Entertainment (Page 216)

ന്യൂയോര്‍ക്: അഫ്ഗാന്‍ വിഷയത്തില്‍ പ്രതികരണവുമായി ഹോളിവുഡ് നടിയും സംവിധായകയുമായ ആഞ്ജലീന ജോളി. അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്.

അഫ്ഗാനിലെ പലര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും, അവര്‍ക്ക് വേണ്ടിയാണ് ഇത് പങ്കുവയ്ക്കുന്നതെന്നും ആഞ്ജലീന ജോളി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടിയുടെ കത്തിന് പുറമേ പ്രശസ്ത ഫോടോഗ്രാഫര്‍ ലിയന്‍സി ബില്ലിംഗ് എടുത്ത അഫ്ഗാന്‍ സ്ത്രീകളുടെ ചിത്രങ്ങളും ആഞ്ജലീന ജോളി പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം;

‘സെപ്തംബര്‍ 11 ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഞാനുണ്ടായിരുന്നു, അന്ന് അഫ്ഗാനിസ്താനില്‍ താലിബാനില്‍ നിന്നും രക്ഷപ്പെട്ട് നിരവധി അഭയാര്‍ഥികള്‍ അവിടെ എത്തിയിരുന്നു, അത് പോലെ തന്നെ 20 കൊല്ലത്തിനിപ്പുറവും സംഭവിക്കുന്നു. ഇത്രയും കാലം വലിയോതില്‍ പണവും സമയവും മുടക്കിയതും രക്തച്ചൊരിച്ചലുണ്ടായതും ഇതിന് വേണ്ടിയാണോ? ഈ പരാജയം മനസിലാക്കാന്‍ കഴിയുന്നില്ല.

വളരെ കഴിവുള്ള അഫ്ഗാന്‍ അഭയാര്‍ഥികളെ ഒരു ഭാരം കണക്കെ കാണുന്നത് ശരിയല്ല. അവര്‍ക്ക് ആവശ്യമുള്ള സഹായമുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം അവര്‍ ചെയ്യുമായിരുന്നു. അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല. അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്. മുന്നോട്ട് വന്ന ചിലരെ പോലെ ഞാന്‍ പിന്മാറില്ല. ഞാനവരെ സഹായിക്കും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു.’

ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ചെന്നൈയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു.

വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളില്‍ ഇടക്കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു ചിത്ര.

രാജപാര്‍വൈയാണ് താരത്തിന്റെ ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു നടി. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്.

നടിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി താരങ്ങള്‍ ദുഖമറിയിച്ചിട്ടുണ്ട്.

യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയതിനു പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിലേക്ക് തിരിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വിദേശയാത്ര നടത്തുന്നത്.

കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം വിദേശയാത്രകള്‍ ഒഴിവാക്കിയിരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.

നേരത്തെ, കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് താരത്തിന്റെ ദുബായ് യാത്ര.

എറണാകുളം: താരസംഘടനയായ ‘അമ്മ’യുടെ ഓണാഘോഷത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സാമൂഹ്യഅകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയുമുള്ള താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ വിമര്‍ശനം അറിയിച്ചിരിക്കുന്നത്.

‘സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ… കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും… മച്ചാനത് പോരെ…’, എന്നാണ് ബിന്ദു കൃഷ്ണയുടെ കുറിപ്പ്.

കൊച്ചിയിലെ താരസംഘടനയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.

അക്ഷയ് കുമാര്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘ബെല്‍ബോട്ട’ത്തിന്റെ വ്യാജപതിപ്പ് റിലീസ് ദിനത്തില്‍ തന്നെ ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്ഡി നിലവാരമുള്ള പ്രിന്റുകള്‍ പല പൈറേറ്റഡ് സൈറ്റുകളിലൂടെ പുറത്തായിട്ടുണ്ട്.

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ബെല്‍ബോട്ടം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു തിയറ്റര്‍ ഉടമകള്‍ സിനിമയ്ക്കായി കാത്തിരുന്നത്. ഇതിന് അടിയായാണ് ഇപ്പോള്‍ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊല്‍ക്കത്ത: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായിക സോയ അക്തറിന്റെ സിനിമയിലൂടെ സുഹാന സിനിമാ തുടക്കം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ആര്‍ച്ചി’ എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ചിത്രം. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന് വേണ്ടിയായിരിക്കും ചിത്രം ഒരുക്കുന്നത്.

ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാന തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ, ലണ്ടനില്‍ നടന്ന ഒരു ‘റോമിയോ ആന്‍ ഡ് ജൂലിയറ്റ്’ നാടകത്തിലും ‘ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്. തിയഡോര്‍ ഗിമെറോ സംവിധാനം ചെയ്ത ഈ പത്ത് മിനിറ്റ് ഷോര്‍ട്ട് ഫിലിമിലെ അഭിനയം സുഹാനയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

ദുബായ്: മലയാളികളുടെ അഹങ്കാരമായ സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ച് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ. മലയാള സിനിമാ താരങ്ങള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രമുഖര്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങള്‍ക്ക് മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുണ്ടെങ്കിലും മലയാളതാരങ്ങള്‍ക്ക് ആദ്യമായാണ് ഇങ്ങനൊരു ആദരവ് ലഭിക്കുന്നത്.

യു എ ഇയുടെ ദീര്‍ഘകാല താമസ വിസയാണ് ഗോള്‍ഡന്‍ വിസ. പത്തുവര്‍ഷമാണ് ഈ വിസയുടെ കാലാവധി. അടുത്ത ദിവസങ്ങളില്‍ ഇരുവരും ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പെടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

കൊച്ചി: സംഭവബഹുലമായ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ആസ്പദമാക്കി ചിത്രീകരിച്ച മരട് 357 ന്റെ പേര് മാറ്റാന്‍ കോടതി ഉത്തരവ്. മാര്‍ച്ച് മാസം 19 ന് തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവേയാണ് എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയെടുത്തത്. തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു.

ചിത്രത്തിന്റെ 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ കോടതി വിധി വന്നിരിക്കുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357 എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി – ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായും അറിയിച്ചു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

കൊച്ചി: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി താരസംഘടന അമ്മയും. പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അമ്മ ടാബുകള്‍ വിതരണം ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ നല്‍കിയത്.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്താണ് മൊബൈല്‍ റീറ്റെയ്ല്‍ കമ്പനിയായ ‘ഫോണ്‍ 4’ മായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് ചടങ്ങു നടന്നത്. അമ്മ സംഘടന പ്രസിഡന്റായ മോഹന്‍ലാലാണ് ടാബുകള്‍ വിതരണം ചെയ്തത്.

കൂടാതെ, ‘അമ്മയുടെ’ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഉത്ഘാടനവും, മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയെ ആദരിക്കലും സംഘടനയുടെ ഓണാഘോഷവും നടന്നു.

മലയാള ചിത്രമായ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ കോടതി സ്റ്റേ ചെയ്തു. ഡിസ്ട്രിക്ട് ജഡ്ജ് 5 കോടതിയാണ് തെലുങ്ക് അടക്കമുള്ള അന്യഭാഷ റീമേക്കുകള്‍ തടഞ്ഞുകൊണ്ടുളള ഉത്തരവിട്ടത്.

തങ്ങളുടെ അനുവാദമില്ലാതെയാണ് അന്യഭാഷകളിലേക്കുള്ള ചിത്രത്തിന്റെ പകര്‍പ്പവകാശം വിറ്റത് എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സഹരചയിതാക്കളില്‍ ഒരാളായ സുദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇതേ കാരണം ഉന്നയിച്ച് സഹരചയിതാവായ നിഖിലും കോടതിയെ സമീപിച്ചിട്ടുണ്ട്.

യുവതാരങ്ങളായ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നടി അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.