ബാഹുബലിയ്ക്ക് 300-400 കോടി രൂപയാണ് കടമെടുത്തത്; നടന്റെ വെളിപ്പെടുത്തല്‍

രാജമൗലി ചിത്രം ബാഹുബലിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ റാണ ദഗുബട്ടി. 400 കോടി രൂപ കടമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് താരം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘സിനിമ നിര്‍മാണത്തിനായുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയാമോ? സിനിമയുടെ നിര്‍മാതാവിന്റെ വീടോ സ്വത്തോ പണയംവച്ച് ബാങ്ക് വായ്പ എടുക്കും അല്ലെങ്കില്‍ പലിശയ്ക്ക് പണമെടുക്കും. ബാഹുബലിക്കായി ഏകദേശം 24- 28 ശതമാനം പലിശ നല്‍കിയിരുന്നു. ബാഹുബലിയ്ക്ക് 300-400 കോടി രൂപയാണ് കടമെടുത്തത്.

ബാഹുബലി ഒന്നാം ഭാഗം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. തെലുങ്കില്‍ അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തെക്കാള്‍ ഇരട്ടി ഞങ്ങള്‍ ചെലവാക്കി. കടം വാങ്ങിയതിനെ ന്യായീകരിക്കുന്നതിന് പോലും കണക്കില്ലായിരുന്നു. അഞ്ചര വര്‍ഷത്തിനിടെ 24 ശതമാനം പലിശയ്ക്ക് 180 കോടി കടമെടുത്തു. ഇതുവച്ചാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ കുറച്ച് ചിത്രീകരിച്ചത്. ബാഹുബലി വിജയിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’- റാണ പറഞ്ഞു.