‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി രംഗത്ത്. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്നും ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോര്‍ന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആടുജീവിതത്തിന്റെ കുറച്ച് ദൃശ്യങ്ങള്‍ അനൗദ്യോഗികമായി ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുഎസിലെ ഡെഡ്‌ലൈന്‍ എന്ന മാഗസിനിലാണ് ദൃശ്യങ്ങള്‍ ആദ്യമായി വന്നതെന്ന് മനസിലാക്കിയത്. ഇത് മൂന്ന് മിനിറ്റോളം ഉള്ള ഒരു കണ്ടെന്റ് ആണ്. ട്രെയ്ലര്‍ എന്ന രീതിയില്‍ അതിനെ വിളിക്കാന്‍ പറ്റില്ല. ചലച്ചിത്ര മേളകള്‍ക്കും ലോകമെമ്ബാടുമുള്ള റിലീസിന് വേണ്ടി ഏജന്റ്‌സിനെ കാണിക്കാനുള്ള ദൃശ്യങ്ങളാണ് അവ. ഇത് ഇപ്പോള്‍ ഇങ്ങനെ പ്രചരിക്കുന്നതില്‍ ഞങ്ങള്‍ക്ക് നല്ല ദുഃഖമുണ്ട്. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ നടക്കുന്നതേയുള്ളു’- ബ്ലെസി വ്യക്തമാക്കി.
അതേസമയം, സിനിമയുടെ ട്രെയ്ലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോര്‍ന്ന സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജ് ഔദ്യോഗികമായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

