Entertainment (Page 215)

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ഈശോ സിനിമയ്ക്ക് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കും മുന്‍പ് തന്നെ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈശോ സിനിമയുടെ പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ അപേക്ഷ ഫിലിം ചേംബര്‍ തള്ളിയത്.

ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്നും ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ലെന്നതടക്കമുള്ള സാങ്കേതിക കാരണങ്ങളും ചേംബര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദമടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്നും ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

നേരത്തെ, ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദൈവത്തിന്റെ പേര് നല്‍കി എന്ന കാരണത്താല്‍ സിനിമ നിരോധിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

noushaad

തിരുവല്ല: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ എം വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാദം മൂലം മരണമടഞ്ഞത്. നഷ്വ ഏക മകളാണ്.

നിരവധി ഹിറ്റ് സിനിമകളുടെ നിര്മാതാവാണ് നൗഷാദ്. സംവിധായകന്‍ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ കുക്കറി ഷോകളുടെ അവതാരകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചെന്നൈ: യുവതാരം ആര്യയുടെ പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായതോടെ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് താരം. തുറന്നു പറയാനാകാത്ത തരത്തിലുള്ള മാനസികാഘാതമാണ് താന്‍ അനുഭവിച്ചതെന്നും തന്നെ വിശ്വസിച്ച് കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും ആര്യ അറിയിച്ചു.

ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് നടന്റെ പേരില്‍ തട്ടിപ്പിനിരയായത്. വിവാഹവാഗ്ദാനം നല്‍കി 70 ലക്ഷത്തോളം രൂപയാണ് യുവതിയില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്തത്. യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസില്‍ ആര്യയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

പ്രശസ്തി മുതലെടുത്ത് ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യത നടന്‍ ചൂണ്ടിക്കാണിക്കുകയും ആ രീതിയില്‍ അന്വേഷണം തുടരുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മൂന്ന് വര്‍ഷത്തോളമാണ് നടന്റെ പേരില്‍ പ്രതികള്‍ യുവതിയെ പറ്റിച്ചത്. ഇതിനിടെയാണ് ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെന്നൈ സ്വദേശികളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

മുംബൈ: മതിയായ രേഖകളില്ലാതെ എത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കി ആദരിക്കുമെന്ന് സേന. ഉദ്യോഗസ്ഥന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയെ പാരാമിലിറ്ററി ഫോഴ്സ് പ്രശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിഐഎസ്എഫിന്റെ പ്രതികരണം.

എന്നാല്‍, സംഭവത്തില്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന പ്രചരണവും സിഐഎസ്എഫ് തള്ളി. ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായി ട്വിറ്ററില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തൊഴിലിനോടുള്ള അത്മാര്‍ത്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

മതിയായ രേഖകളില്ലാതെ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ച സല്‍മാന്‍ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന്‍ നടനോട് സെക്യുരിറ്റി ചെക്ക്‌പോയന്റില്‍ നിന്നും ക്ലിയറന്‍സ് കൈപ്പറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘ടൈഗര്‍ 3’ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സല്‍മാന്‍ ഖാന്‍ റഷ്യയിലേക്ക് പോകാനായി മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സല്‍മാന്‍ ഖാനെ തടഞ്ഞുവെക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയോട് തിരിച്ചുവരുമോ എന്ന് ചോദിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ടീച്ചര്‍ മൂന്ന് ശതമാനത്തിലേക്ക് എത്തിച്ച സ്‌ക്കൂളിന്റെ തോല്‍വി വീണ്ടും പത്തൊമ്പതില്‍ എത്തിയിട്ടുണ്ടെന്നും, ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് വ്യാപനം അനിയന്ത്രിന്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസവും ഹരീഷ് പേരടി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ടീച്ചര്‍ നിങ്ങള്‍ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്‌കൂളിന്റെ തോല്‍വി വിണ്ടും 19% ത്തിലേക്ക് എത്തി. മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി. ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്‌കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്‌കൂളിനെ സ്‌നേഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി.

ഹൈദരാബാദ്: ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലന്‍ താരം റാണാ ദഗ്ഗുബാട്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. റാണയും, താരസുന്ദരി രാകുല്‍ പ്രീത് സിങ്ങുമുള്‍പ്പടെ തെലുങ്കു സിനിമ ഇന്‍ഡസ്ട്രിയിലുള്ള 12 പേരെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും, റാണയോട് എട്ടിനും, നടന്‍ രവി തേജയോട് ഒന്‍പതിനും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-ന് ഹാജരാകണം. അതേസമയം ഇവരെയാരെയും ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.

നേരത്തെ, മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ല്‍ തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: തമിഴ് ഹാസ്യതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കൊവിഡ് വാക്സീന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 17നാണ് വിവേക് അന്തരിച്ചത്.

വിഴുപരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വാക്സീനെടുത്തതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നു ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ, കൊവിഡ് വാക്സീന്‍ സ്വീകരിച്ചതാണു വിവേകിന്റെ മരണകാരണമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ പ്രചരണവുമായി രംഗത്തുവന്നിരുന്നു.

ബോക്സോഫീസ് തകര്‍ത്തെറിഞ്ഞ പൃത്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായി മലയാളതാരം ബിജുമേനോന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിവേക് ഒബ്റോയി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായിരിക്കും ബിജുമേനോന്‍ കൈകാര്യം ചെയ്യുക. മൂവീസ് അപ്ഡേറ്റ്സിന്റെ ട്വീറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഗോഡ്ഫാദര്‍’ എന്ന്് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണെത്തുന്നത്. പ്രിത്വിരാജിന്റെ അതിഥി താരം റോള്‍ ചെയ്യുന്നത് ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാനാണ്. മോഹന്‍രാജയാണ് സംവിധാനം.

ബോക്‌സോഫീസുകള്‍ തകര്‍ത്തുവാരി സിനിമാപ്രേമികള്‍ക്കിടയില്‍ രോമാഞ്ചമായി മാറിയ കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഇപ്പോഴിതാ, കെജിഎഫ് 2വിന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2022 എപ്രില്‍ 14ന് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുമെന്നാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നായകനായ യഷ് ആണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. മലയാളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുളള കഥയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം എന്നാണ് അറിയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ് 2വിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലവട്ടം ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പിന്റെ പേര് പരസ്യപ്പെടുത്തി. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന് ഗോഡ്ഫാദര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. തെലുങ്കില്‍ മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് നായികയായി എത്തുന്നത്.

കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും എസ് തമന്‍ സംഗീതവും കൈകാര്യം ചെയ്യുന്നു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു.