ഇടതുപക്ഷ വിരുദ്ധന്റെ സിനിമ പോസ്റ്റര്‍ പങ്കുവെച്ചു; എം.എ ബേബിക്കെതിരെ സഖാക്കളുടെ സൈബര്‍ ആക്രമണം

ഹരീഷ് പേരടി നായകനാകുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിക്കെതിരെ സഖാക്കളുടെ സൈബര്‍ ആക്രമണം. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെ വിമര്‍ശകനായ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ എന്തിന് പങ്കുവെച്ചു എന്ന് ചോദിച്ചു കൊണ്ടാണ് സൈബര്‍ ആക്രണം.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് എം.എം.ബേബി. ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന മലയാളസിനിമയുടെ പോസ്റ്റര്‍ അതിന്റെ നിര്‍മ്മാതാവിന്റെ അഭ്യര്‍ത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നല്‍കുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചിലസുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗല്‍ഭരായ ആ രണ്ടു നടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ല’.

‘അങ്ങനെയിരിക്കുമ്‌ബോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യര്‍ത്ഥന. ചലച്ചിത്ര നിര്‍മ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റര്‍ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോള്‍ പ്രശ്‌നമില്ല; ഫേയ്‌സ്ബുക്കില്‍ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാര്‍ട്ടിക്കും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍; അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ ഫേയ്‌സ്ബുക്കില്‍ വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്’ എന്നുമാണ് എം.എ ബേബി ഫേയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.