ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാനൊരുങ്ങി കശ്മീര്‍ ഫയല്‍സ് നിര്‍മ്മാതാവ്
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. രാമായണം ഇതിവൃത്തമായുള്ള എപിക് മിത്തോളജിക്കല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നതിനെക്കുറിച്ചാണ് വാര്‍ത്ത വരുന്നത്.
തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് ആണ് ആദിപുരുഷിന്റെ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകര്‍പ്പും പ്രദര്‍ശിപ്പിച്ചിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനിലാണ് ആദിപുരുഷ് പ്രീ റിലീസ് ഇവന്റ് നടന്നത്. പരിപാടിയില്‍ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്.








