Entertainment (Page 74)

ഇനി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വസ്ത്രം ധരിക്കില്ലെന്ന നിലപാടുമായി നടി കങ്കണ റണാവത്. ഫാഷന്‍ ബ്രാന്‍ഡുകളുടെ പോക്കറ്റ് നിറച്ചുകൊണ്ട് താന്‍ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയാവുകയായിരുന്നു എന്ന് കങ്കണ ചൂണ്ടിക്കാട്ടി.

2018 മുതല്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ചെടുത്ത താരത്തിന്റെ ഫാഷന്‍ ലുക്കുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിക്കൊണ്ടായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേയും പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ മാത്രം വാങ്ങിക്കൊണ്ട് അവരുടെ പോക്കറ്റ് ഞാന്‍ നിറച്ചു. നമ്മുടെ സംസ്‌കാരം നശിപ്പിക്കുകയാണ് പക്ഷേ അവര്‍ ചെയ്തത്. പരിസ്ഥിതിക്ക് ഇത്തരം വസ്ത്രങ്ങളും ബാഗുകളും ഏത് തരത്തിലുള്ള പത്യാഘാതം ഉണ്ടാക്കുമെന്ന് പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും താരം പറയുന്നു.

അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ പാശ്ചാത്യ സ്ത്രീയെ പോലെയാവാനാണ് ധരിച്ചത്. ഇപ്പോള്‍ ഒരു വസ്ത്രം വാങ്ങിയാല്‍ എത്ര ഇന്ത്യന്‍ നെയ്തുകാര്‍ക്ക് പ്രയോജനം കിട്ടുന്നുണ്ടെന്ന് മാത്രമാണ് താന്‍ ഓര്‍ക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ മണി രത്നത്തിന്റെ സ്വപ്ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തിയേറ്റര്‍ വിജയത്തിനു പിന്നാലെ ഇപ്പോള്‍ ഒടിടി സ്ട്രീമിംഗിനെത്തിയിരിക്കുകയാണ്.

ഏപ്രില്‍ 28-ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന സ്ഥാനം കരസ്ഥമാക്കി. വിജയ് ചിത്രം വാരിസിനെയും മറികടന്നാണ് പി എസ് 2 ആദ്യ സ്ഥാനം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും മുന്നേറാന്‍ ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെന്റ് ചെയ്ത് കാണാന്‍ അവസരം നല്‍കിയ പ്രൈം വീഡിയോ ഇപ്പോള്‍ എല്ലാ സബ്സ്‌ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരന്ന് അരങ്ങു തകര്‍ത്ത സിനിമയാണിത്. ഇന്നും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മുംബൈ: ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയായി വേഷമിട്ട നടന്‍ ഗുഫി പേന്തല്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.

‘ഞങ്ങളുടെ പിതാവ് മിസ്റ്റര്‍ ഗുഫി പേന്തല്‍ (ശകുനി മാമ) അന്തരിച്ചു. വിയോഗത്തില്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു’-. ഗുഫി പേന്തലിന്റെ കുടുംബം പത്രകുറിപ്പില്‍ അറിയിച്ചു.

അഭിനേതാവ് എന്നതിനപ്പുറം ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദില്ലഗി (1978), ദേസ് പര്‍ദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീര്‍ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിന്‍, കര്‍മ്മഫല് ദാതാ ഷാനി, കര്‍ണ്‍ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.

മുംബൈ: സ്‌കൂപ്പ് എന്ന വെബ് സീരീസില്‍ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചെന്ന പരാതിയുമായി മാഫിയ തലവന്‍ ഛോട്ടാ രാജന്‍ ബോംബെ ഹൈക്കോടതിയില്‍. നെറ്റ്ഫ്‌ലിക്‌സില്‍ സീരീസ് ഇതിനകം റിലീസ് ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ശിവകുമാര്‍ ജി ദിഗെ ചൂണ്ടിക്കാട്ടി. അതേസമയം ബന്ധപ്പെട്ട കക്ഷികള്‍ക്ക് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജഡ്ജി നോട്ടീസ് അയച്ചു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് കോടതി ജൂണ്‍ 7ലേക്ക് മാറ്റി.

2011ല്‍ മിഡ് ഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്രീകരിച്ചാണ് സ്‌കൂപ്പിന്റെ പ്രമേയം. 2018ല്‍ ഛോട്ടാ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ജിഗ്ന വോറ എന്ന മാധ്യമപ്രവര്‍ത്തകയെ കുറ്റവിമുക്തയാക്കി. ആറ് എപ്പിസോഡുകളുള്ള സ്‌കൂപ്പ്, ജിഗ്‌ന വോറയുടെ ജയില്‍ ഓര്‍മക്കുറിപ്പിനെ ആധാരമാക്കി തയ്യാറാക്കിയതാണെന്ന് നെറ്റ്ഫ്ലിക്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവി കദം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, വിചാരണക്കോടതിയുടെ ശിക്ഷാവിധി തന്റെ പേര് കളങ്കപ്പെടുത്താന്‍ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കാനാവില്ലെന്ന് ഛോട്ടാ രാജന്‍ വാദിച്ചു. സീരീസില്‍ നിന്ന് ഛോട്ടാ രാജന്റെ പേരും ചിത്രവും നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായി ആവശ്യപ്പെട്ടു. എന്നാല്‍ ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതാണെന്നും ഈ സാഹചര്യത്തില്‍ പേരും ചിത്രവും ഉപയോഗിക്കാമെന്നും അഭിഭാഷകന്‍ രവി കദം വാദിച്ചു.

തൃശ്ശൂര്‍: നടന്‍ കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നില്‍ ആയിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഫ്ളവേഴ്‌സ് ചാനല്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ കാന്താരിയാണ് കൊല്ലം സുധിയുടെ ആദ്യ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍,കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്,സ്വര്‍ഗത്തിലെ കട്ടുറുമ്ബ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സിനിമാ സംവിധായകനും ബി ജെ പി സംസ്ഥാന സമിതിയംഗവുമായ രാജസേനന്‍ സി പി എമ്മിലേക്ക്. ബി ജെ പി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് രാജസേനന്‍ വ്യക്തമാക്കി.
എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് ബി ജെ പിയില്‍ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല പാര്‍ട്ടി സി പി എം ആണ്. മനസുകൊണ്ട് താനിപ്പോള്‍ സി പി എം ആണ്. ബി ജെ പി സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്’- രാജസേനന്‍ വ്യക്തമാക്കി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി രാജസേനന്‍ മത്സരിച്ചിരുന്നു. 20,294 വോട്ടുകളാണ് അന്ന് നേടിയത്.

രാജമൗലി ചിത്രം ബാഹുബലിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ റാണ ദഗുബട്ടി. 400 കോടി രൂപ കടമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് താരം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘സിനിമ നിര്‍മാണത്തിനായുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയാമോ? സിനിമയുടെ നിര്‍മാതാവിന്റെ വീടോ സ്വത്തോ പണയംവച്ച് ബാങ്ക് വായ്പ എടുക്കും അല്ലെങ്കില്‍ പലിശയ്ക്ക് പണമെടുക്കും. ബാഹുബലിക്കായി ഏകദേശം 24- 28 ശതമാനം പലിശ നല്‍കിയിരുന്നു. ബാഹുബലിയ്ക്ക് 300-400 കോടി രൂപയാണ് കടമെടുത്തത്.

ബാഹുബലി ഒന്നാം ഭാഗം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. തെലുങ്കില്‍ അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തെക്കാള്‍ ഇരട്ടി ഞങ്ങള്‍ ചെലവാക്കി. കടം വാങ്ങിയതിനെ ന്യായീകരിക്കുന്നതിന് പോലും കണക്കില്ലായിരുന്നു. അഞ്ചര വര്‍ഷത്തിനിടെ 24 ശതമാനം പലിശയ്ക്ക് 180 കോടി കടമെടുത്തു. ഇതുവച്ചാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ കുറച്ച് ചിത്രീകരിച്ചത്. ബാഹുബലി വിജയിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’- റാണ പറഞ്ഞു.

‘ഫ്ളഷ്’ എന്ന സിനിമയുടെ റീലിസ് നിര്‍മ്മാതാവ് തടയുന്നതായി യുവസംവിധായിക ഐഷ സുല്‍ത്താന. നിര്‍മ്മാതാവിന്റെ ഭര്‍ത്താവിന്റെ ചില രാഷ്ട്രീയ താല്‍പര്യങ്ങളാണ് റിലീസിന് തടസമായി നില്‍ക്കുന്നതെന്നും ഐഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സിനിമയെ പ്രചരിപ്പിക്കുന്നവരാണ്, ലക്ഷദ്വീപിന്റെ റിയല്‍ സ്റ്റോറി പ്രദര്‍ശനത്തെ തടയുന്നത്.

‘സിനിമയോടും കലയോടുമുള്ള അനീതിയാണിത്. എന്റെ നാടിനുവേണ്ടിയുള്ള കാര്യങ്ങളാണ് സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. അതിനാണ് തടയിട്ടിരിക്കുന്നത്. റിലീസിന് വേണ്ടി ഞാന്‍ ആളുകളെ റെഡിയാക്കി കൊടുക്കുമ്‌ബോഴും ഇവര്‍ അതില്‍ താല്‍പര്യം കാണിക്കുന്നില്ല. അപ്പോഴാണ് ഇതില്‍ അജണ്ട ഉണ്ടെന്ന കാര്യം അറിയുന്നത്. പലപ്പോഴും റിലീസിന്റെ കാര്യത്തില്‍ ഇവര്‍ ഒഴിഞ്ഞുമാറി. ഒരു വര്‍ഷമായി നിര്‍മ്മാതാക്കളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവസാനമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്, ‘നീ കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചിരിക്കുകയാണ്’ എന്നാണ്. അതുകഴിഞ്ഞാണ് ഫേസ്ബുക്കില്‍ ഞാന്‍ കുറിപ്പ് എഴുതുന്നത്. കേന്ദ്രസര്‍ക്കാരിന് എതിരായ സിനിമയെന്ന് പറഞ്ഞാണ് നിര്‍മാതാവ് ഒടിടിയില്‍പ്പോലും റിലീസ് ചെയ്യാന്‍ അനുവദിക്കാത്തത്. സിനിമയ്ക്ക് ഒന്നരവര്‍ഷം മുമ്ബ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതാണ്. ലക്ഷദ്വീപില്‍നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സയ്ക്ക് കേരളത്തിലേക്ക് വിമാനത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ സിനിമയില്‍ പറയുന്നുണ്ട്. ഇത് യഥാര്‍ഥ സംഭവമല്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. ഇതൊരു കൊമേഴ്‌സ്യല്‍ സിനിമയല്ല, ആര്‍ട് ഇടകലര്‍ത്തിയാണ് ചിത്രം ചെയ്തിരിക്കുന്നത്. എന്റെ സ്‌ക്രിപ്റ്റ് പോലും വളച്ചൊടിച്ചു. എഡിറ്റിംഗ് പോലും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ മാറ്റിമറിച്ചു. എന്നിട്ടും റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് എന്റെ സങ്കടം. ഈ സിനിമ ആളുകള്‍ കാണണം. ഇതിനെക്കുറിച്ച് സംസാരിക്കണം. അത്രയധികം പ്രശ്‌നം നാട്ടിലുണ്ടായതുകൊണ്ടാണ് ഞാന്‍ ഈ സിനിമയുമായി വന്നത്. എന്തുവന്നാലും അവിടെ ഇവാക്വേഷന്‍ ആണ്. ഇത്തരം കാര്യങ്ങളാണ് സിനിമയില്‍ പറഞ്ഞത്. ലക്ഷദ്വീപില്‍ നീ പറഞ്ഞതുപോലെ പ്രശ്‌നങ്ങളില്ലെന്നാണ് ഇവര്‍ പറയുന്നത്. ഞങ്ങള്‍ക്കുവേണ്ടത് നല്ല ഡോക്ടര്‍മാരും ആശുപത്രിയുമാണ്. ഈ മാസം കൂടി നോക്കും. ഇനി അവര്‍ റിലീസ് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞാല്‍ യൂട്യൂബിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ റിലീസ് ചെയ്യും. എനിക്ക് ആവശ്യമുള്ള മൂന്ന് സീന്‍ ചിത്രത്തിലുണ്ട്. അത് റിലീസ് ചെയ്യും. ചിത്രം പെട്ടിയില്‍ വയ്ക്കാനാണെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് സിനിമ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ? ഷൂട്ടിനിടയില്‍ അവിടെ ഭക്ഷണം കിട്ടാതെ പട്ടിണി വരെ ഇരുന്നിട്ടുണ്ട്. എങ്ങനെയെങ്കിലും പടം നിര്‍ത്തിപ്പോകാന്‍ അവര്‍ ചെയ്തതാണ്. അഞ്ചു ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കണമെന്ന് നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. ലൊക്കേഷനില്‍നിന്ന് പല ഉപകരണങ്ങളും കാണാതായി. അഡ്മിനിസ്ട്രേഷനെ സ്വാധീനിച്ച് 144 പ്രഖ്യാപിച്ച് തടസം സൃഷ്ടിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ദ്വീപ് ജനതയെ ദുരിതത്തിലാക്കിയ പരിഷ്‌കാരങ്ങള്‍ നടത്തിയതും അതിനെതിരെ താന്‍ പ്രതികരിച്ചതും. തുടര്‍ന്ന് രാജ്യദ്രോഹ കേസില്‍വരെ പെടുത്തി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സിനിമയ്ക്കെതിരായ നീക്കം. ഞാന്‍ മൂന്ന് മാസമായി ലക്ഷദ്വീപിലായിരുന്നു. തിരിച്ചുവന്നതേയുള്ളു. റിലീസിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിക്കാനാണ് ഞാന്‍ തിരിച്ചുവന്നത്. ഞാന്‍ ലക്ഷദ്വീപില്‍ പോയാല്‍ എന്തൊക്ക നടക്കുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് ഞങ്ങളെ തിരിച്ചുകൊണ്ടുവരാനും പണി തരാനും അവര്‍ പരമാവധി ശ്രമിക്കുകയാണ്. പടം പെട്ടിയില്‍ കിടക്കുകയാണ്, ‘നീ കുറച്ച് കൂടി അടങ്ങിയൊതുങ്ങി നടക്ക് ഐഷാ’ എന്നു സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി ഞാന്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു’- ഐഷ സുല്‍ത്താന പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘നീലവെളിച്ചം’ ഏപ്രില്‍ 20ന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ടോവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിലെ നായിക ഭാര്‍ഗവിയെ അവതരിപ്പിച്ചത് റിമ കല്ലിങ്കലാണ്.

ചിത്രം തിയേറ്ററില്‍ അത്ര വിജയം നേടിയിരുന്നില്ല. ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസായിരിക്കുകയാണ്.

വെക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം തയ്യാറാക്കിയത്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1964-ല്‍ ബിഗ് സ്‌ക്രീനില്‍ ഈ കഥ ആവിഷ്‌കരിച്ചിരുന്നു. ‘ഭാര്‍ഗവി നിലയം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്, ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് എ വിന്‍സെന്റാണ്.

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്ന ചിത്രം ഒടിടി റിലീസ് തീയതി നേടിയത് നിരവധി ആളുകളെ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും, സിനിമയുടെ ആരാധകര്‍ തികച്ചും നിരാശരാണ്. കാരണം 6 ദിവസത്തിന് ശേഷം ആദ്യമായി 2018 സിനിമയുടെ പ്രതിദിന കളക്ഷന്‍ 1 കോടിയില്‍ താഴെയായി. ഒടിടി പ്രഖ്യാപനം വന്നതിനാല്‍ ആണ് ഈ തിരിച്ചടി.

ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്ബ് നിര്‍മ്മാതാക്കള്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതായിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ചിലര്‍ പറയുന്നതനുസരിച്ച്, സിനിമ ഒടിടി-യില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് വളരെ നേരത്തെ തന്നെ ആയതിനാല്‍ തീയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഇനി പാടായിരിക്കുമെന്നും പറയുന്നു. ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയാല്‍ സിനിമ അനാവശ്യമായി വിഭജിക്കപ്പെടുന്നതിനെക്കുറിച്ച് ചില നെറ്റിസണ്‍മാരും ആശങ്ക പ്രകടിപ്പിച്ചു.

സോണിലിവ് ചിത്രത്തിന്റെ ഒടിടി അവകാശം നല്ല വിലയില്‍ വാങ്ങി. 2018-ല്‍ കേരളത്തില്‍ നാശം വിതച്ച പ്രളയത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ജൂണ്‍ 7 മുതല്‍ സോണിലിവില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങും.