ലോസ് ആഞ്ചല്‍സ്: 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ ആര്‍ആര്‍ആര്‍-ലെ നാട്ടു നാട്ടു എന്ന ഗാനം നേടി. ഓരോ ഭാരതീയന്റെയും അഭിമാന നിമിഷം ആയി അത് മാറിയിരിക്കുകയാണ്. ഈ സമ്മാനം നേടുന്ന ഒരു ഇന്ത്യന്‍ സിനിമയിലെ ആദ്യ ഗാനമായി ഇത് മാറി.
ഒരു ഏഷ്യന്‍ സിനിമയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യ ഗാനം, ഓസ്‌കാര്‍ നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ഇതര ഗാനം, ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ആദ്യ ഓസ്‌കാര്‍ പുരസ്‌കാരം എന്നീ നേട്ടങ്ങള്‍ ഈ ഗാനം ഇപ്പോള്‍ സ്വന്തമാക്കി.
ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്ബടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

