മലയാളത്തിലെ യുവനടന്മാരില് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഈ അടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ ലും ഭാസിപ്പിള്ളയായി മികച്ച പ്രകടനമാണ് ഷൈന്‍ കാഴ്ച വച്ചത്. സംവിധായകന് ഭദ്രന് കഴിഞ്ഞ ദിവസം ഷൈനിന്റെ അഭിനയത്തെ കുറിച്ച് പുകഴ്ത്തിയിരുന്നു. ‘മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന് ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ എന്ന് ഷൈനിന്റെ അഭിനയത്തെ കുറിച്ച് ഭദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈനിനെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും. ‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന് എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന് എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന,’ മുരളി ഗോപിയുടെ വാക്കുകള്‍.
നവംബര്‍ 12ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘കുറുപ്പ്’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലും എത്തിയിരുന്നു. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കുറുപ്പിന്റെ സുഹൃത്ത് ഭാസിപ്പിള്ള ആയാണ് ഷൈന്‍ എത്തുന്നത്.

