രാജമൗലി ചിത്രങ്ങള്‍ക്കായി ഇന്ത്യന്‍ സിനിമ ലോകം വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. രുധിരം, രണം, രൗദ്രം, എന്നാണ് ചിത്രത്തിന്റെ പൂര്‍ണ്ണമായ പേര്. രാംചരണും, ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. നടിയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണിത്. അജയ് ദേവ് ഗണ്ണും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ചരിത്രവും ഫിക്ഷനും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കുന്നത്. 2022 ജനുവരി 7 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് സംവിധായകന്‍ മനസ് തുറക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് കൊണ്ട് സിനിമ ചെയ്യാത്തിന്റെ കാരണവും സംവിധായകന്‍ പറയുന്നുണ്ട്.
‘തന്റെ സിനിമക്ക് കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കംു വിധമുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ പ്രതീക്ഷിക്കാം.’ – ചോദ്യത്തിന് ഉത്തരമായി രാജമൗലി പറഞ്ഞു.

