തിയേറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് എത്തുന്നത് തടയാനുള്ള നിയമസംവിധാനം കൊണ്ടുവരേണ്ടതുണ്ടെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലക്ക് വന്‍ ഭീഷണിയാണെന്നും ബേസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ട്.”
ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ സാജിദ് യഹിയയും ആവശ്യപ്പെട്ടു. ‘ഒരു ഗ്രൂപ്പില്‍ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളില്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാന്‍ ശ്രമിച്ചാലും ഫലമുണ്ടാകില്ല. ഈ ആപ്പ് ബാന്‍ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ വേറെ വഴിയില്ല.’- സാജിദ് പറഞ്ഞു.

