അഭിനയ ദേവത നടി ജയന്തി വിടവാങ്ങി . . . !

ബംഗളൂരു: ഇന്ത്യന്‍ സിനിമയില്‍ അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട മുതിര്‍ന്ന നടി ജയന്തി (76) വിടവാങ്ങി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയുടെ അന്ത്യം ബംഗളൂരുവിലെ വസതിയില്‍വെച്ചായിരുന്നു.

1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. എന്‍.ടി. രാമറാവു, ജെമിനി ഗണേശന്‍, എം.ജി.ആര്‍, രാജ്കുമാര്‍, രജനികാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കന്നഡയില്‍ അഭിനയ ദേവത എന്നാണ് ജയന്തി അറിയപ്പെടുന്നത്.

പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയപ്പെട്ട താരമായിരുന്നു ജയന്തി. ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നടിയെ തേടി എത്തിയിരുന്നു.