പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് 1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നത് ഏറെ വിവാദമായിരുന്നു. നീണ്ട നാളുകളുടെ പോരാട്ടത്തിനൊടുവിലാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രം മാര്‍ച്ച് 3-നാണ് റിലീസ് ചെയ്യുന്നത്.
‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റി. ഒട്ടേറെ കറുപ്പ് കണ്ടു, കറുത്ത മനസ്സുകളെ കണ്ടു. അവരോട് യുദ്ധം ചെയ്തു, വിജയിച്ചു വെന്നിക്കൊടി പാറിച്ചു. സഹായിച്ച പ്രധാനമന്ത്രി മോദിജിക്കും, വക്കീല്‍ സുഹൃത്തുക്കള്‍ക്ക് നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും, കണ്ടു. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും പുതുതായി ചാര്‍ജ്ജെടുത്ത സെന്‍സര്‍ ഓഫീസര്‍ അജയ് ജോയ് സര്‍ ആത്മാര്‍ഥതയോടെ ഇടപെട്ടു. അദ്ദേഹത്തിന്റെ സഹായി സിദ്ധാര്‍ത്ഥനും, സഹപ്രവര്‍ത്തകരും കൂടെ നിന്നു. അവര്‍ക്ക് പ്രത്യേകം നന്ദി’ എന്ന് രാമസിംഹന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതല്‍ പുഴ വരെ’ സംസാരിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹന്‍ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

