തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി പുറത്തിറക്കിയ ആപ്പായ പിഡബ്ല്യുഡി ഫോര്‍ യു വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി നിലവില്‍ വരും. ഡിജിറ്റലൈസേഷന് പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കും. ഇനി പൂര്‍ത്തിയാകാനുള്ള ഡിജിറ്റലൈസേഷന് ആറുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയും. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.

