Entertainment (Page 96)

പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് 1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നത് ഏറെ വിവാദമായിരുന്നു. നീണ്ട നാളുകളുടെ പോരാട്ടത്തിനൊടുവിലാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രം മാര്‍ച്ച് 3-നാണ് റിലീസ് ചെയ്യുന്നത്.

‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റി. ഒട്ടേറെ കറുപ്പ് കണ്ടു, കറുത്ത മനസ്സുകളെ കണ്ടു. അവരോട് യുദ്ധം ചെയ്തു, വിജയിച്ചു വെന്നിക്കൊടി പാറിച്ചു. സഹായിച്ച പ്രധാനമന്ത്രി മോദിജിക്കും, വക്കീല്‍ സുഹൃത്തുക്കള്‍ക്ക് നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും, കണ്ടു. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും പുതുതായി ചാര്‍ജ്ജെടുത്ത സെന്‍സര്‍ ഓഫീസര്‍ അജയ് ജോയ് സര്‍ ആത്മാര്‍ഥതയോടെ ഇടപെട്ടു. അദ്ദേഹത്തിന്റെ സഹായി സിദ്ധാര്‍ത്ഥനും, സഹപ്രവര്‍ത്തകരും കൂടെ നിന്നു. അവര്‍ക്ക് പ്രത്യേകം നന്ദി’ എന്ന് രാമസിംഹന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതല്‍ പുഴ വരെ’ സംസാരിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹന്‍ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഋഷഭ് ഷെട്ടി സംവിധനം ചെയ്ത് തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു കാന്താര. 2023-ലെ ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡാണ് ഋഷഭ് ഷെട്ടിയെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.

ഫെബ്രുവരി 20-ന് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങും. ‘കാന്താര’യിലെ ‘ശിവ’ ആയിട്ടുള്ള പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടന്‍ ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഫെബ്രുവരി 15 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാന്‍ കഴിയും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.

അയ്യപ്പ ഭക്തയായ കല്ലു എന്ന ബാലിക തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാല്‍ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ ‘വരാഹരൂപം’ പകര്‍പ്പവകാശം ലംഘിച്ചാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന കേസില്‍ കേരളത്തിലെ വിതരണക്കാരായ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ ഏഴ് പേരില്‍ നിന്ന് കൂടി മൊഴിയെടുക്കും.

സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥിനെയും ചോദ്യംചെയ്യും. ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഋഷഭ് ഷെട്ടി, നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍പോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.

വരാഹരൂപം ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം പകര്‍പ്പവകാശം ലംഘിച്ചെന്ന കേസില്‍ കാന്താരയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാന്‍ സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

ചെന്നൈ: രാഷ്ട്രീയത്തില്‍ ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ ശത്രുവെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ പറഞ്ഞു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്സ് ഉദ്ഘാടനം ചെയ്ത് എഗ്മോറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’21ആം വയസ് മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകടിപ്പിക്കുന്ന രീതിയില്‍ പക്വത പ്രാപിച്ചു. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ദൈവമാണ്. ഡോ.ബി.ആര്‍ അംബേദ്കറിനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ജാതിയെ ഇല്ലാതാക്കാന്‍ പോരാടി. അത് ഇനിയും തുടരേണ്ടതുണ്ട്. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് നീലം സാംസ്‌കാരിക കേന്ദ്രം’- കമല്‍ഹാസന്‍ പറഞ്ഞു.

ആര്‍ട്ട് സിനിമകളെ മുഖ്യധാരാ സിനിമകളെ പോലെത്തന്നെ ജനകീയമാക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച സംവിധായകനാണ് പാ രഞ്ജിത്തെന്നും കമല്‍ഹാസന്‍ പറഞ്ഞു. നീലം ബുക്‌സിന്റെ പുസ്തകങ്ങള്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുമെന്ന് പാ രഞ്ജിത്ത് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ നല്‍കുന്നതിനാല്‍ ബോളിവുഡ് തന്നെ രാഷ്ട്രീയക്കാരനാക്കുന്നു എന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

എല്ലാ സമയത്തും ബോളിവുഡ് താരങ്ങള്‍ രാഷ്ട്രീയക്കാരുമായി അടുപ്പം പുലര്‍ത്തിയിട്ടുണ്ട്. എന്നാലത് രഹസ്യമായാണെന്നും സംവിധായകന്‍ പറഞ്ഞു. ‘എനിക്ക് ഷാരൂഖ് ഖാനോട് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഞാന്‍ നരേന്ദ്ര മോദിക്ക് നല്‍കുന്ന പിന്തുണകൊണ്ട് ബോളിവുഡില്‍ ചിലര്‍ക്ക് എന്നെ ഇഷ്ടമല്ല. ഞാന്‍ രാഷ്ട്രീയ സിനിമകള്‍ ഒരുക്കുന്നുവെന്ന് അവര്‍ പറയുന്നു. അമിതാഭ് ബച്ചന്‍ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നില്ലേ? ആമിര്‍ ഖാന്‍ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അടുത്ത ആളാണ്. ദീപികയും അങ്ങനെ തന്നെ. എന്നേക്കുറിച്ച് തുറന്ന് സംസാരിക്കുന്നു. രാഷ്ട്രീയക്കാരോട് ആഭിമുഖ്യം ഇല്ലാത്ത ഒരു താരത്തെക്കുറിച്ച് പറയൂ. അവരെല്ലാം രഹസ്യമായാണ് ചെയ്യുന്നത് എന്ന് മാത്രം. നര്‍മ്മദാ സമരത്തിന് മേധാ പട്കറിനൊപ്പം ആമിര്‍ ഖാന്‍ ഇരുന്നില്ലേ? അദ്ദേഹം രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലേ? എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്?- വിവേക് അഗ്‌നിഹോത്രി പറഞ്ഞു. ഷാരൂഖ് ഖാനെ കുറിച്ച് മോശമായി എന്തെങ്കിലും പറയുമ്‌ബോള്‍ ട്രോളുകളുമായി വരുന്നവര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖാന്‍ സാഹബിനെക്കുറിച്ച് ഒരു വാക്ക് പറയൂ, ബോളിവുഡിലെ ബാദ്ഷായെ പിന്തുണയ്ക്കാന്‍ ആരൊക്കെ വരുന്നു എന്ന് നോക്കൂ. മുഴുവനും കോണ്‍ഗ്രസ് ടീം. ആരാണ് ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നത്? അതും കോണ്‍ഗ്രസ്. ‘ദി കശ്മീര്‍ ഫയല്‍സ്’ ബിജെപിയുടെ അജണ്ടയെ പിന്തുണച്ചാല്‍ എന്താണ് പ്രശ്നമെന്നും വിവേക് അഗ്‌നിഹോത്രി ചോദിച്ചു.

എസ്.എസ് രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്. രാജമൗലിയുമായി നടത്തിയ വീഡിയോ ചാറ്റിനിടെയാണ് സ്പീല്‍ബര്‍ഗിന്റെ പരാമര്‍ശം.

ആര്‍.ആര്‍.ആര്‍ കണ്ടുവെന്നും ചിത്രം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ആര്‍.ആര്‍ മികച്ച അനുഭവം സമ്മാനിച്ചുവെന്നും സംവിധായകന്‍ വ്യക്തമാക്കി. നേരത്തെ ലോസ് ആഞ്ജലിസില്‍ വെച്ചുനടന്ന എണ്‍പതാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനച്ചടങ്ങില്‍ രാജമൗലിയും സ്പീല്‍ബര്‍ഗും തമ്മില്‍ കണ്ടിരുന്നു.

അതേസമയം, സ്പീല്‍ബര്‍ഗിനെ നേരിട്ട് കണ്ട സന്തോഷം ട്വിറ്ററിലൂടെ രാജമൗലി പങ്കുവെച്ചിരുന്നു. ‘ഞാന്‍ ദൈവത്തെ കണ്ടു’ എന്നാണ് രാജമൗലി ട്വിറ്ററില്‍ അന്ന് കുറിച്ചത്.

ഹരീഷ് പേരടി നായകനാകുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിക്കെതിരെ സഖാക്കളുടെ സൈബര്‍ ആക്രമണം. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെ വിമര്‍ശകനായ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ എന്തിന് പങ്കുവെച്ചു എന്ന് ചോദിച്ചു കൊണ്ടാണ് സൈബര്‍ ആക്രണം.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് എം.എം.ബേബി. ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന മലയാളസിനിമയുടെ പോസ്റ്റര്‍ അതിന്റെ നിര്‍മ്മാതാവിന്റെ അഭ്യര്‍ത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നല്‍കുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചിലസുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗല്‍ഭരായ ആ രണ്ടു നടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ല’.

‘അങ്ങനെയിരിക്കുമ്‌ബോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യര്‍ത്ഥന. ചലച്ചിത്ര നിര്‍മ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റര്‍ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോള്‍ പ്രശ്‌നമില്ല; ഫേയ്‌സ്ബുക്കില്‍ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാര്‍ട്ടിക്കും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍; അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ ഫേയ്‌സ്ബുക്കില്‍ വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്’ എന്നുമാണ് എം.എ ബേബി ഫേയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

റിലീസിന് മുന്‍പേ തന്നെ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ് ചിത്രം ‘പഠാന്‍’ ബോക്സോഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. 900 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യഷ് രാജ് ഫിലിംസാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടി പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ പഠാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.

കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം ഈ പ്രണയദിനത്തില്‍ റീ റിലീസിനൊരുങ്ങുന്ന എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൊറോമ മഹാമാരിയ്ക്കിടയിലും വന്‍ വിജയമായിരുന്നു ഹൃദയം. ഈ പ്രണയ ദിനത്തില്‍ ചിത്രം വീണ്ടും പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ആരാധകര്‍.