Entertainment (Page 228)

കോവിഡ് രണ്ടാംതരംഗത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ നീളുന്ന സാഹചര്യത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മാലിക് പൃഥ്വിരാജ് നായകനാകുന്ന തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ് എന്നീ സിനിമകള്‍ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് ഇരു ചിത്രങ്ങളുടേയും നിര്‍മ്മാതാവ്. ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ച സാഹചര്യം വിശദീകരിച്ച് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ആന്റോ ജോസഫ് നല്‍കിയതായുള്ള കത്ത് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുമുണ്ട്.

മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയ മാലിക് തീയേറ്ററുകള്‍ റിലീസ് ചെയ്യുന്നതിനായി താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും കൊവിഡ് വ്യാപനം കുറയുകയും സെക്കന്റ് ഷോ നടപ്പാവുകയും ചെയ്തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണെന്നും പക്ഷെ, നിര്‍ഭാഗ്യവശാല്‍ കൊവിഡ് വ്യാപനം കൂടുകയും വീണ്ടും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതാണ് പ്രശ്‌നമായതെന്നുമാണ് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അമരാവതി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി നടൻ മഹേഷ് ബാബു. സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ എത്തിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമാണ് മഹേഷ് ബാബു വാക്‌സിൻ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും നമ്രത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏഴ് ദിവസത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവാണ് ഗ്രാമത്തിൽ പൂർത്തിയായത്. ഗ്രാമം പൂർണ്ണമായും വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നും വാക്‌സിൻ സ്വീകരിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും നമ്രത പറഞ്ഞു.

മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങൾക്ക് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.

ബംഗാളിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് ബുദ്ധദേബ് ദാസ് ഗുപ്ത. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി കവിതാസമാഹാരങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ബാഗ് ബഹദൂർ (1989), ചരാച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മെയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമകൾക്കെല്ലാം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദൂരത്വ (1978), തഹാദർ കഥ (1993) എന്നീ സിനിമകൾ മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത് ഹിറ്റായ വെബ് സീരീസാണ് ഫാമിലിമാന്‍ 2. തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നു എന്നതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളിലായി ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനെതിരെ തമിഴ്‌സംവിധായകന്‍ ഭാരതിരാജയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ തമിഴില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭാരതിരാജ സീരീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ, ഫാമിലി മാന്‍ സീസണ്‍ 2 ന്റെ സ്ട്രീമിംഗ് നിര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതില്‍ അസ്വസ്ഥരാണ്. തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ഈ സീരീസ് നിര്‍മ്മിച്ചതെന്ന് സീരീസിലെ രംഗങ്ങള്‍ വെളിപ്പെടുത്തുന്നു. നല്ല ഉദ്ദേശ്യങ്ങളും വീര്യവും വലിയ ത്യാഗങ്ങളും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താന്‍ അപലപിക്കുന്നു. സ്ട്രീമിംഗ് ഉടന്‍ നിര്‍ത്തണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റില്‍ ഭാരതി രാജ പറയുന്നു.

കൊച്ചി: മുൻ എംഎൽഎയ്ക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. സിപിഐ നേതാവും ഹൊസ്ദുർഗ് മുൻ എംഎൽഎയുമായ എം.നാരായണനാണ് മമ്മൂട്ടി സഹായം ഉറപ്പു നൽകിയിരിക്കുന്നത്. ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. എം നാരായണന് അഞ്ചു ലക്ഷം രൂപ ഹൃദയശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നുള്ള മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം നിംസിൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം മമ്മൂട്ടി ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും നാരായണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ പോലെ ഒരാളെ സഹായിക്കാനുള്ള മനസ് കാണിച്ചതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുവെന്നും നാരായണൻ വ്യക്തമാക്കി. മമ്മൂട്ടിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തനിക്ക് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി ഉറപ്പു നൽകിയതായും നാരായണൻ കൂട്ടിച്ചേർത്തു.

പെൻഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടാണ് നാരായണൻ ഉപജീവനം നടത്തിയിരിുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് രോഗം കൂടി എത്തിയതോടെ അദ്ദേഹത്തിന്റെ അവസ്ഥ ഏറെ പരുങ്ങലിലായി. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടൊയാണ് മമ്മൂട്ടി അദ്ദേഹത്തിന് സഹായം വാഗ്ദാനവുമായി രംഗത്തെത്തിയത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചലച്ചിത്രം ഹംഗാമ 2 വിന്റെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങൾ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി. എന്റർടെയ്ൻമെന്റ് വെബ്‌സൈറ്റ് ആയ ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ റൈറ്റ്‌സ് ഇനത്തിൽ മാത്രം ഹോട്ട്‌സ്റ്റാർ ചിത്രത്തിന് നൽകിയത് 30 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.

പ്രിയദർശൻ എട്ട് വർഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഹംഗാമ 2. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് പരേഷ് റാവലും ശിൽപ ഷെട്ടിയും മീസാൻ ജാഫ്രിയുമാണ്. അക്ഷയ് ഖന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർത്താൽ 36 കോടി രൂപയോളം ഹംഗാമ 2 നായി ഹോട്ട് സ്റ്റാർ ചെലവഴിച്ചെന്നാണ് വിവരം.

മ്യൂസിക് റൈറ്റ്‌സ് ഉൾപ്പെടെയുള്ള മറ്റവകാശങ്ങൾ കൂടി ചേർത്താൽ ചിത്രത്തിന് ആകെ ലഭിച്ച വരുമാനം 45 കോടി രൂപയോളം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 30 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ഹംഗാമ 2. 2003 ൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് ഹംഗാമ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഹംഗാമ 2. 1984 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ പൂച്ചക്കൊരു മൂക്കൂത്തി ഹിന്ദിയിൽ പുന:സൃഷ്ടിച്ചതാണ് ഹംഗാമ എന്ന സിനിമ.

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി പുറത്തിറക്കിയ ആപ്പായ പിഡബ്ല്യുഡി ഫോര്‍ യു വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി നിലവില്‍ വരും. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കും. ഇനി പൂര്‍ത്തിയാകാനുള്ള ഡിജിറ്റലൈസേഷന്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയും. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.

ന്യൂഡൽഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. രാജ്യത്ത് 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ശേഷമാണ് ഡൽഹി ഹൈക്കോടതി പിഴ വിധിച്ചത്. ജൂഹി ചൗളയുടെ ഹർജി ന്യൂനതകളുള്ളതാണെന്നും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ അദ്ധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും വ്യക്തമാക്കിയായിരുന്നു ജൂഹി ഡൽഹി ഹൈക്കോടതിയിൽ 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ഹർജി സമർപ്പിച്ചിരുന്നത്. 5 ജി സാങ്കേതിക വിദ്യ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും അപകടകരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

പ്രശസ്തിയ്ക്ക് വേണ്ടിയാണ് ജൂഹി ഹർജി സമർപ്പിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ വെർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഹർജിയിൽ വെർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയലക്ഷ്യത്തിന് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ഖോ ഖോ ടെലിവിഷന്‍ പ്രീമിയറില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് രജിഷയുടെ കഥാപാത്രം. 2017ല്‍ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. രജിഷയ്‌ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്റര് പ്രദര്ശനം നിര്ത്തിവെക്കേണ്ടിവന്ന ചിത്രമാണിത്. അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം നിലവില്‍ ലഭ്യമാണ്. ആമസോണ്‍ പ്രൈം, സൈന പ്ലേ, സിംപ്ലി സൗത്ത്, ഫില്‍മി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ലഭ്യമാണ്.

vairamuthu

ചെന്നൈ: കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് തമിഴ് കവി വൈരമുത്തു. ഒഎന്‍വി പുരസ്‌കാരം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.വിവാദമുയര്‍ന്നതോടെ വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്‌കാരം പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചു.തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍്ന്നു. ഇതിനെ തുടര്‍ന്നാണ് പുരസ്‌കാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവര്‍ക്കായിരുന്നു മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.