പ്രിയദർശന്റെ ഹംഗാമ 2 ഒടിടി റിലീസിന്; സാറ്റ്‌ലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾക്കായി ഹോട്ട്‌സ്റ്റാർ ചിത്രത്തിന് നൽകിയത് കോടികളെന്ന് റിപ്പോർട്ട്

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചലച്ചിത്രം ഹംഗാമ 2 വിന്റെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങൾ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി. എന്റർടെയ്ൻമെന്റ് വെബ്‌സൈറ്റ് ആയ ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ റൈറ്റ്‌സ് ഇനത്തിൽ മാത്രം ഹോട്ട്‌സ്റ്റാർ ചിത്രത്തിന് നൽകിയത് 30 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.

പ്രിയദർശൻ എട്ട് വർഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഹംഗാമ 2. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് പരേഷ് റാവലും ശിൽപ ഷെട്ടിയും മീസാൻ ജാഫ്രിയുമാണ്. അക്ഷയ് ഖന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർത്താൽ 36 കോടി രൂപയോളം ഹംഗാമ 2 നായി ഹോട്ട് സ്റ്റാർ ചെലവഴിച്ചെന്നാണ് വിവരം.

മ്യൂസിക് റൈറ്റ്‌സ് ഉൾപ്പെടെയുള്ള മറ്റവകാശങ്ങൾ കൂടി ചേർത്താൽ ചിത്രത്തിന് ആകെ ലഭിച്ച വരുമാനം 45 കോടി രൂപയോളം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 30 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ഹംഗാമ 2. 2003 ൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് ഹംഗാമ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഹംഗാമ 2. 1984 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ പൂച്ചക്കൊരു മൂക്കൂത്തി ഹിന്ദിയിൽ പുന:സൃഷ്ടിച്ചതാണ് ഹംഗാമ എന്ന സിനിമ.