അതിശക്തമായ ഏറ്റുമുട്ടൽ 72 ദിവസം നീണ്ടു. ഒടുവിൽ പരാജയം സമ്മതിച്ചു പാക്കിസ്ഥാന് പിൻമാറേണ്ടി വന്നു. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. മലയാളികളടക്കം 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു. അതേസമയം 453 സൈനികരെ നഷ്ടപ്പെട്ടെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു

1999 മേയ് 3 ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആടു മേയ്ക്കാനിറങ്ങിയവര്‍ ഇന്ത്യന്‍ പ്രദേശത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശവാസികളായതിനാല്‍ സ്ഥലത്തിന്റെ മുക്കും മൂലയും പരിചയമുള്ളവരായിരുന്നു ആട്ടിടയന്‍മാര്‍. മുന്‍പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലാത്തതിനാല്‍ അവര്‍ തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ശ്രീനഗറില്‍നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. ശൈത്യകാലത്ത് മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം. കാലാവസ്ഥ മോശമായതിനാലും തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റം കുറവായതിനാലും ആട്ടിടയന്‍മാര്‍ ചൂണ്ടികാണിച്ച മേഖലകളില്‍ കാര്യമായ പട്രോളിങ് ഇല്ലായിരുന്നു. മേയ് രണ്ടാംവാരം ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്ഥലത്തേക്ക് പോയി. അവര്‍ മടങ്ങിവന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ മേഖലയിലേക്ക് കടന്നുകയറിയതായി സൈന്യത്തിന് മനസിലായി. അവരെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സൈന്യം. എന്നാല്‍ തൊട്ടുപിന്നാലെ കാര്‍ഗിലില്‍ വിവിധ ഭാഗങ്ങളില്‍ ശത്രുസൈനികരുടെ സാന്നിധ്യമുണ്ടെന്ന സ്ഥിരീകരണം ലഭിച്ചു. നൂറു കണക്കിന് പാക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിവരം. ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ സൈന്യം വലിയ സൈനിക നടപടിക്ക് തുടക്കമിട്ടു – ഓപ്പറേഷന്‍ വിജയ്. രണ്ടു ലക്ഷത്തോളം സൈനികരാണ് യുദ്ധത്തിന്റെ ഭാഗമായത്. 30,000 പേര്‍ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തു. അർധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും യുദ്ധത്തില്‍ പങ്കാളികളായി. ഇന്ത്യ പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍. തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വര്‍ധിപ്പിച്ചു.

ഉയരത്തിന്റെ മുൻതൂക്കമുള്ള മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെതിരെ താഴ്വാരത്ത് നിന്ന് യുദ്ധം ചെയ്യേണ്ട സ്ഥിതിവിശേഷം. രണ്ട് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധം അതിന്റെ സജീവതലത്തിലായി. ദുര്‍ഘടമായ ഭൂപ്രകൃതിയാണ് കാര്‍ഗിലിലേത്. കുന്നുകള്‍ നിറഞ്ഞ പ്രദേശം. ഗതാഗത സൗകര്യങ്ങള്‍ കുറവ്. ലേയില്‍നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതപോലും രണ്ടുവരി. ഈ റോഡ് കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും താവളമുറപ്പിച്ച് വെടിവയ്പ്പ് ആരംഭിച്ചതോടെ സൈനിക നീക്കം തടസപ്പെട്ടു. ഉയരങ്ങളിലുള്ള പാക് സൈന്യത്തിനായിരുന്നു അപ്രമാദിത്യം. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളുമായി സര്‍വ സജ്ജരായിരുന്നു പാക് സേന. യുദ്ധം ജയിക്കാന്‍ ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. അതിന് പാക് നിയന്ത്രണത്തിലുള്ള പോസ്റ്റുകള്‍ മോചിപ്പിക്കണം. ഒട്ടുംവൈകാതെ തന്നെ ഇന്ത്യൻ സൈന്യം നടപടികള്‍ ആരംഭിച്ചു.

1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം. ടൈഗര്‍ ഹില്‍ പിടിക്കാതെ യുദ്ധം ജയിക്കാനാകില്ലെന്ന് സൈനിക നേതൃത്വത്തിന് അറിയാമായിരുന്നു.
ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. പോരാട്ടത്തില്‍ പത്തു ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സൈനികരുടെ സന്ദേശമെത്തി – ടൈഗര്‍ ഹില്‍ പിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചപ്പോള്‍ താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷവെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടര്‍ന്നു. യുദ്ധത്തില്‍ അഞ്ഞൂറിൽ താഴെ സൈനികരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.

പോരാളികളായി മലയാളി സൈനികർ‍, നാലുപേര്‍ക്ക് വീരചക്രം നിരവധി മലയാളി സൈനികരാണ് യുദ്ധത്തില്‍ വീരചരമമടഞ്ഞത്. പതിനെട്ടാം ഗ്രനേഡിയേഴ്സിലെ ലഫ്റ്റനന്റ് കേണല്‍ ആര്‍. വിശ്വനാഥന്‍(മരണാനന്തരം), 158 മീഡിയം പീരങ്കി റെജിമെന്റിലെ ക്യാപ്റ്റന്‍ ആര്‍.ജെറി പ്രേംരാജ് (മരണാനന്തരം), നാലാം ഫീല്‍ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള (മരണാനന്തരം), പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്റ്റന്‍ എം.വി. സൂരജ് എന്നിവര്‍ക്കാണ് വീരചക്രം ലഭിച്ചത്. ക്യാപ്റ്റന്‍ പി.വി.വിക്രമിനും (മരണാനന്തരം) ക്യാപ്റ്റന്‍ സാജു ചെറിയാനും ധീരതയ്ക്കുള്ള സേനാമെഡല്‍ ലഭിച്ചു. ഇതിനു പുറമേ വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍ക്ക് വായുസേനാ മെഡല്‍ ലഭിച്ചു. കശ്മീരിലെ വായുസേനാ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ എയര്‍ വൈസ് മാര്‍ഷല്‍ നാരായണ മേനോന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഉത്തമ യുദ്ധ സേവാ മെഡലും ഗ്രൂപ്പ് ക്യാപ്റ്റന്‍ മാത്യൂസും കുഞ്ഞിക്കൊമ്പില്‍ ജോസഫും ഉള്‍പ്പെടെ എട്ടുപേര്‍ക്കു യുദ്ധസേവാ മെഡലും ലഭിച്ചു.