തിയേറ്ററുകളില്‍ മികച്ച ആരവമുണ്ടാക്കിയതിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ ചിത്രം കണ്ട് ആവേശത്തോടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ഇത് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്’…കൊള്ളാം.. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലില്‍ ആണ്. ഇത്തരത്തില്‍ ആദ്യ സംഭവമാണ്. പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റുമാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍, ഞാന്‍ മൂന്ന് മണിക്കൂറുള്ള സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, ശബ്ദം കൂടാതെ എല്ലാവരിലും മികച്ച അഭിനയം…എല്ലാവരും മിടുക്കരായിരുന്നു. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കുമെന്നും പ്രതാപ് പോത്തന്‍ എഴുതുന്നു.
തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു. പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പില്‍. രണ്ടുപേരും എന്നെ സ്പര്‍ശിച്ചു.
എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം, ഇതിനകം തന്നെ അവള്‍ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുന്‍വിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാമെന്നും പ്രതാപ് പോത്തന്‍ എഴുതുന്നു.

