ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ വോട്ട് ചെയ്ത കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രേക്ഷകരെ അറിയിച്ച് അക്കാദമി അംഗം കൂടിയായ സൂര്യ ശിവകുമാര്‍. ഓസ്‌കറിലെ സൂര്യയുടെ ആദ്യ വോട്ട് കൂടിയാണിത്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യന്‍ അഭിനേതാവാണ് നടന്‍.
അതേസമയം, സിനിമയുടെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനെയും സുഷ്മിത് ഘോഷിനെയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാറുഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്സല്‍ എന്നിവരും നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവരും മുന്‍പേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.

