Entertainment (Page 219)

ഒരു ആക്ഷന്‍ രംഗത്തില്‍ സംഭവിച്ച നഷ്ട്ടത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മുട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുമ്പോഴാണ് ഇടതുകാലിന്റെ ലിഗ്‌മെന്റ് പൊട്ടിയത് സംബന്ധിച്ച കാര്യങ്ങള്‍ മമ്മൂട്ടി പൊതു സമൂഹത്തോട് തുറന്നു പറഞ്ഞത്.

ഇടതുകാലിന്റെ ലിഗ്‌മെന്റ് 21 വര്‍ഷം മുന്‍പ് പൊട്ടിയതിനെ തുടര്‍ന്ന് വേദന സഹിച്ചാണ് ജീവിക്കുന്നതെന്നും, സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. ഓപ്പറേഷന്‍ ചെയ്ത് കാല്‍ വീണ്ടും ചെറുതായാല്‍ ആളുകള്‍ കളിയാക്കുമെന്നും അതുകൊണ്ടാണ് ചെയ്യാത്തതെന്നുമാണ് താരം പറയുന്നത്.

ഈ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നതെന്നും, ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും, അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പുഷ്പ റിലീസിന് ഒരുങ്ങുന്നു. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തുന്നു എന്നത് മലയാളി പ്രേക്ഷകരെയാകെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് ലഭിച്ച റെക്കോര്‍ഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ മലയാളികളുടെ യൂത്ത് സ്റ്റാര്‍ ആക്കി മാറ്റിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലുവിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അഴിമതിക്കാരനായ പോലീസുകാരന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും മുറ്റംസെട്ടി മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ യോ യോ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് പരാതി നല്‍കി ഭാര്യ ശാലിനി തല്‍വാര്‍. ഹണി സിങ് ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയിരിക്കുന്നത്.

ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പ്രതിമാസം 4 കോടി രൂപയോളം വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് ശാലിനി തല്‍വാര്‍ പറയുന്നു.

മാത്രമല്ല, നിരവധി സ്ത്രീകളുമായി ഹണി സിങ് ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 20 കോടി രൂപയാണ് ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഓഗസ്റ്റ് 28നകം ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നാണ് ഹണി സിങ്ങിനോട് കോടതി അറിയിച്ചിരിക്കുന്നത്.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ നീക്കം നടത്തിയതായി പോലീസ്. കുന്ദ്ര അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെന്നും പോലീസിന് ഇത് നോക്കിനില്‍ക്കാനാവില്ലെന്നും കുന്ദ്ര ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ പോലീസ് വ്യക്തമാക്കി.

കസ്റ്റഡിയില്‍ എടുക്കുന്നതിനു മുന്‍പു ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയില്ലെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണു കുന്ദ്ര വാദിച്ചത്. എന്നാല്‍ കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ അറസ്റ്റ് അനിവാര്യമായിരുന്നു എന്നാണ് പോലീസ് നിലപാട്.

അശ്ലീല വിഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായി കുന്ദ്രയുടെ കമ്പനിയിലെ 4 ജീവനക്കാര്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കോടതിയെ പോലീസ് അറിയിച്ചു.

മാത്രമല്ല, കുന്ദ്ര തന്റെ ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നെന്നും ലാപ്ടോപ്പില്‍ നിന്ന് 61 അശ്ലീല വീഡീയോകള്‍, അശ്ലീല ചിത്രത്തിന്റെ തിരക്കഥ, ഡിജിറ്റല്‍ സ്റ്റോറേജില്‍ 51 അശ്ലീല വീഡിയോകള്‍ എന്നിവ കണ്ടെടുത്തതായും പോലീസ് ചൂണ്ടിക്കാട്ടി.

കേസിലെ മറ്റു കുറ്റാരോപിതരുമായി ചാറ്റ് ചെയ്തിതുന്ന വാട്സാപ് ഗ്രൂപ്പും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ‘ഹോട്ഷോട്സ്’ ആപ്പിന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പവര്‍ പോയിന്റ് പ്രസന്റേഷനും കുന്ദ്രയുടെ ഫോണില്‍ നിന്നു കണ്ടെടുത്തതായും പോലീസ് കോടതിയെ അറിയിച്ചു. ഇതിനു പുറമേ കുന്ദ്രയുടെ ബ്രൗസിങ് ഹിസ്റ്ററി, ഇമെയിലുകള്‍ എന്നിവയും കണ്ടെടുത്ത സാഹചര്യത്തില്‍ അറസ്റ്റില്‍ അപാകതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇംഫാല്‍: ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ ധാരണപത്രത്തില്‍ ചാനുവിന്റെ ടീം ഒപ്പുവച്ചു.

മണിപ്പൂരി ഭാഷയിലാണ് ചിത്രീകരണം നടത്തുക. എന്നാല്‍, ഇംഗ്‌ളീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും.

ശ്രുതി ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും.

ഇതിനായി, ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായി മാറിയത്.

ഉലകനായകനോടൊപ്പം അഭിനയിക്കാനൊരുങ്ങി കാളിദാസ് ജയറാം. ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലാണ് കമല്‍ ഹാസനൊപ്പം കാളിദാസ് ജയറാം അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ കമല്‍ഹാസനോടൊപ്പം നില്‍ക്കുന്ന ചിത്രം കാളിദാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വിക്രം’. കമലഹാസന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ നരേനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഗിരീഷ് ഗംഗാധരനാണ് വിക്രത്തിന്റെ ഛായഗ്രഹകന്‍. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ, ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ ആരംഭിച്ചിരുന്നു. 2022ല്‍ വിക്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

കൊച്ചി: അഫ്ഗാന്‍ ഹാസ്യനടനായ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ കേരളം പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.

ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി, ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍, ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു, പ്രതികരിക്കു സാസ്‌കാരിക കേരളമേ, ഇങ്ങിനെ വണ്‍സൈഡ് മനുഷ്യസ്‌നേഹികളായി മനുഷ്യസ്‌നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കു, ശങ്കരാടി ചേട്ടന്‍ പറഞ്ഞതു പോലെ ”ഇച്ചിരി ഉളുപ്പ്” ബാക്കിയുണ്ടെങ്കില്‍ മാത്രം എന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യതാരം നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നസറിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എല്ലാ വിഷയങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന കേരളത്തിലെ കലാകാരന്മാര്‍ ആരും തന്നെ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.

പൃഥ്വിരാജ് നായകനായെത്തുന്ന ‘കുരുതി’ ഓണച്ചിത്രമായി ഡയറക്റ്റ് ഒടിടി റിലീസിന്.

മനു വാര്യര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11-ന് പ്രദര്‍ശനത്തിനെത്തും.

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കുരുതി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി.

റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിലാണ് ഒടിടി റിലീസ് തീരുമാനിച്ചത്.

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാഭ്യാസമന്ത്രിയെ ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.

‘കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ.’ എന്ന് നിയമസഭ ഇരിപ്പിടങ്ങളില്‍ കയറി അക്രമിക്കാനൊരുങ്ങുന്ന ശിവന്‍കുട്ടിയുടെ ചിത്രത്തിന് അടിക്കുറിപ്പോടെയാണ് ജോയ് മാത്യു പങ്കുവെച്ചിരിക്കുന്നത്.

ശിവന്‍കുട്ടിയുടെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം.

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ച് നിർമ്മാതാവ് ജി സുരേഷ്. കണ്ണൂരിൽ പ്രവർത്തിച്ചിരുന്ന ലേബർ വെൽഫെയർ കമ്മീഷണറുടെ ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനായുള്ള ഇടപെടൽ നടത്തിയതിനാണ് ജി സുരേഷ് സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തിരുവനന്തപുരത്തു പ്രവർത്തനമാരംഭിച്ച ലേബർ വെൽഫയർ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവർത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. 2014-ൽ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം സുരേഷ്‌ഗോപിയുടെ നിരന്തര ശ്രമഫലമായാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മർദ്ദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വാക്കുകൾ കൊണ്ടു നന്ദി പറയുവാനാകില്ല. കണ്ണൂരിൽ പ്രവർത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുൾപ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സിനി വർക്കേഴ്‌സ് വെൽഫയർ ഫണ്ട് (cwwf) ചലച്ചിത്രപ്രവർത്തകരുടെ ക്ഷേമത്തിനായി കേന്ദ്രഗവൺമെന്റിന്റെ തൊഴിൽ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്. ‘ കണ്ണൂർ കാർഡ് ‘ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെൻസറി വെൽഫയർ കമ്മീഷണറുടെ ഓഫീസിനു കീഴിൽ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവർത്തിച്ചുവരുകയായിരുന്നു. അടുത്ത കാലത്ത് ഡിസ്‌പെൻസറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു. ഇന്ത്യയിൽ തലസ്ഥാന നഗരിയിലല്ലാതെ പ്രവർത്തിക്കുന്ന രണ്ടേ രണ്ടു വെൽഫയർ കമ്മീഷണർ ഓഫീസുകളേയുള്ളു. ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇപ്പോൾ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കേരളം വെൽഫയർ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് കണ്ണൂരേയ്ക്കു പോവണ്ട. മെമ്പർഷിപ്പിന് അപേക്ഷ നൽകി കാർഡിനായി കാലങ്ങൾ കാത്തിരിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നൂലാമാലകളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ അർഹരായവർക്കു ഇനി എളുപ്പത്തിൽ ലഭ്യമാകും. അഞ്ചു വർഷമായി മുടങ്ങിപ്പോയ സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്കു കിട്ടിത്തുടങ്ങും. അടുത്തിടെ കേന്ദ്രഗവൺമെന്റ് നിർത്തലാക്കുന്നതിനു മുമ്പു വരെ ഹൗസിംഗ് സ്‌കീമിനായി അപേക്ഷിച്ചവർക്കും അനുകൂല തീരുമാനങ്ങളുണ്ടാകും. ചലച്ചിത്രപ്രവർത്തകരുടെ നിരവധി ക്ഷേമാനുകൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും അറിയുവാനും വെൽഫയർ കമ്മീഷണർ ഓഫീസ് കൈയെത്തും ദൂരത്തെത്തിക്കഴിഞ്ഞു. ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി നിരന്തരം പ്രവർത്തിച്ച സുരേഷ് ഗോപിയെ ഒരിക്കൽക്കൂടി എല്ലാ കലാകാരന്മാരുടെയും സന്തോഷം അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.