‘സൗദി വെള്ളക്ക’ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ഇരുപത്തിമൂന്നാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളചിത്രം സൗദി വെള്ളക്കയും. തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള ഏക സിനിമയാണ്.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും തനിമ ചോരാതെ അവതരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമാണ് സൗദി വെള്ളക്ക.

ഗോവയില്‍ നടന്ന ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ സൗദി വെള്ളക്ക തിയേറ്ററിലും, ഒ.ടി.ടിയിലും പ്രേക്ഷക പ്രശംസ നേടിയ ശേഷമാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എത്തുന്നത്. കൂടാതെ ഇന്ത്യന്‍ പനോരമയില്‍ ഐ.സി.എഫ്.റ്റി യുനെസ്‌കോ ഗാന്ധി മെഡല്‍ അവാര്‍ഡിന് പരിഗണിച്ച മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.