ഈ വര്‍ഷത്തെ മലയാളത്തിലെ 100 കോടി ക്ലബ് ചിത്രം എന്ന നേട്ടം ഉണ്ണി മുകുന്ദന്‍ സിനിമയായ മാളികപ്പുറം സ്വന്തമാക്കിയിരുന്നു.
ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള.
അഭിനയിക്കുന്ന എല്ലാ സിനിമകളിലും സൈജു കുറുപ്പിന്റെ കഥാപാത്രം പണം കടം വാങ്ങുമെന്ന ട്രോളുകള്‍ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത്തരം ട്രോളുകള്‍ സൈജു കുറുപ്പ് തന്നെ സമൂഹമാദ്ധ്യമങ്ങില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ പങ്കുവച്ച ട്രോളിലാണ് അഭിലാഷ് പിള്ള കമന്റ് ചെയ്തിരിക്കുന്നത്. ‘മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍ പൊളിക്കും’ എന്ന കുറിപ്പോടെയായിരുന്നു നടന്‍ ട്രോള്‍ പങ്കുവച്ചത്. ‘മാളികപ്പുറം 2ല്‍ ഞാന്‍ പറയാം കടം വാങ്ങിച്ചതിനുള്ള യഥാര്‍ത്ഥ കാരണം’ എന്നായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം. ഇതോടെയാണ് മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്.

