Entertainment (Page 217)

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലുഅര്‍ജുനും യുവതാരം ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പയുടെ സംഘട്ടന രംഗവും ചോര്‍ന്നു. അല്ലു അര്‍ജുന്‍ വില്ലന്‍മാരെ ഇരുമ്പ് കസേര കൊണ്ട് അടിക്കുന്ന പുഷ്പയിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന പുഷ്പയിലെ ആദ്യ ഭാഗത്തിലെ ചില രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

നേരത്തെ, ചിത്രത്തിലെ ആദ്യ ഗാനം ചോര്‍ന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍, പുഷ്പയുടെ നിര്‍മ്മാതാക്കളായ മൈത്രീ മൂവീ മേക്കേഴ്‌സ് സൈബര്‍ ക്രൈം പോലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകന്‍. രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക.

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ ഗാനം പുറത്തായ സംഭവത്തില്‍ പരാതി നല്‍കി അണിയറ പ്രവര്‍ത്തകര്‍.

പുഷ്പയുടെ മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതില്‍ ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണെന്ന് സംഭവത്തില്‍ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പ്രതികരിച്ചു.

അതിനാല്‍ തന്നെ വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും, സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു.

മാത്രമല്ല, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ടെന്നും, പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ആരാധകര്‍ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയിലെ ഗാനം കഴിഞ്ഞദിവസമായിരുന്നു പുറത്തായത്.

ബിഗ് ബജറ്റ് മലയാള ചിത്രം മാമാങ്കത്തിനു ശേഷം മമ്മൂട്ടിയും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തി വേണു കുന്നപ്പിള്ളി ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിര്‍മാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാലും, മെഗാസ്റ്റാറിന്റെ മറ്റൊരു ബിഗ്ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് ആന്റോ ജോസഫ് നല്‍കിയിരിക്കുന്നത്.

2019ലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. വലിയ വിവാദങ്ങള്‍ക്കു ശേഷം എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്‌ലാന്‍, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, സുദേവ് നായര്‍, കനിഹ, അനു സിത്താര, ഇനിയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ബ്‌ളോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്.

ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമേ തുടര്‍ സീനുകള്‍ ചിത്രീകരിക്കുകയുള്ളൂ. ലൂസിഫറിന്റെ സംഘട്ടനം സംവിധാനം ചെയ്ത സില്‍വയാണ് തെലുങ്ക് പതിപ്പിന്റെയും ആക്ഷന്‍ മാസ്റ്റര്‍.

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ്ഷ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എന്‍. തമന്‍ സംഗീതം ഒരുക്കുന്നു. ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യദേവ് ആണ് മറ്റൊരു പ്രധാന താരം. ചിരഞ്ജീവിയുടെ 153-ാം ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ ഉള്‍പ്പെടെ എല്ലാരംഗവും തുറക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെങ്കിലും ജനങ്ങളുടെ ജീവിത സുരക്ഷ കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്ന് സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍, ഓണത്തോടനുബന്ധിച്ച് തിയേറ്ററുകള്‍ തുറന്നേക്കില്ലെന്നും, ടി.പി.ആര്‍ കുറയാതെ തിയേറ്റര്‍ തുറന്നാല്‍ അത് വലിയ അപകടമാകും, എന്തെങ്കിലും ഭേദഗതി വരുത്താന്‍ കഴിയുമോയെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ റിലീസ് കാത്തിരുന്ന ചിത്രങ്ങളൊക്കെയും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണിപ്പോള്‍.

കൊച്ചി: സിനിമാ ലോകത്ത് അരനൂറ്റാണ്ട് പിന്നിട്ട നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് മന്ത്രി ആശംസ അറിയിച്ചത്.

സന്ദര്‍ശനവേളയിലെ ചിത്രം പങ്കുവെച്ച് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട മമ്മൂട്ടി.. അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം, എന്ന് ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചു.

നേരത്തെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രന്‍ മമ്മൂട്ടിയെ ആദരിച്ചത്.

കൊച്ചി: പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന സംവിധായകന്‍ ഒമര്‍ ലുലുവിന് നേരെ വിമര്‍ശനങ്ങളുടെ പെരുമഴ. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രത്തിനൊപ്പം തന്റെ ഫേസ്ബുക്കിലാണ് ഒമര്‍ പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.

എന്നാല്‍, പോസ്റ്റിനു നേരെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപ കമന്റുകളുടെ പ്രവാഹവുമാണ് ഒഴുകിയെത്തുന്നത്.

പാക്കിസ്ഥാനിലേക്ക് വിട്ടോളൂ എന്നാണ് കമന്റുകളില്‍ അധികവും. നമ്മുടെ രാജ്യം വെട്ടിമുറിച്ചു നമ്മുടെ പട്ടാളക്കാരെ കൊന്ന നമ്മള് തകരണം എന്ന് മാത്രം ആശിക്കുന്നവരെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണമെന്നായിരുന്നു പോസ്റ്റിനു താഴെ വന്ന മറ്റൊരു കമന്റ്. തന്റെ പടം ഇനി പാക്കിസ്ഥാനില്‍ റിലീസ് ചെയ്താല്‍ മതി അവരും അനുഭവിക്കട്ടെ എന്നാണ് ഒരാള്‍ പരിഹസിക്കുന്നത്.

ഒമര്‍ ലുലുവിനെ അധിക്ഷേപിക്കുന്ന ഭൂരിപക്ഷം കമന്റുകള്‍ക്കിടയിലും ചിലര്‍ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനായും ആശംസകള്‍ നേരുന്നുണ്ട്. പാക്കിസ്ഥാന്‍ സഹോദരങ്ങളിലെ നന്മകള്‍ തിരിച്ചറിഞ്ഞ പ്രവാസികളാണ് ആശംസകള്‍ അറിയിക്കുന്നതില്‍ ഭൂരിഭാഗവും.

കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയ്ക്കു പ്രദര്‍ശന അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നു ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സിനിമയുടെ പേര് മതവികാരം വൃണപ്പെടുത്തുന്നതാണെന്നാരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യന് അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. ‘ഈശോ – ബൈബിളുമായി ബന്ധമില്ലാത്തത് ‘ എന്ന് ചിത്രത്തിന്റെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല്‍തന്നെ ഹര്‍ജി നിലനില്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സിനിമയ്‌ക്കെതിരെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും വിവാദത്തെ എതിര്‍ത്തു ക്രൈസ്തവ വൈദികര്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്ന നിലപാടായിരുന്നു സംവിധായകന്‍ നാദിര്‍ഷയും സ്വീകരിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസില്‍ സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത്. കേസിലെ 34-ാം സാക്ഷി കാവ്യയുടെ മൊഴികള്‍ കേസില്‍ ഭര്‍ത്താവായ ദിലീപിനു നിര്‍ണായകമാണ്.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ദിലീപിനു ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കൂടെ കാവ്യയുമുണ്ടായിരുന്നെന്ന മൊഴിയെ തുടര്‍ന്നായിരുന്നു കാവ്യയെയും സാക്ഷിയാക്കിയത്.

2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 300 ഓളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയാക്കാനുള്ളത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.

കിഴക്കമ്പലം: ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് നടന്‍ മോഹന്‍ലാല്‍.

എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്നും, നേരത്തെ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മാത്രമല്ല, നിലവില്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.

നടന്‍ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. കിഴക്കമ്പലത്തെ ശ്രീജേഷിന്റെ വീട്ടില്‍ എത്തിയാണ് താരം അഭിനന്ദിച്ചത്.