രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ്. മമ്മൂട്ടി ചിത്രമായ സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ പത്തിനാണ് സിനിമയുടെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്. മലയാള കുറ്റാന്വേഷണ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ സിനിമകളാണ് എസ്.എന്‍. സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലുള്ള അഞ്ച് സിനിമകളും.
മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യറായി എത്തുമ്പോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.ബി.ഐ സീരിസിലെ എല്ലാ ഭാഗങ്ങളിലും സേതുരാമയ്യരുടെ സഹായിയായി ഉണ്ടായിരുന്ന വിക്രം എന്ന കഥാപാത്രത്തെ അഭിനയിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തിലും ഉണ്ടാകും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1988-ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മുതലാണ് സിബിഐ സീരീസ് സിനിമകള്‍ തുടങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ. (2004), നേരറിയാന്‍ സി.ബി.ഐ. (2005) തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങി. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം വരുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ ചര്‍ച്ചയായ പ്രമേയം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് എസ്.എന്‍. സ്വാമി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

