ബംഗളൂരു: ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപിനെതിരെ ജനതാദള്‍(സെക്യുലര്‍). കിച്ച ഭാഗമായ സിനിമകളും ടെലിവിഷന്‍ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഇതേ ആവശ്യമുയര്‍ത്തി ഒരു അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്. ശിവമോഗ സ്വദേശിയായ അഡ്വ. കെ.പി ശ്രീപാല്‍ ആണ് കിച്ച സുദീപിന്റെ ചിത്രങ്ങളും ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വിലക്കേര്‍പ്പെടുത്താനാണ് ആവശ്യം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബുധനാഴ്ച കിച്ച പ്രഖ്യാപിച്ചിരുന്നു. കിച്ച സുദീപും കന്നഡ താരമായ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ ചേരുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് കിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.
എനിക്ക് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല. പണത്തിനോ പദവിക്കോ വേണ്ടിയല്ല ഇവിടെ എത്തിയത്. ഒരു വ്യക്തിക്കു വേണ്ടി മാത്രമാണ് ഇവിടെയെത്തിയത്. മുഖ്യമന്ത്രി ബൊമ്മൈയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടാണ് ബൊമ്മൈയ്ക്കു പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുന്നത്’-കിച്ച സുദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൊമ്മൈയെ പൂര്‍ണമായി പിന്തുണക്കുന്നുണ്ടെന്നും ഒരു പൗരനെന്ന നിലയ്ക്ക് പ്രധാനമന്ത്രി മോദിയുടെ ചില തീരുമാനങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുകയുമില്ല. പൂര്‍ത്തിയാക്കാന്‍ ഒരുപാട് സിനിമകള്‍ ബാക്കിയുണ്ടെന്നും അതായിരിക്കും ആരാധകര്‍ക്ക് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

