പാട്ടിന് ഏറെ പ്രാധാന്യം കൊടുത്ത് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് ഇതിനകം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞു. പിന്നീട് ഇറങ്ങിയ രണ്ട് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പ്രണവിന്റെ അഭിനയത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ അഭിനയത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നത്. ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് പ്രണവിനും ലഭിച്ചിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.
വിനീതിന്റെ വാക്കുകള്‍
‘നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്. അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്‌ബോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ്’.