നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടന്‍ കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നില്‍ ആയിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഫ്ളവേഴ്‌സ് ചാനല്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ കാന്താരിയാണ് കൊല്ലം സുധിയുടെ ആദ്യ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍,കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്,സ്വര്‍ഗത്തിലെ കട്ടുറുമ്ബ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.