‘ഫ്ളഷ്’ എന്ന സിനിമയുടെ റീലിസ് നിര്‍മ്മാതാവ് തടയുന്നതായി യുവസംവിധായിക ഐഷ സുല്‍ത്താന. നിര്‍മ്മാതാവിന്റെ ഭര്‍ത്താവിന്റെ ചില രാഷ്ട്രീയ താല്‍പര്യങ്ങളാണ് റിലീസിന് തടസമായി നില്‍ക്കുന്നതെന്നും ഐഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സിനിമയെ പ്രചരിപ്പിക്കുന്നവരാണ്, ലക്ഷദ്വീപിന്റെ റിയല്‍ സ്റ്റോറി പ്രദര്‍ശനത്തെ തടയുന്നത്.
‘സിനിമയോടും കലയോടുമുള്ള അനീതിയാണിത്. എന്റെ നാടിനുവേണ്ടിയുള്ള കാര്യങ്ങളാണ് സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. അതിനാണ് തടയിട്ടിരിക്കുന്നത്. റിലീസിന് വേണ്ടി ഞാന്‍ ആളുകളെ റെഡിയാക്കി കൊടുക്കുമ്‌ബോഴും ഇവര്‍ അതില്‍ താല്‍പര്യം കാണിക്കുന്നില്ല. അപ്പോഴാണ് ഇതില്‍ അജണ്ട ഉണ്ടെന്ന കാര്യം അറിയുന്നത്. പലപ്പോഴും റിലീസിന്റെ കാര്യത്തില്‍ ഇവര്‍ ഒഴിഞ്ഞുമാറി. ഒരു വര്‍ഷമായി നിര്‍മ്മാതാക്കളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവസാനമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്, ‘നീ കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചിരിക്കുകയാണ്’ എന്നാണ്. അതുകഴിഞ്ഞാണ് ഫേസ്ബുക്കില്‍ ഞാന്‍ കുറിപ്പ് എഴുതുന്നത്. കേന്ദ്രസര്‍ക്കാരിന് എതിരായ സിനിമയെന്ന് പറഞ്ഞാണ് നിര്‍മാതാവ് ഒടിടിയില്‍പ്പോലും റിലീസ് ചെയ്യാന്‍ അനുവദിക്കാത്തത്. സിനിമയ്ക്ക് ഒന്നരവര്‍ഷം മുമ്ബ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതാണ്. ലക്ഷദ്വീപില്‍നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സയ്ക്ക് കേരളത്തിലേക്ക് വിമാനത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ സിനിമയില്‍ പറയുന്നുണ്ട്. ഇത് യഥാര്‍ഥ സംഭവമല്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. ഇതൊരു കൊമേഴ്‌സ്യല്‍ സിനിമയല്ല, ആര്‍ട് ഇടകലര്‍ത്തിയാണ് ചിത്രം ചെയ്തിരിക്കുന്നത്. എന്റെ സ്‌ക്രിപ്റ്റ് പോലും വളച്ചൊടിച്ചു. എഡിറ്റിംഗ് പോലും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ മാറ്റിമറിച്ചു. എന്നിട്ടും റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് എന്റെ സങ്കടം. ഈ സിനിമ ആളുകള്‍ കാണണം. ഇതിനെക്കുറിച്ച് സംസാരിക്കണം. അത്രയധികം പ്രശ്‌നം നാട്ടിലുണ്ടായതുകൊണ്ടാണ് ഞാന്‍ ഈ സിനിമയുമായി വന്നത്. എന്തുവന്നാലും അവിടെ ഇവാക്വേഷന്‍ ആണ്. ഇത്തരം കാര്യങ്ങളാണ് സിനിമയില്‍ പറഞ്ഞത്. ലക്ഷദ്വീപില്‍ നീ പറഞ്ഞതുപോലെ പ്രശ്‌നങ്ങളില്ലെന്നാണ് ഇവര്‍ പറയുന്നത്. ഞങ്ങള്‍ക്കുവേണ്ടത് നല്ല ഡോക്ടര്‍മാരും ആശുപത്രിയുമാണ്. ഈ മാസം കൂടി നോക്കും. ഇനി അവര്‍ റിലീസ് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞാല്‍ യൂട്യൂബിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ റിലീസ് ചെയ്യും. എനിക്ക് ആവശ്യമുള്ള മൂന്ന് സീന്‍ ചിത്രത്തിലുണ്ട്. അത് റിലീസ് ചെയ്യും. ചിത്രം പെട്ടിയില്‍ വയ്ക്കാനാണെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് സിനിമ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ? ഷൂട്ടിനിടയില്‍ അവിടെ ഭക്ഷണം കിട്ടാതെ പട്ടിണി വരെ ഇരുന്നിട്ടുണ്ട്. എങ്ങനെയെങ്കിലും പടം നിര്‍ത്തിപ്പോകാന്‍ അവര്‍ ചെയ്തതാണ്. അഞ്ചു ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കണമെന്ന് നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. ലൊക്കേഷനില്‍നിന്ന് പല ഉപകരണങ്ങളും കാണാതായി. അഡ്മിനിസ്ട്രേഷനെ സ്വാധീനിച്ച് 144 പ്രഖ്യാപിച്ച് തടസം സൃഷ്ടിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ദ്വീപ് ജനതയെ ദുരിതത്തിലാക്കിയ പരിഷ്‌കാരങ്ങള്‍ നടത്തിയതും അതിനെതിരെ താന്‍ പ്രതികരിച്ചതും. തുടര്‍ന്ന് രാജ്യദ്രോഹ കേസില്‍വരെ പെടുത്തി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സിനിമയ്ക്കെതിരായ നീക്കം. ഞാന്‍ മൂന്ന് മാസമായി ലക്ഷദ്വീപിലായിരുന്നു. തിരിച്ചുവന്നതേയുള്ളു. റിലീസിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിക്കാനാണ് ഞാന്‍ തിരിച്ചുവന്നത്. ഞാന്‍ ലക്ഷദ്വീപില്‍ പോയാല്‍ എന്തൊക്ക നടക്കുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് ഞങ്ങളെ തിരിച്ചുകൊണ്ടുവരാനും പണി തരാനും അവര്‍ പരമാവധി ശ്രമിക്കുകയാണ്. പടം പെട്ടിയില്‍ കിടക്കുകയാണ്, ‘നീ കുറച്ച് കൂടി അടങ്ങിയൊതുങ്ങി നടക്ക് ഐഷാ’ എന്നു സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി ഞാന്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു’- ഐഷ സുല്‍ത്താന പറഞ്ഞു.

